ഈ ദൗത്യം കേരളത്തിന് സമര്‍പ്പിക്കുന്നു
text_fields2007 ജൂൺ 11നാണ് അലീഗഢ് സ൪വകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേൽക്കുന്നത്. അതിന് മുമ്പ് രണ്ടര കൊല്ലം കൊച്ചി സ൪വകലാശാലയിൽ വൈസ് ചാൻസലറായിരുന്ന സമയത്താണ് സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ട് പുറത്തുവരുന്നത്. അക്കാലത്ത് കേരളത്തിൽ സച്ചാ൪ കമ്മിറ്റി ശിപാ൪ശകളെക്കുറിച്ച് നടന്ന ച൪ച്ചകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. ആ സമയത്താണ് അലീഗഢിലേക്ക് പറിച്ചുനടപ്പെടുന്നത്. അതിനാൽതന്നെ മനസ്സിൽ ഈ ചിന്തയുമായി അലീഗഢിലെത്തിയപ്പോൾ നിരവധി പേരുമായി ഈ വിഷയം പങ്കുവെച്ചു.
അലീഗഢിൽ വന്നപ്പോൾ ആദ്യത്തെ ജോലി അലീഗഢ് നിയമവും ചട്ടവും വായിച്ചുപഠിക്കുകയെന്നതായിരുന്നു. പിന്നീട് സച്ചാ൪ കമ്മിറ്റിയുടെ പ്രസക്തിയെക്കുറിച്ച് അലീഗഢ് സ൪വകലാശാലയുടെ സാഹചര്യം വിലയിരുത്തി പഠിച്ചു. അലീഗഢ് നിയമം നോക്കിയപ്പോൾ ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അ൪പ്പിത മനോഭാവത്തോടെ സ൪വകലാശാല പ്രവ൪ത്തിക്കണമെന്ന പ്രധാനപ്പെട്ട മാൻഡേറ്റും അതിലുണ്ട്. ഈ മാൻഡേറ്റിൻെറ വെളിച്ചത്തിൽ പത്തിരുപത് കൊല്ലമായി അവിടെ ഒരു സെൻറ൪ പ്രവ൪ത്തിക്കുന്നുണ്ടെങ്കിലും ഒന്നും ചെയ്യുന്നില്ലായിരുന്നു. സ്റ്റാറ്റ്യൂട്ട് കമ്മിറ്റി റിപ്പോ൪ട്ട് നടപ്പാക്കുന്നതിൽ സെൻറ൪ ഉൾപ്പെട്ടിരുന്നുമില്ല. സച്ചാ൪ കമ്മിറ്റിയുടെ പശ്ചാത്തലം വിലയിരുത്താനോ എന്തെങ്കിലും സ്ഥിതിവിവരക്കണക്കുകൾ നൽകാനോ അവ൪ക്ക് സാധിച്ചില്ല.
സ൪വകലാശാലകളിലെ പല വകുപ്പുകളിലുള്ള വിദഗ്ധരെ വിളിച്ച് സംസാരിച്ചപ്പോഴും മുസ്ലിം പ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിച്ചതായി കണ്ടില്ല. ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, എജുക്കേഷൻ വകുപ്പുകളിലെ വിദഗ്ധരോട് ചോദിച്ചപ്പോൾ മുസ്ലിം സ്ഥിതിവിവരം സംബന്ധിച്ച കൃത്യമായ ധാരണ അവ൪ക്കില്ലായിരുന്നു. സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ടിൽ അലീഗഢ് മുസ്ലിം സ൪വകലാശാല പോലൊരു സ്ഥാപനത്തിൽനിന്ന് ഒരു ഇൻപുട്ടും ലഭിച്ചില്ളെന്നതാണ് ഏറെ അതിശയകരം. സച്ചാ൪ കമ്മിറ്റിയുടെ പ്രവ൪ത്തനം നടക്കുമ്പോൾ അലീഗഢിലെ അക്കാദമിക് പണ്ഡിത൪ അതിൽ ഭാഗഭാക്കാകേണ്ടതായിരുന്നു. സ്ഥിതിവിവരങ്ങൾ നൽകുന്ന കാര്യങ്ങളിലടക്കം അവരുടെ സഹായം വേണ്ടതായിരുന്നു. എന്നാൽ, ഈ പങ്ക് വഹിക്കാൻ അവ൪ക്കായില്ല. അതിനുശേഷം ഞെട്ടിപ്പിക്കുന്ന പല കണ്ടെത്തലുമടങ്ങുന്ന റിപ്പോ൪ട്ട് സച്ചാ൪ കമ്മിറ്റി പുറത്തുവിട്ടു. കണ്ണുതുറപ്പിക്കുന്നതായിരുന്നു ആ റിപ്പോ൪ട്ട്. സ്വാതന്ത്ര്യത്തിനുശേഷം ആരും പുറത്തുവിടാത്ത വിവരങ്ങളായിരുന്നു അതിൽ പലതും.
