കോണ്‍ഗ്രസില്‍ ഹിന്ദു ഫോറം!
text_fieldsതൃശൂ൪: കടുത്ത ഹിന്ദുക്കളായ കേൺഗ്രസുകാരെപ്പോലും അമ്പരപ്പിച്ച് പാ൪ട്ടിയിൽ ഹിന്ദു ഫോറം! ‘കോൺഗ്രസ് സെക്യുല൪ ഹിന്ദു ഫോറം’ എന്ന പേരിലാണ് പുതിയ സംഘടന രൂപവത്കരിച്ചിട്ടുള്ളത്. കേരളത്തിൽ ഹിന്ദുമതവിശ്വാസിയായ ഉപമുഖ്യമന്ത്രിയെ നിയമിക്കണമെന്ന് വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ട ഫോറം ഭാരവാഹികൾ, ഉമ്മൻചാണ്ടിയെ ആഭ്യന്തരവകുപ്പിൻെറ ചുമതലയിൽനിന്ന് മാറ്റി ആ വകുപ്പ് ഹിന്ദുമതവിശ്വാസിയായ ഉപമുഖ്യമന്ത്രിക്ക് നൽകണമെന്ന ആവശ്യവും ഉന്നയിച്ചു.
മതേതരവാദം ഉയ൪ത്തി ഹിന്ദുക്കളുടെ ഏകീകരണത്തിനും ഉന്നമനത്തിനുമായി കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് പ്രവ൪ത്തിക്കുന്ന സംഘടനയാണ് ഹിന്ദു ഫോറമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.എം. രാധാകൃഷ്ണൻ അവകാശപ്പെട്ടു. ബ്രഹ്മശ്രീ പൂഞ്ഞാ൪ മിത്രൻ നമ്പൂതിരിപ്പാടാണ് മുഖ്യരക്ഷാധികാരി. കെ. കരുണാകരൻെറ അന്ത്യവിശ്രമസ്ഥലത്ത് മന്ത്രോച്ചാരണങ്ങളോടെ പുഷ്പാ൪ച്ചന നടത്തിയ ശേഷമാണ് ഫോറം നേതാക്കൾ വാ൪ത്താ സമ്മേളനത്തിനെത്തിയത്.
അന൪ഹമായ രീതിയിൽ ന്യൂനപക്ഷങ്ങൾ അവകാശങ്ങൾ നേടിയെടുത്ത് തടിച്ചുകൊഴുക്കുന്നു. അസംഘടിതരായ ഹിന്ദുക്കൾക്കായി ശബ്ദമുയ൪ത്താൻ ഇവിടെയാരുമില്ല. എന്തിൻെറയെങ്കിലും പേരിൽ ഞങ്ങൾ സംഘടിച്ചാൽ അത് വ൪ഗീയതയായി. അപ്രിയസത്യങ്ങൾ വെട്ടിത്തുറന്നുപറഞ്ഞതിൻെറ പേരിലാണ് മുമ്പ് മുൻ മുഖ്യമന്ത്രി എ.കെ. ആൻറണിക്ക് പുറത്തിറങ്ങിപ്പോകേണ്ടി വന്നത് -രാധാകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ക്ഷേത്രങ്ങളുടെ വികസനത്തിനുപയോഗിക്കേണ്ട ദേവസ്വം വരുമാനം എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. ഇതെങ്ങനെ ശരിയാകും? അതുകൊണ്ടാണ് ഹിന്ദുക്കളുടെ ഉന്നമനത്തിന് ഹിന്ദുമതവിശ്വാസിയായ ഉപമുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്ന് രാധാകൃഷ്ണണൻ പറഞ്ഞു.
ഇത്തരമൊരു സംഘടനയുള്ളതായി അറിയില്ളെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകിയ വിശദീകരണം. ഫോറത്തിന് പാ൪ട്ടിയുമായി ഒരു ബന്ധവുമില്ളെന്ന് കോൺഗ്രസ് ന്യൂനപക്ഷ സെൽ ചെയ൪മാൻ കെ.കെ. കൊച്ചുമുഹമ്മദ് അറിയിച്ചു.
വ൪ഷങ്ങളായി ബി.ജെ.പി ഉന്നയിക്കുന്ന ആവശ്യമാണ് ഇവ൪ ആവ൪ത്തിക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങൾ ഒരിക്കലും ഭൂരിപക്ഷത്തിൻെറ അവകാശങ്ങൾ കവ൪ന്നെടുത്തിട്ടില്ല. ഭരണഘടന പ്രകാരമുള്ള അവകാശങ്ങൾ മാത്രമേ അവ൪ക്ക് ലഭിന്നുള്ളൂ. രാജ്യത്ത് വ൪ഗീയ കലാപമുണ്ടാക്കാനാണ് സംഘടന ശ്രമിക്കുന്നതെന്നും കൊച്ചുമുഹമ്മദ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
