സഹ്യസാനു
text_fieldsസഹ്യസാനുശ്രുതി ചേ൪ത്തുവെച്ച മണിവീണയാണെൻെറ കേരളം എന്നെഴുതിയത് കവി യൂസഫലി കേച്ചേരിയാണ്. സാനുവെന്ന വാക്കിന് താഴ്വര എന്ന൪ഥം. പ൪വതത്തിന് സസ്യാദികളെ കൊടുക്കുന്ന പ്രദേശം എന്ന് വിവക്ഷ. മറ്റൊര൪ഥം വിദ്വാൻ എന്നാണ്. പണ്ഡിതശ്രേഷ്ഠൻ. സാഹിത്യത്തിൻെറ സഹ്യശിഖരത്തിന് അക്ഷരങ്ങളുടെയും ആശയങ്ങളുടെയും പച്ചപ്പു പട൪ത്തുന്ന സാനുമാഷ് ധൈഷണിക കേരളത്തിനു നൽകുന്ന തലയെടുപ്പ് കുറച്ചൊന്നുമല്ല. അതിന് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തെ തേടിവന്ന കേന്ദ്രസാഹിത്യ അക്കാദമി അവാ൪ഡ്. ‘ബഷീ൪: ഏകാന്തവീഥിയിലെ അവധൂതൻ’ എന്ന ഗ്രന്ഥത്തിലൂടെ ഇന്ത്യൻ സാഹിത്യം കണ്ട ഇതിഹാസവ്യക്തിത്വത്തിൻെറ ജീവിതചിത്രം അതിസൂക്ഷ്മമായി വരഞ്ഞിട്ടതിനുള്ള അംഗീകാരമാണിത്.
നിരൂപകൻ, പ്രസംഗകൻ, ജീവചരിത്രകാരൻ, അധ്യാപകൻ, നിയമസഭാ സാമാജികൻ. തിളങ്ങിയ മേഖലകൾ നിരവധിയാണ്. ഭാവനയുടെ വിസ്മയപ്രപഞ്ചങ്ങളിലേക്ക് നമ്മെ കൈപിടിച്ചുകൊണ്ടുപോയ എഴുത്തുകാരുടെ ജീവിതചിത്രം വരക്കുന്നതിൽ അസാമാന്യമായ വൈദഗ്ധ്യമുണ്ട് സാനുമാഷിന്. മാറിനിന്നുള്ള ഒരു ജീവിതക്കാഴ്ചയല്ല അത്. സ൪ഗാത്മകതയുടെ ഉന്മാദങ്ങളിലും എന്നുമൊടുങ്ങാത്ത ജീവിതാസക്തികളിലും അഭിരമിക്കുന്ന എഴുത്തുകാരുടെ ഒപ്പംനിന്ന്, അവരുടെ കൈവിരലുകൾ കോ൪ത്തുപിടിച്ച് സ്നേഹിച്ചും കലഹിച്ചും കണ്ടറിഞ്ഞ കാഴ്ചപ്പാടുകളിലൂടെയാണ് അദ്ദേഹം അനുഭവരേഖകൾ വരക്കുന്നത്. അതുകൊണ്ടുതന്നെയാണ് സാനുമാഷ് എഴുതിയ ജീവചരിത്രങ്ങൾക്ക് ഇത്രയേറെ ആധികാരികത. ശ്രീനാരായണഗുരുവിൻെറയും ബഷീറിൻെറയും ചങ്ങമ്പുഴയുടെയും സഹോദരൻ അയ്യപ്പൻെറയും പി.കെ. ബാലകൃഷ്ണൻെറയും എം. ഗോവിന്ദൻെറയും കാൽപാടുകളിലൂടെ നടന്ന്, അവ൪ കേരളത്തിൻെറ സാംസ്കാരികപ്രപഞ്ചത്തിൽ അവശേഷിപ്പിച്ചുപോയ കടുംനിറത്തിലുള്ള കൈയൊപ്പുകളെ അദ്ദേഹം അക്ഷരങ്ങളിലേക്കു പക൪ത്തുകയായിരുന്നു. നിരൂപകനും സാഹിത്യപണ്ഡിതനുമൊക്കെയാണെങ്കിലും വരണ്ട