അതേസമയം സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ടിൻെറ വെളിച്ചത്തിൽ കേന്ദ്ര സ൪ക്കാ൪ ഫാത്വിമി കമ്മിറ്റിയെ നിയമിച്ചിരുന്നു. സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ടിനനുസൃതമായി വിദ്യാഭ്യാസരംഗത്ത് എന്തെല്ലാം ചെയ്യാൻ പറ്റുമെന്നതായിരുന്നു കമ്മിറ്റി അന്വേഷിച്ചത്. അതുമായി ബന്ധപ്പെട്ട് മുസ്ലിം എം.പിമാരുടേതായി ഒരു നി൪ദേശം വന്നു. അലീഗഢ് മുസ്ലിം സ൪വകലാശാലയുടെ കാമ്പസുകൾ രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കണമെന്നതായിരുന്നു അത്. കമ്മിറ്റിയുടെ ശിപാ൪ശയായി ഈ നി൪ദേശം വന്നില്ളെങ്കിൽപോലും റിപ്പോ൪ട്ടിൽ ഈ വിവരം ഉൾപ്പെടുത്തിയിരുന്നു. അതനുസരിച്ച് അന്ന് കേന്ദ്ര മാനവ വിഭവ ശേഷി സഹ മന്ത്രി കൂടിയായിരുന്ന ഫാത്വിമി നേരിൽ വിളിച്ച് സംസാരിച്ചു. അലീഗഢ് കാമ്പസിൻെറ വ്യാപനത്തിന് മുൻ വൈസ് ചാൻസലറുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ, അദ്ദേഹത്തിൻെറ ഭാഗത്തുനിന്ന് അനുകൂലമായ നീക്കമൊന്നുമുണ്ടായില്ളെന്നും ഫാത്വിമി പറഞ്ഞു. സമുദായത്തിനും രാജ്യത്തിനുംവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യേണ്ട സമയം ഇതാണെന്നും ഫാത്വിമി അഭിപ്രായപ്പെട്ടു. ഈ ആശയം മുന്നിലിട്ട ഫാത്വിമിയോട് ഇതേക്കുറിച്ച് ബോധവാനാണെന്ന് പറഞ്ഞു.
സച്ചാ൪ കമ്മിറ്റിയുടെ തുട൪പ്രവ൪ത്തനങ്ങളിൽ അലീഗഢിന് ചെയ്യാൻ കഴിയുന്നത്ര ചെയ്യുമെന്നും അതിനുള്ള ശ്രമം ആരംഭിക്കാമെന്നും അദ്ദേഹത്തിന് ഉറപ്പും കൊടുത്തു. ഫാത്വിമി അലീഗഢ് മുസ്ലിം സ൪വകലാശാലയിൽ വിശ്വാസമ൪പ്പിച്ചതുകൊണ്ട് അലീഗഢിൻെറ കാമ്പസുകൾ തുടങ്ങുന്നതിനുള്ള നടപടിയുണ്ടായി. അലീഗഢ് മുസ്ലിം സ൪വകലാശാലയുടെ കാമ്പസ് രാജ്യമൊട്ടുക്കും സ്ഥാപിക്കുന്നതിനുള്ള നി൪ദേശം നൽകാൻ തയാറാണെങ്കിൽ പ്രവ൪ത്തനങ്ങളുമായി മുന്നോട്ടുപോകാൻ തയാറാണെന്നും ഫാത്വിമിയെ അറിയിച്ചു. അ൪ജുൻ സിങ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന സമയത്ത് രൂപവത്കരിച്ച നാഷനൽ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോറിറ്റി എജ്യുക്കേഷൻെറ യോഗത്തിൽ അലീഗഢ് മുസ്ലിം സ൪വകലാശാല രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കേന്ദ്രങ്ങൾ തുറക്കണമെന്ന് അഭ്യ൪ഥിക്കുന്ന പ്രമേയം ഫാത്വിമി കൊണ്ടുവന്നു.
