ഇതിഹാസമാവാന്‍ ഇസിന്‍ബയേവ
text_fieldsമോസ്കോ: സ്വന്തം ലോകറെക്കോഡ് തിരുത്തിയെഴുതുന്നത് ഹോബിയാക്കിയ റഷ്യൻ പോൾവാൾട്ട് താരം യെലേന ഇസിൻബയേവ അടുത്തവ൪ഷം നടക്കുന്ന ലണ്ടൻ ഒളിമ്പിക്സിൽ ഇതിഹാസതാരമാകാനുള്ള ഒരുക്കങ്ങളിലാണിപ്പോൾ. ലണ്ടനിൽ സുവ൪ണനേട്ടത്തിലെത്തിയാൽ അത്ലറ്റിക്സിൽ തുടരെ മൂന്നു ഒളിമ്പിക്സുകളിൽ സ്വ൪ണം നേടിയ ആദ്യ വനിതാ താരമെന്ന വിശേഷണം ഇസിൻബയേവക്ക് സ്വന്തമാകും. ഈ ലക്ഷ്യം മുൻനി൪ത്തിയാകും ലണ്ടനിൽ താൻ പോൾ കൈയിലെടുക്കുകയെന്ന് 29കാരി വ്യക്തമാക്കി.
‘കളിയിൽ നേട്ടങ്ങളിലേക്ക് ആദ്യമെത്തുന്നത് സവിശേഷമാണ്. എക്കാലവും നമ്മൾ അതിൻെറ പേരിൽ ഓ൪മിക്കപ്പെടും. അഞ്ചു മീറ്റ൪ താണ്ടുന്ന ആദ്യ താരമാകുമ്പോൾ അതൊരു ചരിത്രമുഹൂ൪ത്തമാകുമെന്ന് എനിക്കറിയാമായിരുന്നു. എനിക്കുശേഷം അഞ്ചു മീറ്റ൪ ചാടിക്കടക്കുന്നവ൪ക്ക് ആ അളവിൽ ആദരം ലഭിച്ചെന്നുവരില്ല. ആ നാഴികക്കല്ലു പിന്നിട്ടതു വഴി ട്രാക്ക് ആൻഡ് ഫീൽഡിൻെറ ചരിത്ര പുസ്തകത്തിൽ എക്കാലവും എൻെറ പേരുണ്ടാവുമെന്നത് ഏറെ സന്തോഷകരമാണ്.’ -27 തവണ ലോകറെക്കോഡിലേക്ക് ഉയ൪ന്നുപൊങ്ങിയ റഷ്യൻ താരം ചൂണ്ടിക്കാട്ടി. ഒൗട്ട്ഡോറിലും (അഞ്ചു മീറ്ററും ആറ് സെൻറിമീറ്ററും) ഇൻഡോറിലും (അഞ്ചു മീറ്റ൪) ഇസിൻബയേവയുടെ പേരിലാണ് ഇപ്പോഴും ലോക റെക്കോഡ്. 2008 ബെയ്ജിങ് ഒളിമ്പിക്സിൽ അഞ്ചു മീറ്റ൪ താണ്ടുന്ന ആദ്യ വനിതയായി പോൾവാൾട്ടിൽ ലോകറെക്കോഡിട്ട യെലേന അതിനു നാലു വ൪ഷം മുമ്പ് ആതൻസ് ഒളിമ്പിക്സിൽ സ്വ൪ണം നേടിയതും ലോക റെക്കോഡ് തിരുത്തിക്കൊണ്ടായിരുന്നു.
ബെയ്ജിങ്ങിലെ വിജയത്തിനുശേഷം ഫോം മങ്ങിയതിനെ തുട൪ന്ന് സമീപകാലത്ത് പിറ്റിൽ തിളങ്ങാൻ ഇവ൪ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, ചരിത്രനേട്ടം ലക്ഷ്യമിട്ട് മോണ്ടി കാ൪ലോയിൽ കഠിന പരിശീലനത്തിലാണ് ഇസിൻബയേവ. ‘നേട്ടങ്ങളേറെയുണ്ടെങ്കിലും ജീവിക്കുന്ന ഇതിഹാസമായി ഞാൻ എന്നെ കണക്കുകൂട്ടുന്നില്ല. തുടരെ മൂന്ന് ഒളിമ്പിക്സുകളിൽ വ്യക്തിഗത സ്വ൪ണം നേടാൻ ഇതുവരെ ഒരു വനിതാ ട്രാക്ക് ആൻഡ് ഫീൽഡ് താരത്തിനും കഴിഞ്ഞിട്ടില്ല. അതിലേക്കാണെൻെറ ഉന്നം. അതുവഴി എനിക്ക് ഇതിഹാസതാരമാവണം.’-ഇസിൻബയേവ നയം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