സാഹിത്യസിദ്ധാന്തങ്ങളിലല്ല സാനുമാഷിൻെറ ഊന്നൽ. ജീവിതത്തിൻെറ ഹരിതാഭമായ മേടുകളിലൂടെയാണ് അദ്ദേഹത്തിൻെറ വഴിനടപ്പ്. ജീവിതംകൊണ്ടും ദ൪ശനംകൊണ്ടും ഒരു കാലഘട്ടത്തിൻെറ ഉപലബ്ധികളായി മാറിയ ഒരു കൂട്ടം മനുഷ്യരുടെ മാതൃകകൾ വരുംതലമുറക്കായി അദ്ദേഹം അക്ഷരങ്ങളിൽ വീണ്ടെടുത്ത് കാത്തുവെക്കുന്നു. പുരോഗമനചിന്തയുടെയും ഉണ൪വിൻെറയും ഒരുകാലം കേരളത്തിനുണ്ടായിരുന്നുവെന്ന് പിൽക്കാലത്ത് മലയാളി ഓ൪ക്കുക ഒരുപക്ഷേ സാനുമാഷ് ഈ ജീവിതങ്ങളിലൂടെ നടത്തിയ സ൪ഗസഞ്ചാരങ്ങളിലൂടെയായിരിക്കും; സാ൪ഥകമായി ജീവിച്ചുമരിച്ച ചില ജന്മങ്ങൾക്ക് വാക്കുകൾ കൊണ്ടുനൽകിയ ഈ സ്മരണാഞ്ജലികളിലൂടെയായിരിക്കും.
കുലീനമായ വിമ൪ശരീതിയിലൂടെ അദ്ദേഹം സാഹിത്യരംഗത്തെ നവതരംഗങ്ങളെ പരിചയപ്പെടുത്തി. കാവ്യതത്ത്വപ്രവേശിക, അവധാരണം തുടങ്ങിയ പ്രൗഢഗംഭീരമായ നിരൂപണ, പഠനഗ്രന്ഥങ്ങൾ ഭാഷാസാഹിത്യവിദ്യാ൪ഥികൾക്ക് ഉത്തമമായ മാതൃകകളാണ്. അധ്യാപകൻ എന്നനിലയിൽ വിപുലമായ ശിഷ്യസമ്പത്തുണ്ട്. പഠിപ്പിച്ചവരിൽ പ്രഗല്ഭരായവ൪ ഏറെ. മമ്മൂട്ടി, സെബാസ്റ്റ്യൻ പോൾ, ഗ്രേസി, വൈക്കം വിശ്വൻ തുടങ്ങി നിരവധി പേ൪. സാനുമാഷ് മാഷായത് പത്തൊമ്പതാം വയസ്സിലാണ്. അതുകൊണ്ടുതന്നെ പല തലമുറകളെ സാഹിത്യവും ജീവിതവും പഠിപ്പിക്കാൻ കഴിഞ്ഞു. എങ്കിലും സാനുമാഷ് പറയും, ‘ഇവരെൻെറ ശിഷ്യരല്ല, ഇവരിൽനിന്നാണ് ഞാനേറെയും പഠിച്ചത്, അതുകൊണ്ട് ഇവരെൻെറ ഗുരുനാഥന്മാരാണെ’ന്ന്. ഗുരുശിഷ്യബന്ധത്തിൻെറ ഒൗപചാരികതകൾ മറന്ന ആത്മബന്ധമാണ് മാഷ് എന്നും സൂക്ഷിച്ചത്. വരണ്ട വിജ്ഞാനശകലങ്ങളല്ല, അനുഭവങ്ങളുടെ ആ൪ദ്രതയാണ് ഈ ഗുരു പക൪ന്നു നൽകിയത്. ഈ ആത്മബന്ധമാണ് മാഷിൻെറ എൺപതാം പിറന്നാൾ ആഘോഷമാക്കി മാറ്റിയത്. ശിഷ്യന്മാ൪ മുൻകൈയെടുത്തു നടത്തിയ ആഘോഷത്തിൽ കൊച്ചി ടൗൺഹാൾ നിറഞ്ഞുകവിഞ്ഞു. ഒരു മണിക്കൂ൪ ക്ളാസെടുക്കാൻ പത്തുമണിക്കൂ൪ മുന്നൊരുക്കം നടത്തുന്നതായിരുന്നു അധ്യാപനകാലത്തെ ശീലം. അത് എഴുത്തിനെ ഏറെ സഹായിച്ചു.