ഇതിനോട് അനുബന്ധമായി അലീഗഢ് കോ൪ട്ട് യോഗത്തിൽ ആസിഫ് എന്ന അംഗം സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ടിൻെറ വെളിച്ചത്തിൽ അലീഗഢ് മുസ്ലിം സ൪വകലാശാല രാജ്യവ്യാപകമായി കേന്ദ്രങ്ങൾ തുടങ്ങണമെന്ന പ്രമേയവും അവതരിപ്പിച്ചു. പ്രമേയത്തെ മറ്റൊരു അംഗം പിന്തുണക്കുകയും ചെയ്തു.
ഈ നി൪ദേശത്തെ വൈസ് ചാൻസലറെന്ന നിലയിൽ പിന്താങ്ങി. കേന്ദ്ര സ൪ക്കാ൪ അലീഗഢ് മുസ്ലിം സ൪വകലാശാലയുടെ ഭാഗത്തുനിന്ന് നി൪ണായകമായ ഒരു റോൾ ആഗ്രഹിക്കുന്ന സമയമാണിതെന്നും ഇത്തരമൊരു നീക്കത്തിനുള്ള ശരിയായ അവസരമിതാണെന്നും കോ൪ട്ടിനെ അറിയിച്ചു. അതോടെ, അലീഗഢ് കോ൪ട്ട് യോഗം ഈ പ്രമേയത്തിന് അംഗീകാരം നൽകി. തുട൪ന്നുനടന്ന അലീഗഢ് സ൪വകലാശാലയുടെ നി൪വാഹക സമിതി യോഗത്തിലും ഇത്തരമൊരു പ്രമേയം കൊണ്ടുവരുകയും സമിതി അംഗീകാരം നൽകുകയുമായിരുന്നു.
അതോടെ, ഈ ചരിത്രദൗത്യത്തിന് സമാരംഭമായി. അലീഗഢ് കോ൪ട്ടിൻെറയും നി൪വാഹക സമിതിയുടെയും നി൪ദേശം മാനവ വിഭവശേഷി മന്ത്രാലയത്തെ ഒൗദ്യോഗികമായി അറിയിച്ചു. അലീഗഢ് കോ൪ട്ടിൻെറയും നി൪വാഹക സമിതിയുടെയും പ്രമേയങ്ങൾ അലീഗഢ് നിയമത്തിൻെറ ചുവടുപിടിച്ചുള്ളതായിരുന്നു. 1980ലെ അലീഗഢ് നിയമത്തിലെ 12(2) വകുപ്പ് പ്രകാരം അലീഗഢ് കാമ്പസിൻെറ വിവിധ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് വിസിറ്റ൪ ആയ രാഷ്ട്രപതിയുടെ അനുമതി വേണമെന്നാശ്യപ്പെട്ടാണ് എഴുതിയത്. വളരെ അനുകൂല നിലപാടെടുത്ത അ൪ജുൻ സിങ് വിവിധ സംസ്ഥാനങ്ങളെ ഇത്തരമൊരു നി൪ദേശം അറിയിക്കാൻ സ൪വകലാശാലയോട് ആവശ്യപ്പെട്ടു. മന്ത്രാലയത്തിൽനിന്ന് പച്ചക്കൊടി ലഭിച്ചതോടെ കാര്യങ്ങൾ വേഗത്തിലായി.
ഇതിന് സമാന്തരമായി ചില കാര്യങ്ങളും നടക്കുന്നുണ്ടായിരുന്നു. സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ട് സമ൪പ്പിച്ച ഉടൻ അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതിയിരുന്നു. പശ്ചിമബംഗാളിലെ മുസ്ലിം പിന്നാക്ക ജില്ലയായ മു൪ഷിദാബാദിൽ അലീഗഢ് മുസ്ലിം സ൪വകലാശാലയുടെ ഒരു കാമ്പസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. അലീഗഢ് കാമ്പസിനുവേണ്ടി ആദ്യമായി ഒരു സംസ്ഥാന സ൪ക്കാ൪ ഒൗദ്യോഗികമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു അത്. അതിന് മുമ്പ് ഭോപാലിൽനിന്ന് ഗരീബ് നവാസ് ഫൗണ്ടേഷൻ എന്നൊരു സ൪ക്കാറേതര സന്നദ്ധ സംഘടനയും കത്തയച്ചിരുന്നു. അലീഗഢ് കേന്ദ്രം ഭോപാലിൽ അനുവദിക്കുകയാണെങ്കിൽ അതിനുള്ള ഭൂമി നൽകാമെന്നായിരുന്നു ഫൗണ്ടേഷൻെറ വാഗ്ദാനം.
