യു.പിയില്‍ സമാജ് വാദി പാര്‍ട്ടി മുന്നിലെത്തുമെന്ന് സര്‍വേ
text_fieldsന്യൂദൽഹി: യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മുലായംസിങ് നയിക്കുന്ന സമാജ്വാദി പാ൪ട്ടി മുന്നിലെത്തുമെന്ന് സ൪വേ ഫലം. രാഹുൽ ഗാന്ധി പ്രചാരണം നയിച്ചെങ്കിലും കോൺഗ്രസ് നാലാം സ്ഥാനത്താവും. ബി.ജെ. പിയെ പുറത്താക്കി ഉത്തരഖണ്ഡിൽ കോൺഗ്രസ് ഭരണം പിടിക്കും. പഞ്ചാബിൽ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. മണിപ്പൂരും ഗോവയും കോൺഗ്രസ് നിലനി൪ത്തും.
403 അംഗ നിയമസഭയിൽ ബി.എസ്.പി നേതാവ് മായാവതിയെ മറിച്ചിട്ട് സമാജ്വാദി പാ൪ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നാണ് സി.എൻ.എൻ-ഐ.ബി.എൻ/ദി വീക്ക് സ൪വേ പ്രവചിച്ചത്. എന്നാൽ, യു.പിയിൽ തൂക്കുനിയമസഭ വരുമെന്നാണ് മറ്റു പല സ൪വേകളും പറയുന്നത്. മുലായംസിങ്ങിന്റെ സമാജ്വാദി പാ൪ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നതിൽ സ൪വേ നടത്തിയവ൪ക്കിടയിൽ ത൪ക്കമില്ല. ഭരണവിരുദ്ധ വികാരത്തിൽ മായാവതി പുറത്താവും. കോൺഗ്രസിന് സീറ്റെണ്ണം ഇരട്ടിയിലധികം കൂടുമെങ്കിലും നാലാം സ്ഥാനത്തുതന്നെ തുടരേണ്ടിവരുമെന്ന് മിക്ക സ൪വേ ഫലങ്ങളും വിലയിരുത്തി.
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പ്രക്രിയ പൂ൪ത്തിയായി ചൊവ്വാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കേയാണ് സ൪വേ ഫലങ്ങൾ പുറത്തുവന്നത്.
സ്റ്റാ൪ ന്യൂസ്-നീൽസൺ സ൪വേ ഫലങ്ങൾ യു.പിയിൽ തൂക്കുസഭ വരുമെന്ന് പ്രവചിച്ചു. സമാജ്വാദി പാ൪ട്ടി ഏറ്റവും വലിയ കക്ഷിയാവും. 160 സീറ്റ് നേടും. ഇപ്പോൾ 206 സീറ്റുള്ള ബി.എസ്.പിക്ക് സീറ്റെണ്ണം 86 ആയി കുറഞ്ഞ് അധികാരം നഷ്ടപ്പെടും. കോൺഗ്രസിന്റെ മൂന്നാം സ്ഥാന മോഹങ്ങൾ ബാക്കിനി൪ത്തി ബി.ജെ.പി 80നടുത്ത സീറ്റോടെ മൂന്നാം സ്ഥാനത്ത് തുടരും. 2007ലെ തെരഞ്ഞെടുപ്പിൽ 22 സീറ്റ് നേടിയ കോൺഗ്രസ് യു.പിയിൽ സീറ്റുനില മൂന്നിരട്ടിയോളം എത്തിക്കും. 58 സീറ്റാണ് പ്രവചനം. കോൺഗ്രസ് സഖ്യകക്ഷിയായ അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളിന് 12 സീറ്റ്.
ഇന്ത്യ ടി.വി-സീ വോട്ട൪ സ൪വേ ഫലങ്ങളും എസ്.പിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കി- 146 സീറ്റ്. ബി.എസ്.പിക്ക് 126 സീറ്റ്. കോൺഗ്രസിന് 36; ബി.ജെ.പിക്ക് 83. ന്യൂസ് 24-ചാണക്യ സ൪വേ പ്രകാരം എസ്.പിക്ക് കിട്ടുന്നത് 185 സീറ്റാണ്. ബി.എസ്.പിക്ക് 85, ബി.ജെ.പിക്കും കോൺഗ്രസിനും 55 സീറ്റ് വീതം എന്നിങ്ങനെയാണ് അവരുടെ പ്രവചനം.
സി.എൻ.എൻ-ഐ.ബി. എൻ/ദ വീക്ക് പ്രവചനം യാഥാ൪ഥ്യമായാൽ 70 അംഗ ഉത്തരഖണ്ഡ് നിയമസഭ കോൺഗ്രസ് പിടിക്കും. കോൺഗ്രസിന് 41 വരെ സീറ്റ് കിട്ടാം. ഭരണത്തിലിരിക്കുന്ന ബി.ജെ.പിക്ക് പരമാവധി 32 സീറ്റ്. പഞ്ചാബിൽ കോൺഗ്രസിനും ശിരോമണി അകാലി ദളിനും ലഭിക്കുന്ന വോട്ടുകൾ തമ്മിൽ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസമാണെങ്കിലും അധികാരം അകാലിദൾ നിലനി൪ത്തും.
മണിപ്പൂരിൽ കോൺഗ്രസ് വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. അവിടെ ഒറ്റ സീറ്റുള്ള തൃണമൂൽ കോൺഗ്രസ്, 60 അംഗ നിയമസഭയിൽ ഇക്കുറി 13 വരെ സീറ്റ് നേടും. മറ്റു കക്ഷികൾ ദു൪ബലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
