ബലഹീനരുടെ ക്രിസ്മസ്
text_fieldsയേശു ക്രിസ്തു ജനിച്ചത് ഡിസംബ൪ 25ന് ആണന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. എന്നാൽ, യഥാ൪ഥത്തിൽ അദ്ദേഹം ജനിച്ചതീയതി ആ൪ക്കുമറിയില്ല എന്നതാണ് സത്യം. എൻെറ ശൈശവകാലത്ത് റോമൻ കത്തോലിക്കാസഭയും സി.എസ്.ഐ ഉൾപ്പെടെ ആംഗ്ളിക്കൻ സഭകളും ഡിസംബ൪ 25ന് ക്രിസ്മസായി ആഘോഷിക്കുമ്പോൾ യാക്കോബായ,ഓ൪ത്തഡോക്സ്,മാ൪ത്തോമ തുടങ്ങിയ പൗരസ്ത്യസഭകൾ ജനുവരി 7നായിരുന്നു ക്രിസ്മസ് കൊണ്ടാടിയിരുന്നത്. നിങ്ങളുടെ യേശു ഒരാണ്ടിൽ രണ്ടു പ്രാവശ്യം ജനിച്ചിട്ടുണ്ടോ എന്ന് പല കുട്ടികളും അക്കാലത്ത് എന്നോടു ചോദിച്ചിരുന്നു. അത് കേൾക്കുമ്പോൾ എനിക്ക് ലജ്ജ അനുഭവപ്പെടുകയും ചെയ്തിരുന്നു.
പിൽകാലത്ത് ഇതേപ്പറ്റി പഠിച്ചപ്പോഴാണ് അറിയുന്നത്, ക്രിസ്താബ്ദം ആദ്യ രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലൊന്നും യേശുവിൻെറ ജനനം ക്രിസ്ത്യാനികൾ ആഘോഷിച്ചിരുന്നില്ല എന്ന്. ജനനതീയതി എന്നാണെന്ന് അറിയുകയുമില്ലായിരുന്നു. ക്രിസ്തുമതം ഗ്രീക്ക്,റോമൻ സാമ്രാജ്യങ്ങളിലേക്ക് കടന്നുചെല്ലുന്ന കാലത്ത് കോൺസ്റ്റൻൈറൻ ചക്രവ൪ത്തി യായിരുന്ന മൈത്രേ പാഗൺമത വിശ്വാസിയായിരുന്നു. ആ മതപ്രകാരം സൂര്യനായിരുന്നു ഏറ്റവുംപ്രധാന ദൈവം. സൂര്യൻെറ ജന്മദിനമായി ആഘോഷിച്ചിരുന്നത് ഡിസംബ൪ 25 ആയിരുന്നു. അത് ഇംഗ്ളീഷ് കലണ്ട൪ പ്രകാരം ആയിരുന്നെങ്കിൽ അതിൻെറ തത്തുല്ല്യ റോമൻ കലണ്ട൪ തീയതിയായിരുന്നു ജനുവരി ഏഴ്. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചുകഴിഞ്ഞപ്പോൾ സൂര്യദേവൻെറ ജന്മദിനാഘോഷം നി൪ത്തൽചെയ്ത് പകരം ആ ദിവസം ലോകത്തിനു വെളിച്ചം നൽകിയ യേശുക്രിസ്തുവിൻെറ ജന്മദിനമായി അത് ആഘോഷിച്ചാൽ മതിയെന്ന് ആജ്ഞ പുറപ്പെടുവിച്ചു.
യേശു ജനിച്ച തീയതിയെപ്പറ്റി നിശ്ചയമില്ളെങ്കിലും അദ്ദേഹം ജനിച്ചിരുന്നു എന്നതിനെക്കുറിച്ച് ഒരു ത൪ക്കവുമില്ല. യേശുവിൻെറ ജനനം സംബന്ധിച്ച് ബൈബ്ളിൽ പറയുന്ന ശ്രദ്ധേയമായ ഒരു ഭാഗം ഇതാണ്. യേശുവിൻെറ മാതാവായ മറിയത്തോട് ഒരു ദൈവദൂതൻ വന്നു പറഞ്ഞു: നീ ഒരു മകനെ പ്രസവിക്കാൻ പോവുകയാണ്, അവൻ ലോകത്തിൻെറ രക്ഷകനാകും, അതുകൊണ്ട് അവന് യേശു എന്ന് പേരിടണം.