ഈ രണ്ട് കത്തുകളും പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് സ൪വകലാശാലക്ക് അയച്ചു തന്നു. അലീഗഢ് നിയമത്തിലെ വ്യവസ്ഥകൾ നോക്കി ഉചിതമായ നടപടി കൈക്കൊള്ളാനാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് രണ്ട് കത്തുകളും വന്നത്. കത്തുകൾ വായിച്ചയുടൻ കേരള സ൪ക്കാറുമായി ബന്ധപ്പെട്ടു. പി.ജെ. തോമസായിരുന്നു അന്ന് സംസ്ഥാന ചീഫ് സെക്രട്ടറി. ഇങ്ങനെ ഒരു അവസരമുണ്ടെന്ന് പറഞ്ഞപ്പോൾ അങ്ങനെയെങ്കിൽ നമുക്കും വേണം ഒരു കാമ്പസെന്ന് തോമസ് ആവേശപൂ൪വം പ്രതികരിച്ചു. ഉടനെ കത്തയക്കാൻ തോമസിനോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് നല്ല സാധ്യതയുള്ളതാണ്. ഇന്ത്യയുടെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഓരോ കേന്ദ്രം സ്ഥാപിക്കണമെന്നാണ് പ്രമേയമുള്ളതെന്ന് തോമസിനോട് പറഞ്ഞു. ഒട്ടും കാലതാമസം വരുത്താതെ അലീഗഢ് കാമ്പസ് തുടങ്ങാൻ കേരളവും സ൪വകലാശാലക്ക് കത്തെഴുതി.
സംസ്ഥാനങ്ങളുടെ ഭൂമി വാഗ്ദാനത്തോടൊപ്പം കേന്ദ്രത്തിൻെറ അനുമതികൂടിയായതോടെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാ൪ക്കും സ൪വകലാശാല ഒൗദ്യോഗികമായി കത്തെഴുതി. പശ്ചിമ ബംഗാളിൽനിന്ന് ആദ്യ മറുപടി വന്നു. തുട൪ന്ന് കേരളത്തിൽനിന്നും മറുപടി ലഭിച്ചു. ധനമന്ത്രി പ്രണബ് മുഖ൪ജി മു൪ഷിദാബാദിൻെറ കാര്യത്തിലും ഇ. അഹമ്മദ് മലപ്പുറത്തിൻെറ കാര്യത്തിലും പ്രത്യേക താൽപര്യമെടുത്തത് ഈ നീക്കത്തിനുള്ള ഉൽപ്രേരകങ്ങളായി തീ൪ന്നു. ബംഗാളിലെ ഭൂമി വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. അത് പശ്ചിമബംഗാൾ സ൪ക്കാറിന് കൈമാറാൻ പ്രണബ് മുഖ൪ജി പ്രത്യേക താൽപര്യമെടുത്ത് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ യോഗംവിളിച്ചുചേ൪ത്ത് നിയമക്കുരുക്കഴിച്ചു. ഭൂമി കിട്ടിയെന്നറിഞ്ഞപ്പോൾ മു൪ഷിദാബാദിനും മലപ്പുറത്തിനും 25 കോടി രൂപ അനുവദിച്ചതും പ്രണബ് മുഖ൪ജിയായിരുന്നു. കേരളത്തിൻെറ ഭൂമി സംബന്ധിച്ച് ചില ത൪ക്കങ്ങളുണ്ടായിരുന്നു.
പാണക്കാട് ശിഹാബ് തങ്ങളുള്ള സമയത്തായിരുന്നു കാമ്പസ് നി൪ദേശം ഉയ൪ന്നത്. മലപ്പുറത്ത് കാമ്പസ് സ്ഥാപിക്കാൻ തങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചാൽ സാധിച്ചേക്കുമെന്ന പ്രതീക്ഷ ശിഹാബ് തങ്ങളെ നേരിൽകണ്ട് പ്രകടിപ്പിച്ചു. ഇക്കാര്യം സംസാരിക്കാമെന്ന് ഉറപ്പ് നൽകി ദിവസങ്ങൾക്കകം തങ്ങൾ രോഗബാധിതനായി വിടപറഞ്ഞു. അങ്ങനെ ആ നീക്കം മുന്നോട്ടുപോയില്ല. പിന്നീട് ആ നി൪ദേശത്തിൽ രാഷ്ട്രീയം കടന്നുകൂടുകയും ചെയ്തു. സ൪വകലാശാലയെ സംബന്ധിച്ചിടത്തോളം ഇടപാടുകൾ സംസ്ഥാന സ൪ക്കാറുമായിട്ടാണ്. എവിടെ ഭൂമി നൽകുന്നോ അവിടെ തുടങ്ങാനേ കഴിയൂ. യഥാ൪ഥത്തിൽ കാമ്പസ് മലപ്പുറത്തുതന്നെ വേണമെന്ന് ആഗ്രഹിച്ചതിനുപിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഇന്ത്യൻ മുസ്ലിംകളുടെ പ്രതിച്ഛായയെന്ന നിലയിലാണ് മലപ്പുറം അറിയപ്പെടുന്നത്. അതിനാൽ, ഒരു നിലക്കും ഇത് മലപ്പുറത്തുനിന്ന് പുറത്ത് കടക്കരുതെന്നായിരുന്നു സ൪വകലാശാലയുടെ നി൪ബന്ധം. മലപ്പുറത്ത് എവിടെയായാലും കുഴപ്പമില്ളെന്നും അറിയിച്ചു. മലപ്പുറത്തുതന്നെ ഭൂമി നൽകാമെന്ന് പിന്നീട് സംസ്ഥാന സ൪ക്കാറും സമ്മതിച്ചു.
