നദീസംയോജനനീക്കം അപകടകരം -സോളിഡാരിറ്റി
text_fieldsകോട്ടയം: നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്.
പമ്പ, അച്ചൻകോവിൽ നദികളുടെ ഒരു ഭാഗം തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് കൊണ്ടുപോകുന്നത് വേമ്പനാട് തണ്ണീ൪ പ്രദേശത്തിന്റെ നാശത്തിനിടയാക്കും.
കുട്ടനാട്ടിലെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മധ്യ തിരുവിതാംകൂറിലെയും ജനജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദ് വേളം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വ൪ഷകാലത്ത് നദികളിലെ വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോവുകയോ വെള്ളപ്പൊക്കമുണ്ടാക്കുകയോ ചെയ്യുന്നു എന്നതാണ് നദീസംയോജനത്തിന് പറയുന്ന ന്യായം. വെള്ളം വെറുതെ കടലിലേക്ക് ഒഴുകിപ്പോകുന്നു എന്ന് പറയുന്നതുതന്നെ അബദ്ധമാണ്.
നിരവധി ജൈവ പ്രവ൪ത്തനങ്ങൾ ആ ഒഴുക്ക് നി൪വഹിക്കുന്നുണ്ട്. കടലിന്റെ ആവാസ വ്യവസ്ഥയിൽ നദീജലത്തിനും സുപ്രധാന പങ്കുണ്ട്. എല്ലാ പ്രകൃതി വിഭവങ്ങളും നേ൪ക്കുനേരെ മനുഷ്യനു വേണ്ടി മാത്രമാണെന്ന ധാരണയിൽനിന്നാണ് ഈ വാദഗതി.
മറ്റ് ജീവികളുടെ താൽപ്പര്യങ്ങളും പരിഗണിക്കുമ്പോൾ മാത്രമെ മനുഷ്യനുവേണ്ടി പോലും അവ നിലനിൽക്കുകയുള്ളൂ.
5.6 ലക്ഷം കോടി രൂപ ചെലവ് വരുന്ന നദീസംയോജനം ലോകബാങ്കിന്റെയോ എ.ഡി.ബിയുടെയോ സഹായത്തോടെയെ നടപ്പാക്കാനാകൂ. പൂ൪ത്തിയായാൽ പദ്ധതിയുടെ പരിചരണം ഏറ്റെടുക്കാൻ പോകുന്നതും ഈ ഏജൻസികളായിരിക്കും.
രാജ്യത്തെ നദികൾ രാജ്യത്തിന് നഷ്ടപ്പെടുന്ന ഗുരുതര സ്ഥിതിയാകും ഇതിലൂടെയുണ്ടാവുക. ഇന്ത്യയുടെ ജലസമ്പത്തിൽ കണ്ണുനട്ടിരിക്കുന്ന പെപ്സി-കോള കമ്പനികൾക്ക് രാജ്യത്ത് 55 ഫാക്ടറികളാണുള്ളത്.
11 എണ്ണം കൂടി തുടങ്ങാൻ പോവുകയാണ്. അതിന് വെള്ളം ലഭ്യമാക്കുക എന്ന ലോകബാങ്ക് അജണ്ടയാണ് നദീസംയോജന പദ്ധതിക്കുപിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് വി.എ. ഇബ്രാഹിം, ജില്ലാ മീഡിയാ സെക്രട്ടറി വി.ആ൪. ജമാൽ, അബ്ദുൽ ലത്തീഫ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
