എല്‍.ഡി.എഫും സമരം നിര്‍ത്തുന്നു
text_fieldsതൊടുപുഴ: മുല്ലപ്പെരിയാ൪ വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടാമെന്ന് ഉറപ്പുനൽകിയെന്ന പേരിൽ സമരത്തിൽനിന്ന് പിന്മാറിയ കോൺഗ്രസിന് പിന്നാലെ ഇടത് പാ൪ട്ടികളും അിനിശ്ചിതകാല നിരാഹാരം നി൪ത്താൻ തയാറെടുക്കുന്നു. സമരരംഗത്തുനിന്ന് മാറുന്നത് ക്ഷീണമാകുമെന്നും പ്രാദേശിക വികാരത്തിന് എതിരാകുമെന്നും പറഞ്ഞ് കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പ്രക്ഷോഭം തുട൪ന്ന സി.പി.എമ്മിനും സി.പി.ഐക്കും സമരം ഭാരമാകുന്നത് കണക്കിലെടുത്താണ് മനംമാറ്റം.
സമരം രാഷ്ട്രീയക്കാ൪ റാഞ്ചിയതോടെ ഇവ൪ക്കൊപ്പം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയ മുല്ലപ്പെരിയാ൪ സമരസമിതി പഴയപോലെ റിലേ സത്യഗ്രഹത്തിലേക്ക് മാറുന്നതിന് നീക്കം തുടങ്ങിയതായും സൂചനയുണ്ട്. സമിതി നേതൃത്വത്തിലെ പ്രക്ഷോഭം ചപ്പാത്തിലെ സമരപ്പന്തലിൽ അഞ്ചു വ൪ഷം പിന്നിട്ടിരിക്കെ ലക്ഷ്യംവരെ സമരം കൊണ്ടുപോകാൻ റിലേ സത്യഗ്രഹമാണ് നല്ലതെന്ന അഭിപ്രായത്തിലേക്ക് സമിതി എത്തിയതായാണ് വിവരം.
ഇപ്പോൾ നിരാഹാരമനുഷ്ഠിക്കുന്ന ചാത്തന്നൂ൪ എം.എൽ.എ ജയലാൽ മാറേണ്ടിവരുന്ന മുറക്ക് സമരരംഗത്തുനിന്ന് എം.എൽ.എമാരെ പിൻവലിക്കാൻ സി.പി.ഐ തീരുമാനിച്ച് കഴിഞ്ഞതായാണ് സൂചന. കോൺഗ്രസിനെ പിന്തുട൪ന്ന് എം.എൽ.എമാരെ നേരത്തേതന്നെ പിൻവലിച്ച സി.പി.എം ഇനിയങ്ങോട്ട് നിരാഹാരം വേണ്ടെന്നും അഥവാ കുറച്ചുദിവസത്തേക്ക് കൂടി തുടരണമെന്നാണെങ്കിൽ ഏരിയാതലത്തിൽ ആരെങ്കിലും മതിയെന്നും നി൪ദേശിച്ചുകഴിഞ്ഞു.
അനിശ്ചിതമായി നിരാഹാര സമരത്തിൽ എം.എൽ.എമാരെ നിലനി൪ത്തുന്നതിലെ അപ്രായോഗികതയും ഇതിനായി എം.എൽ.എമാരെ കിട്ടുക ബുദ്ധിമുട്ടായതുമാണ് സി.പി.ഐയെ വിഷമത്തിലാക്കിയത്. ഏതെങ്കിലും തരത്തിൽ തീ൪പ്പുണ്ടാക്കി വിഷയത്തിൽനിന്ന് സമീപഭാവിയിലൊന്നും പിൻവാങ്ങൽ സാധ്യമായേക്കില്ളെന്ന വിലയിരുത്തലും സി.പി.ഐക്കുണ്ട്. സമരസമിതിക്കൊപ്പം സഹകരിച്ച് രാഷ്ട്രീയ നേട്ടം കളയാതെ നിരാഹാരത്തിൽനിന്ന് പിന്മാറാനാണ് സി.പി.ഐ നീക്കം. ഇത് മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് സൂചന.
കോൺഗ്രസ് സമരം പിൻവലിച്ച ഘട്ടത്തിൽതന്നെ നി൪ത്താൻ സി.പി.എം സംസ്ഥാന നേതൃത്വം തയാറായിരുന്നെങ്കിലും ജനരോഷം കണക്കിലെടുക്കണമെന്നും തൽക്കാലം പിന്മാറുന്നത് ദോഷമാകുമെന്നുമുള്ള ജില്ലാ നേതൃത്വത്തിൻെറ നിലപാടിന് വഴങ്ങുകയായിരുന്നു. എന്നാൽ, എം.എൽ.എമാരെ ഉടൻ പിൻവലിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി. വ൪ഗീസിനെ നിരാഹാരമിരുത്തിയാണ് സമരം തുടരുന്നത്. മൂന്നു ദിവസത്തിനുള്ളിൽ വ൪ഗീസും മാറും. ഇതോടെ ഏരിയാ നേതൃത്വത്തിലെ ആരെയെങ്കിലും നിരാഹാരം അനുഷ്ഠിക്കാൻ ഏൽപ്പിച്ച് സമരം അവസാനിപ്പിക്കാനാണ് സി.പി.എം നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
