അഴീക്കോടിനെ കാണാന്‍ മമ്മൂട്ടിയും യൂസഫലിയും
text_fieldsതൃശൂ൪: അഴീക്കോടിനെ കാണാൻ മമ്മൂട്ടിയും വ്യവസായപ്രമുഖൻ എം.എ.യൂസഫലിയും എത്തി. എല്ലാം ഭേദമാകുമെന്ന മമ്മൂട്ടിയുടെ ആശ്വാസവാക്കുകളിൽ രോഗത്തിൻെറ കാഠിന്യവും വൈഷമ്യവും അഴീക്കോട് മറന്നു.
ശനിയാഴ്ച വൈകുന്നേരം അമല ആശുപത്രിയിലെ മുറിയിൽ മമ്മൂട്ടിയെ മണിക്കൂറുകൾ കാത്തിരിക്കാൻ അദ്ദേഹം നി൪ബന്ധിതനായി. വൈകീട്ട് നാലിന് നിശ്ചയിച്ച പുസ്തകപ്രകാശനത്തിന് മമ്മൂട്ടി എത്തിയപ്പോൾ സമയം ആറുകഴിഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ നേരത്തേ തന്നെ സ്ഥലത്തെത്തിയിരുന്നു. എന്നാൽ മമ്മൂട്ടി വൈകിയപ്പോൾ തിരിച്ചുപോയി.
അതിനിടെ മമ്മൂട്ടി വരുമെന്ന് പറഞ്ഞ് ഏറെനേരമായി എഴുന്നേൽപിച്ചിരുത്തിയ അഴീക്കോട് മാഷിന് കടുത്ത ശരീരവേദന അനുഭവപ്പെട്ടു.
മകൻെറ വിവാഹമായിരുന്നതിനാലാണ് ആശുപത്രിയിലെത്താൻ വൈകിയതെന്ന് മമ്മൂട്ടി മാഷിനോട് പറഞ്ഞു. വിവാഹ ക്ഷണപത്രം കൊടുത്തയച്ച കാര്യവും സൂചിപ്പിച്ചു. നവാസ് പൂനൂ൪ രചിച്ച നക്ഷത്രങ്ങളുടെ രാജകുമാരൻ എന്ന പുസ്തകത്തിൻെറ രണ്ടാമത്തെ പതിപ്പിൻെറ പ്രകാശനം അഴീക്കോട് നി൪വഹിച്ചു. പി.എം. ഗംഗാധരൻ നായ൪ രചിച്ച അഴീക്കോട് ജീവിതപ്രകാശം എന്ന ഗ്രന്ഥത്തിൻെറ പ്രകാശനവും നടന്നു.
ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് യൂസഫലി എത്തിയത്. മക്കയിൽനിന്ന് കൊണ്ടുവന്ന ‘സംസം’ സ്പൂണിൽ വായിലേക്ക് ഒഴിച്ചുകൊടുത്തുകൊണ്ട് എല്ലാ അസുഖവും മാറുമെന്ന് യൂസഫലി അഴീക്കോടിനോട് പറഞ്ഞു.
വേണമെങ്കിൽ വിദഗ്ധ ചികിൽസക്കായി വിദേശത്തുനിന്ന് ഡോക്ട൪മാരുടെ സേവനം ലഭ്യമാക്കാമെന്നും മരുന്നുകൾ ആവശ്യമെങ്കിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കാമെന്നും യൂസഫലി അഴീക്കോടിനോട് പറഞ്ഞു. വിദേശത്തുവെച്ച് യൂസഫലിയുമായി വേദി പങ്കിട്ട കാര്യം അഴീക്കോട് അനുസ്മരിച്ചു. ഇതിനിടെ ആത്മകഥയുടെ കോപ്പി ഒപ്പിട്ട് അഴീക്കോട്, അദ്ദേഹത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
