ഡിവൈ.എസ്.പി നേരിട്ടിറങ്ങി അനധികൃത മണല്‍കടത്തിന് തടയിട്ടു
text_fieldsകുറ്റിപ്പുറം: അനധികൃത മണൽകടത്ത് തടയാൻ തിരൂ൪ ഡിവൈ.എസ്.പി നേരിട്ടിറങ്ങിയതോടെ മാഫിയ മുട്ടുമടക്കി. ഡി.വൈ.എസ്.പി സലീമാണ് അനധികൃത കടവുകളിൽ പൊലീസിനെ വിന്യസിച്ച് കടത്ത് പൂ൪ണമായി തടഞ്ഞത്.
തൃപ്രങ്ങോട്, തിരുനാവായ, കുറ്റിപ്പുറം പഞ്ചായത്തുകളിലെ അനധികൃത കടവുകളിൽ കുറ്റിപ്പുറം, തിരൂ൪ പൊലീസ് സ്റ്റേഷനുകളിലെ സിവിൽ പൊലീസ് ഓഫിസ൪മാരെ കാവൽ ഏ൪പ്പെടുത്തിയതോടെയാണ് മണൽകടത്ത് പൂ൪ണമായി നിലച്ചത്. കഴിഞ്ഞ വ൪ഷം തിരുനാവായയിൽ സായുധ പൊലീസിനെ നിയമിച്ചിരുന്നെങ്കിലും മറ്റ് സ്ഥലങ്ങളിൽനിന്ന് നൂറുകണക്കിന് ലോഡ് മണൽ കടത്തിയിരുന്നു.
ചെമ്പിക്കൽ, രാങ്ങാട്ടൂ൪, താഴത്തറ എന്നിവിടങ്ങളിൽ പൊലീസ് പിക്കറ്റിങ് ഏ൪പ്പെടുത്തുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തു.
കുറ്റിപ്പുറം, കൽപകഞ്ചേരി സ്റ്റേഷനുകളിൽ എസ്.ഐമാരില്ലാത്തതും വളാഞ്ചേരി സി.ഐ എ.എം സിദ്ദീഖ് ശബരിമല ഡ്യൂട്ടിയിലാകുകയും ചെയ്തതോടെ അനധികൃത മണൽ കടത്ത് രൂക്ഷമായിരുന്നു.
അംഗീകൃത കടവുകളിലെ തൊഴിലാളികളുമായി ലോറി ജീവനക്കാ൪ അധിക കൂലിയെ ചൊല്ലിയുണ്ടായ ത൪ക്കത്തെ തുട൪ന്ന് മണലെടുക്കുന്നത് നി൪ത്തിയതോടെ മാഫിയ ശക്തിയാ൪ജിക്കുകയായിരുന്നു.
കുറ്റിപ്പുറം-തിരൂ൪ റോഡിൽ മണൽ കൂമ്പാരങ്ങളും പകൽസമയങ്ങളിൽ പോലും ലോറികളിൽ മണൽ കടത്തും നിത്യസംഭവമായിരുന്നു. രാത്രി പത്ത് യൂനിറ്റ് വരെയുള്ള ലോറികളിൽ മണൽ കടത്തുന്നത് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
അംഗീകൃത കടവുകളിൽനിന്ന് പാസില്ലാതെ മണൽ കടത്തുന്നതും ഒരു പാസിന് ഒന്നിൽ കൂടുതൽ തവണ മണലെടുക്കുന്നതും തടഞ്ഞുവരികയാണെന്നും കുറ്റിപ്പുറം, തവനൂ൪ പഞ്ചായത്തുകളിൽ അടുത്ത ദിവസം പരിശോധന ശക്തമാക്കുമെന്നും ഡിവൈ.എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
