പ്രതിസന്ധിക്ക് പരിഹാരമായില്ല; ഏലം കര്‍ഷകര്‍ ദുരിതത്തില്‍
text_fieldsകട്ടപ്പന: മുല്ലപ്പെരിയാ൪ പ്രശ്നത്തെത്തുട൪ന്നുണ്ടായ ഏലം മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായില്ല. മുല്ലപ്പെരിയാ൪ പ്രശ്നത്തെത്തുട൪ന്ന് ഉടലെടുത്ത അതി൪ത്തിയിലെ സംഘ൪ഷം മൂലം ഏലക്ക ലേലം നിലക്കുകയും കാ൪ഷികപ്രവൃത്തി നിശ്ചലമാവുകയും ചെയ്തതോടെ കൃഷിക്കാ൪ കടുത്ത പ്രതിസന്ധിയിലാണ്.
മുല്ലപ്പെരിയാ൪ പ്രശ്നം ഏലക്ക വില കുത്തനെ താഴേക്ക് പതിക്കുന്നതിനിടയാക്കി. ക൪ഷകരുടെ കൈയിലും വ്യാപാരികളുടെ പക്കലും ഏലക്ക വിൽക്കാനാകാതെ കെട്ടിക്കിടക്കുകയാണ്.
കേരളത്തിലെ പ്രധാന ഏലക്ക ലേല കേന്ദ്രങ്ങളായ വണ്ടന്മേട്, പുറ്റടി സ്പൈസസ് പാ൪ക്ക് എന്നിവിടങ്ങളിലെയും തമിഴ്നാട്ടിലെ ബോഡിയിലെയും ഏല ലേലം നടക്കാതായിട്ട് രണ്ടാഴ്ചയിലേറെയായി. കേരള ക൪ഷകരുടെ ഏലക്ക കെട്ടിക്കിടക്കുമ്പോൾ തമിഴ്നാട്ടിൽ ഏലക്ക ദൗ൪ലഭ്യമാണ്. കേരളത്തിൽ ഏലത്തിന് കിലോക്ക് 450 രൂപ ലഭിക്കുമ്പോൾ തമിഴ്നാട്ടിൽ 800 രൂപ വരെ വിലയുണ്ട്.
തമിഴ്നാട്ടിലെ വ്യാപാരികളുടെ പക്കൽ സ്റ്റോക്കുള്ള ഏലക്കയാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള ഗതാഗതം നിലച്ചതുമൂലം ഏലം വ്യാപാരികൾ ലേല കേന്ദ്രങ്ങളിൽ എത്താത്തതും ചരക്കുനീക്കം തടസ്സപ്പെട്ടതുമാണ് ലേലം നിലക്കാൻ ഇടയാക്കിയത്.
കേരളത്തിലെ ലേലകേന്ദ്രങ്ങളിൽ വ്യാപാരം നടത്താൻ എത്തുന്നത് ദൽഹിയിലെയും മുംബൈയിലെയും ഏജൻറുമാരാണ്. ഇവ൪ കേരളത്തിലേക്ക് എത്തുന്നത് അതി൪ത്തിയിൽ തമിഴ്നാട് പൊലീസ് തടയുകയാണ്.
വിപണിയിലെ പ്രശ്നത്തേക്കാൾ ഗുരുതരമാണ് ഏലം കൃഷിയെ ബാധിച്ചിരിക്കുന്നത്. ദിനേന പതിനയ്യായിരത്തോളം തൊഴിലാളികൾ തമിഴ്നാട്ടിൽനിന്ന് കൃഷി പണിക്കായി എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ആരും എത്തുന്നില്ല. ഇത് വിളവെടുപ്പിനെയും വളം, കീടനാശിനി പ്രയോഗത്തെയും വിഷമത്തിലാക്കി. വിളവെടുക്കാതെ ചെടികളിൽ ഏലക്ക പഴുത്തുനിൽക്കുന്നതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ക൪ഷക൪ക്കുണ്ടായിരിക്കുന്നത്. ചെടി നശിക്കാനും ഇടയാക്കും.
തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്ന് ക൪ഷക സംഘടനാ ഭാരവാഹികൾ പറഞ്ഞു. വരുമാനം ഇല്ലാതാവുകയും 15 ദിവസത്തിലധികം പിടിച്ചുനിൽക്കേണ്ടി വരികയും ചെയ്തതോടെ ക൪ഷകരുടെ കൈയിലെ പണവും തീ൪ന്നു.
ഇതുമൂലം പല തോട്ടങ്ങളിലും തൊഴിലാളികൾക്ക് പകുതി കൂലിയാണ് നൽകുന്നത്. ഇത് മേഖലയിലെ കൃഷിപ്പണികൾ മുഴുവൻ നിലക്കാനും ഇടയാക്കുമെന്ന് ചെറുകിട ഏലം ക൪ഷക സംഘടനാ പ്രസിഡൻറ് ഒ.എഫ്. വ൪ക്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
