മൊബൈല്‍ ഫോണുകളില്‍ ഇനി റേഡിയേഷന്‍ ടാഗുകള്‍
text_fieldsന്യൂദൽഹി: മൊബൈൽ ഫോണുകൾക്ക് റേഡിയേഷൻ തോത് രേഖപ്പെടുത്തുന്ന 'ടാഗുകൾ' വൈകാതെ നി൪ബന്ധമാക്കും. ഇതുസംബന്ധിച്ച നിയമം ഉടൻ നിലവിൽവരും. രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 90 കോടി ജനങ്ങൾക്ക് പുതിയ നിബന്ധന ആശ്വാസമാകും. മൊബൈൽ ഫോണുകളിലെ ആരോഗ്യത്തിന് ഹാനികരമാകുന്ന റേഡിയേഷൻ കുറക്കുന്നതിനായി നിയമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമാണിത്. സെറ്റ് ചെവിയിൽവെച്ച് സംഭാഷണം കേൾക്കുന്നതിനു പകരം ഹെഡ്‌സെറ്റ് ഉപയോഗിച്ചോ ഫോണിന്റെ ശബ്ദം കൂട്ടിയോ ബ്ലൂടുത്ത് ഉപയോഗിച്ച് വയറില്ലാതെ കേൾക്കാൻ പറ്റുന്ന സംവിധാനം ഉപയോഗിച്ചോ ഫോണും ശരീരഭാഗവും തമ്മിലുള്ള അടുപ്പം പരമാവധി കുറക്കാനാണ് നി൪ദേശം.
ദീ൪ഘ സംഭാഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതോടൊപ്പം എസ്.എം.എസ് മാ൪ഗത്തിലൂടെ വിവരങ്ങൾ കൈമാറുന്നതിന് പ്രാധാന്യം നൽകണമെന്ന് നി൪ദേശമുണ്ട്. കുട്ടികൾ, ഇളംപ്രായക്കാ൪, ഗ൪ഭിണികൾ, ശരീരത്തിനകത്തോ പുറത്തോ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവ൪ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക ആരോഗ്യ മുന്നറിയിപ്പു നൽകണം.
മൊബൈൽ ഫോണുകളിൽ നിന്നുള്ള വൈദ്യുത കാന്തിക തരംഗങ്ങളുടെ (ഇലക്‌ട്രോമാഗ്‌നറ്റിക് ഫ്രീക്വൻസി) റേഡിയേഷനെ കുറിച്ച് ഉപഭോക്താക്കൾ ബോധവാന്മാരല്ല. മൊബൈൽ സംഭാഷണ വിനിമയം സാധ്യമാകുന്നത് റേഡിയോ തരംഗങ്ങൾ വഴിയാണ്.
ഈ റേഡിയോ തരംഗങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന്റെ നിരക്കിനെയാണ് നിശ്ചിത ആഗിരണ നിരക്ക് ( സ്‌പെസിഫിക് അബ്‌സോ൪ബ്ഷൻ റേറ്റ് ) എന്നു പറയുന്നത്. ഈ നിരക്കിലെ വ൪ധന ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. നിലവിൽ ഇന്ത്യ അംഗീകരിച്ച നിരക്ക് 2 വാട്ട്‌സ്/കി.ഗ്രാം ആണ്. അന്താരാഷ്ട്ര കമീഷൻ ഓൺ നോൺ അയണൈസിങ് റേഡിയേഷൻ പ്രൊട്ടക്ഷൻ അസോസിയേഷൻ അംഗീകരിച്ച തോതാണിത്. കേന്ദ്ര മന്ത്രിസഭ സമിതി ഈ തോത് 1.6 വാട്‌സ്/ കി.ഗ്രാം ആയി കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ നിരക്ക് എല്ലാ സെറ്റുകളിലും നി൪ബന്ധമായും രേഖപ്പെടുത്തണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.
ഭാവിയിൽ പുതിയ മൊബൈൽ ഫോൺ ഹാൻഡ്‌സെറ്റുകൾ വിൽക്കുമ്പോൾ 'ബിസ്' നിലവാരം രേഖപ്പെടുത്തണമെന്നും നേരിട്ടല്ലാതെ സംഭാഷണങ്ങൾ കേൾക്കാനാകുന്ന ഉപകരണങ്ങൾ കൂടി വിതരണം ചെയ്യണമെന്നും നിഷ്‌ക൪ഷിക്കും. റേഡിയേഷൻ നിരക്ക് ഹാൻഡ്‌സെറ്റ് വാങ്ങുമ്പോൾതന്നെ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ഇതിനായി 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്താൻ തീരുമാനിച്ചതായി ടെലികോം വകുപ്പ് സെക്രട്ടറി ആ൪. ചന്ദ്രശേഖ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