യേശു എന്ന വാക്കിന് അവരുടെ ഭാഷയായ അറാമിക്കിൽ രക്ഷകൻ എന്നാണ൪ഥം. ഈ ദൈവദൂതൻതന്നെ യേശുവിൻെറ പിതാവാകാൻ ദൈവം കരുതിവെച്ചിരുന്ന യൗസേപ്പിനോട് ഇതേകാര്യം പറഞ്ഞു. യേശു ജനിച്ചുകഴിഞ്ഞപ്പോൾ ആടുകളെ മേച്ചുനടന്ന കാലിപ്പിള്ളേരോട് ദൈവത്തിൻെറ ദൂതന്മാ൪ വന്നു പറഞ്ഞു നിങ്ങൾക്ക് ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു. കൈക്കുഞ്ഞായ യേശുവിനെയും കൊണ്ട് മാതാപിതാക്കൾ ഒരു ദേവാലയത്തിൽചെന്നപ്പോൾ യേശുവിൻെറ വരവിനായി പ്രാ൪ഥിച്ചുകൊണ്ടിരുന്ന വയോധികനായ ഒരു താപസൻ തൻെറ കൈകളിൽ ഈ കുഞ്ഞിനെ വാങ്ങിയിട്ട് ദൈവത്തെ മഹത്വപ്പെടുത്തി പറഞ്ഞത് ‘ഇപ്പോൾ ഞാൻ രക്ഷ കണ്ടിരിക്കുന്നു’ എന്നാണ്. ഇതൊക്കെക്കൊണ്ടുതന്നെ യേശു എന്നത് മനുഷ്യരാശിയുടെ രക്ഷക്ക് ദൈവം കരുതിയിരുന്ന പ്രവാചകനായിരുന്നു എന്നത് വ്യക്തമാക്കപ്പെടുകയാണ്.
എന്നാൽ, ദൈവദൂതന്മാ൪ ആട്ടിടയന്മാരോട് പറഞ്ഞ ഒരു സംഗതി ഈ സന്ദ൪ഭത്തിൽ എടുത്തുകാണിക്കാൻ ആഗ്രഹിക്കുകയാണ്. ‘നിങ്ങൾക്ക് ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു, അത് കാണണമെങ്കിൽ അതിൻെറ അടയാളം പറഞ്ഞുതരാം, കാലിത്തൊഴുത്തിൽ പഴന്തുണി കഷണങ്ങളിൽ പൊതിഞ്ഞ ഒരു ശിശുവിനെ നിങ്ങൾ കാണും, അതാണ് ലോകത്തിൻെറ രക്ഷകൻ’. ആട്ടിടയന്മാ൪ പോയി കണ്ടു, കുഞ്ഞിനെ വണങ്ങി എന്നാണ് ബൈബ്ൾ രേഖപ്പെടുത്തുന്നത്.
ഇത് ചിന്തോദ്ദീപകമായ സംഭവമാണ്. ലോകത്തിൻെറ രക്ഷയുടെ അടയാളം കാലിത്തൊഴുത്തും പഴന്തുണികഷണങ്ങളും ശിശുവുമാണ് എന്ന സന്ദേശമാണ് ഇതു വെളിവാക്കുന്നത്. അന്നത്തെ കാലിത്തൊഴുത്ത് കന്നുകാലികളുടെ ചാണകവും മൂത്രവും നിറഞ്ഞ് മലീമസമായികിടന്നിരുന്ന ചെറിയ കുടിലാകാനേ തരമുള്ളൂ. അവിടെ മനുഷ്യന് ജനിക്കേണ്ടി വന്നത് ഭവനമില്ലായ്മയുടെയും പരിസരശുചിത്വമില്ലായ്മയുടെയും സുഗന്ധമില്ലായ്മയുടെയും വിവരണമാണ് നൽകുന്നത്. രക്ഷയുടെ അടയാളമായാണ് ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത്. പഴന്തുണികഷണംകൊണ്ട് കുഞ്ഞിനെ പൊതിഞ്ഞുഎന്നു പറയുന്നത് ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു. ലോകത്തെ മറ്റേതുജീവികൾ ജനിച്ചാലും പരസഹായമില്ലാതെ സഞ്ചരിക്കാൻ സാധിക്കുമെങ്കിൽ ഒരാളുടെ സഹായമില്ലാതെ ഒരടി അനങ്ങാൻ സാധിക്കാത്തത് മനുഷ്യക്കുഞ്ഞിനാണ്. ശിശു എന്നതിൻെറ സൂചന അതാണ്.
അപ്പോൾ, ദൈവത്തിൻെറ വീക്ഷണത്തിൽ രക്ഷയുടെ അടയാളം എന്താണ് എന്നതിന് മനസ്സിലാക്കേണ്ടത് ഇക്കാര്യങ്ങളാണ്. പാ൪പ്പിടമില്ലാത്തവരും ദരിദ്രരും പരസഹായം അ൪ഹിക്കുന്ന മനുഷ്യരും അതാണ് ദൈവം കാണിച്ചുതന്നത്.
ഒരു ചങ്ങലക്ക് 100 കണ്ണിയുണ്ടെങ്കിൽ, 99ഉം ഇരുമ്പുകണ്ണിയും ഒന്ന് ചരടുമാണന്ന് സങ്കൽപിക്കുക. ചങ്ങലയുടെ ബലം അളക്കുന്നത് അതിൽ ഏറ്റവുംബലഹീനമായ കണ്ണികൊണ്ടായിരിക്കും. അതുപോലെ ഒരു സമൂഹത്തിൻെറ ശക്തി നി൪ണയിക്കുന്നത് അതിൽ ഏറ്റവും ബലഹീനവിഭാഗത്തെ കണ്ടുകൊണ്ടായിരിക്കണം. ക്രിസ്മസ് നൽകുന്ന സന്ദേശവും ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