ഇൻറ൪മീഡിയറ്റ് മുതൽ പ്രസംഗകനായി അറിയപ്പെട്ടിരുന്നു. ജീവിതത്തിലെന്ന പോലെ പ്രസംഗവേദിയിലും സൗമ്യസാന്നിധ്യം. മൈക്ക് കണ്ടാൽ കത്തിക്കയറുന്ന പ്രകൃതമല്ല. അനാവശ്യമായ ആവേശമില്ല. അതിവികാരപ്രകടനമില്ല. കുലീനമായ ശരീരഭാഷയും അന൪ഗളം പ്രവഹിക്കുന്ന പദാവലികളും. ആലപ്പുഴ എസ്.ഡി കോളജ് യൂനിയൻ ചെയ൪മാനായിരുന്ന കാലം മുതൽ പ്രസംഗവേദിയിൽ സജീവം. ആലപ്പുഴ കിടങ്ങാമ്പറമ്പ് മൈതാനത്ത് ചെയ്ത പ്രസംഗം കേട്ടശേഷം സഖാവ് ആ൪. സുഗതൻ എഴുതി, ‘ഭംഗിയും ശക്തിയുമുള്ള പ്രസംഗം താൻ കേട്ടുനിന്നുപോയി ’എന്ന്. എം.എൽ.എ എന്ന നിലയിൽ ആദ്യമായി നിയമസഭയിൽ ചെയ്ത പ്രസംഗം ചരിത്രമായി. തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ സാനുമാഷിൻെറ പ്രസംഗം കേൾക്കാൻ കോൺഗ്രസുകാ൪ പോലും തടിച്ചുകൂടുമായിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങളറിഞ്ഞ് പ്രവ൪ത്തിക്കുന്ന സാമാജികൻ എന്ന പേരു സമ്പാദിക്കാനും സാനു മാഷിന് കഴിഞ്ഞു. സ൪വീസിൽനിന്നു പിരിഞ്ഞ് സാഹിത്യ,സാംസ്കാരിക പ്രവ൪ത്തനങ്ങളിൽ മുഴുകിക്കഴിയുമ്പോഴാണ് നിയമസഭാ തെരഞ്ഞെടുപ്പു വരുന്നത്. ഇടതുപക്ഷത്തിന് ബാലികേറാമലയായിരുന്നു കോൺഗ്രസിൻെറ കോട്ടയായ എറണാകുളം നിയോജകമണ്ഡലം. എ.എൽ. ജേക്കബ് എന്ന അതികായനെ നേരിടാൻ വിപുലമായ ശിഷ്യസമ്പത്തും പ്രസംഗപാടവവും ജനപ്രീതിയുമുള്ള മാഷിനെയാണ് ഇടതുപക്ഷ നേതാക്കൾ സമീപിച്ചത്. ഒടുവിൽ മണ്ഡലത്തിൻെറ ചരിത്രം തിരുത്തിക്കൊണ്ട് പതിനായിരത്തിലധികം വോട്ടുകൾക്കു വിജയിച്ചു. കക്ഷിഭേദം കൂടാതെയാണ് അന്ന് നഗരം ആ ആഹ്ളാദം പങ്കുവെച്ചത്.
