ആര്യാടന്റെ പ്രസ്താവന: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത് തിരിച്ചടിയായി
text_fieldsതിരുവനന്തപുരം: അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന ആര്യാടൻ മുഹമ്മദിന്റെ പ്രഖ്യാപനത്തിന്റെ പേരിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത് അവ൪ക്ക് തിരിച്ചടിയായി.
ആര്യാടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന കമീഷന്റെ വിധി വന്നതോടെ അനൂപിന് മന്ത്രിസ്ഥാനം ഉറപ്പാണെന്ന തോന്നലുണ്ടാക്കാൻ അത് കാരണമായി. ഇത് ഇടതുപക്ഷത്തിനുണ്ടായ തന്ത്രപരമായ വീഴ്ചയാണോ മനഃപൂ൪വം ഈ അവസ്ഥ അവ൪ ഉണ്ടാക്കിയതാണോ എന്നകാര്യത്തിൽ മുന്നണിയിൽ ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. ആര്യാടൻ നടത്തിയതുപോലുള്ള പ്രസ്താവന, തെരഞ്ഞെടുപ്പ്ചട്ട ലംഘനമായാലും തെരഞ്ഞെടുപ്പുകഴിയുന്നതുവരെ എതിരാളികൾ മിണ്ടാതിരിക്കുകയാണ് ചെയ്യാറ്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ നേരിട്ടുബാധിക്കുന്ന പ്രശ്നങ്ങളിലാണ് കമീഷന് പരാതി നൽകാറുള്ളത്.
ആര്യാടൻ നടത്തിയതുപോലുള്ള പ്രസ്താവനകൾ ഫലപ്രഖ്യാപനത്തിനുശേഷം വിവാദ സ്ഥാനാ൪ഥി ജയിക്കുന്നപക്ഷം തെരഞ്ഞെടുപ്പ് കേസായി പരാതി ഹൈകോടതിയിൽ ഫയൽ ചെയ്യാറാണ് പതിവ്. ഇങ്ങനെ വരുന്ന കേസുകളിലാണ് സാധാരണഗതിയിൽ വസ്തുനിഷ്ഠമായ ന്യായാന്യായ പരിശോധന നടക്കാറുള്ളത്.
തെരഞ്ഞെടുപ്പ് കമീഷൻ വിധി പറഞ്ഞതോടെ അനൂപ് മന്ത്രിയാകുമെന്ന് ഉറപ്പിച്ചുപറയാനുള്ള സ്വാതന്ത്രൃമാണ് യു.ഡി.എഫിന് ലഭിച്ചത്. മന്ത്രിപദം ഉറപ്പിച്ച മട്ടിലാണ് ഇപ്പോൾ യു.ഡി.എഫ് പ്രചാരണം. ഇത് തടയാൻ ഇനി ഇടതുപക്ഷത്തിന് കഴിയില്ല.
അനൂപ് ജേക്കബ് അംഗമായ സമുദായത്തിന് ഒരു മന്ത്രിയെ ഉറപ്പായി ലഭിക്കുമെന്ന പ്രചാരണം മണ്ഡലത്തിൽ നി൪ണായക വോട്ടുള്ള ആ സമുദായത്തിൽ സ്വാധീനം ചെലുത്തിയേക്കാം. എതി൪സ്ഥാനാ൪ഥി എം.ജെ.ജേക്കബും അതേ സമുദായാംഗമാണെന്നതിനാൽ ഈ പ്രചാരണത്തിന് കൂടുതൽ പ്രയോജനത്തിന് സാധ്യതയുണ്ട്.
അതേസമയം തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തിൽ ചട്ടലംഘനത്തിന്റെ പേരിൽ കേസിനു പോകാൻ ഇടതുപക്ഷത്തിന് കഴിയുകയുമില്ല. തെരഞ്ഞെടുപ്പ് കമീഷൻ തീ൪പ്പുകൽപ്പിച്ച കേസ് ഹൈകോടതി പുനഃപരിശോധിക്കാൻ സാധ്യതയില്ല. ഇങ്ങനെയൊരു പാളിച്ച മനഃപൂ൪വമായാണോ ഇടതുമുന്നണി നേതൃത്വത്തിൽ നിന്നുണ്ടായതെന്നത് തെരഞ്ഞെടുപ്പിനുശേഷം വിവാദമാകാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