ആലപ്പുഴയിലെ തുമ്പോളിൽ മംഗലത്തു വീട് എന്ന തറവാടിൻെറ സമൃദ്ധിയിൽ 1928ൽ ജനനം. എം.സി. കേശവൻ, കെ.പി. ഭവാനി എന്നീ ദമ്പതികളുടെ ഏകമകൻ. പത്താംവയസ്സിൽ പിതാവ് മരിച്ചതോടെ ജീവിതഗതി മാറി. മരുമക്കത്തായമായതിനാൽ സ്വത്തവകാശമില്ല. അങ്ങനെ സമൃദ്ധിയുടെ മധ്യത്തിൽ ദാരിദ്ര്യമനുഭവിച്ചു വള൪ന്നു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ഇൻറ൪മീഡിയറ്റ്. അതുകഴിഞ്ഞ് ഒരു വ൪ഷം ഇംഗ്ളീഷ് മിഡിൽസ്കൂളിൽ അധ്യാപകനായി. അന്ന് പത്തൊമ്പതു തികഞ്ഞിട്ടില്ല. പഠിക്കാനുള്ള ബുദ്ധിമുട്ടുകാരണമാണ് ജോലിയിലേക്കു തിരിഞ്ഞത്. മാസം മുപ്പതുരൂപ ശമ്പളം. അടുത്ത വ൪ഷം ആലപ്പുഴ എസ്.ഡി കോളജിൽ ബി.എസ്സിക്കുചേ൪ന്നു. പിന്നീട് മൂന്നുവ൪ഷം സ്കൂൾ അധ്യാപകനായി. അതിനു ശേഷം യൂനിവേഴ്സിറ്റി കോളജിൽ മലയാളം എം.എക്കു ചേ൪ന്നു. ഫസ്റ്റ് ക്ളാസിൽ ജയിച്ച ഉടനെ കൊല്ലം ശ്രീനാരായണ കോളജിൽ ജോലി കിട്ടി. പിന്നീട് പി.എസ്.സി വഴി എറണാകുളം മഹാരാജാസ് കോളജിൽ. അവിടെനിന്നാണ് വിപുലമായ ശിഷ്യസമ്പത്തിൻെറ ഉടമയാവുന്നത്. എൺപതുകളുടെ തുടക്കത്തിൽ മൂന്നുമാസത്തിനുള്ളിൽ മൂന്നു ട്രാൻസ്ഫ൪ ഓ൪ഡ൪ കിട്ടിയപ്പോൾ ആത്മാഭിമാനത്തിനു മുറിവേറ്റ് വളൻററി റിട്ടയ൪മെൻറിന് അപേക്ഷ നൽകി. 1982ൽ സ൪ക്കാ൪ സ൪വീസിനോടു വിടപറഞ്ഞു. പിന്നീട് പുരോഗമനകലാസാഹിത്യസംഘം പ്രസിഡൻറായി. ഇടതുപക്ഷത്തോടുള്ള ആ സഹയാത്രയുടെ തുട൪ച്ചയായിരുന്നു 1987ൽ ഇടതുസ്വതന്ത്രനായി നിന്ന് നേടിയ തെരഞ്ഞെടുപ്പു വിജയം.
ഇപ്പോൾ എൺപത്തിമൂന്ന് വയസ്സ്. പ്രായത്തിൻെറ അവശതയുണ്ടെങ്കിലും സ൪ഗാത്മകതക്ക് അതൊരു വിലങ്ങുതടിയാവുന്നില്ല. എഴുത്തും വായനയും മുടക്കില്ല. വ്യായാമവും കുളിയും ഭക്ഷണവും കഴിഞ്ഞാൽ ഉച്ചവരെ എഴുത്തും വായനയുമാണ്. സായാഹ്നസവാരിയിൽ ലോകവിശേഷങ്ങൾ പങ്കുവെക്കുന്ന സുഹൃത്തുക്കളുണ്ട്. പി.കെ. ബാലകൃഷ്ണൻ, വൈലോപ്പിള്ളി എന്നിവരുടെ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിച്ചത് ഈ വ൪ഷമാണ്. അയ്യപ്പപ്പണിക്കരുടെ ജീവചരിത്രത്തിൻെറ പണിപ്പുരയിലാണ് ഇപ്പോൾ. നിയമസഭാ സാമാജികനായിരുന്ന കാലത്ത് അയ്യപ്പപ്പണിക്ക൪ക്കൊപ്പം എത്രയോ സായാഹ്നങ്ങൾ തിരുവനന്തപുരത്ത് ചെലവഴിച്ചിട്ടുണ്ട്. ബഷീറിനും ബാലകൃഷ്ണനും ശേഷം ആ സുഹൃത്തിൻെറ രചനാജീവിതത്തെയും അദ്ദേഹം പ്രൗഢമായ അക്ഷരശിൽപമായി പണിതുയ൪ത്തുമെന്നാണ് അനുവാചകരുടെ പ്രതീക്ഷ. ഭാര്യ രത്നമ്മ. രഞ്ജിത്ത്, രേഖ, ഗീത,സീത, ഹാരിസ് എന്നീ അഞ്ചു മക്കൾ.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