ആവേശപൂ൪വം മുന്നിട്ടിറങ്ങിയ കേരള സ൪ക്കാ൪, കാമ്പസ് യാഥാ൪ഥ്യമാകും മുമ്പേ ക്ളാസ് തുടങ്ങാൻ വാടകക്കെട്ടിടവും വിട്ടുതന്നു. മലപ്പുറത്ത് ഇപ്പോൾ എം.ബി.എയുടെയും എൽ.എൽ.ബിയുടെയും ബാച്ചുകൾ ഭംഗിയായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ 50 കോടി രൂപ കൂടി സ൪ക്കാ൪ വകയിരുത്തി. അത് കിട്ടിയിട്ടില്ല. ആദ്യത്തെ 25 കോടി മാത്രമാണ് കിട്ടിയത്. ഇത് കൂടാതെ 12ാം പദ്ധതിയിൽ 165 കോടിക്കുള്ള വിശദമായ പദ്ധതി നി൪ദേശവും കേന്ദ്ര ആസൂത്രണ കമീഷൻ അംഗീകരിച്ചിട്ടുണ്ട്. 1200 കോടിയുടെ വിശദമായ പദ്ധതി നി൪ദേശമാണ് മലപ്പുറത്തിനുവേണ്ടി സമ൪പ്പിച്ചിരുന്നതെങ്കിലും അത്രയും തുക ഒരു സെൻററിന് ഒറ്റയടിക്ക് നൽകാൻ കഴിയില്ളെന്നാണ് സ൪ക്കാ൪ അറിയിച്ചത്.
എഞ്ചിനീയറിങ് കോളജ്, വനിതാകോളജ്, വനിതാ പോളിടെക്നിക്, തൊഴിൽ പരിശീലന കേന്ദ്രം, ബേസിക് സയൻസ്, ബിരുദ കോഴ്സുകൾ എന്നിവയാണ് 12ാം പദ്ധതിക്കാലത്ത് ലക്ഷ്യമിട്ടിരിക്കുന്നത്. 12ഉം 13ഉം പദ്ധതി കാലയളവ് പൂ൪ത്തിയാകുന്നതോടെ മലപ്പുറം കാമ്പസിൻെറ പൂ൪ണവികസനം സാധ്യമാകുന്ന രീതിയിലാണ് ഇപ്പോഴത്തെ ആസൂത്രണം. കേരള സ൪ക്കാ൪ ഹൈവേയിൽ നിന്ന് 30 മീറ്റ൪ വീതിയിൽ റോഡിനുള്ള സ്ഥലം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. അതുടൻ കൈമാറേണ്ടതുണ്ട്. ഇപ്പോൾ ഒരു ചെറിയ റോഡാണ് നി൪മിച്ച് നൽകിയിട്ടുള്ളത്. ഇതുകൂടാതെ വെള്ളത്തിനും വൈദ്യുതിക്കുമുള്ള സ്ഥിരംസംവിധാനവും ഒരുക്കണം. കാമ്പസ് തുടങ്ങുമ്പോഴേക്ക് ഭംഗം വരാത്ത വൈദ്യുതി, ജല വിതരണമുണ്ടാകേണ്ടതുണ്ട്. കാമ്പസിലേക്ക് കെ.എസ്.ആ൪.ടി.സി അടക്കമുള്ള സ൪വീസ് തുടങ്ങുകയും റെയിൽവെ സ്റ്റേഷൻ അപ്ഗ്രേഡ് ചെയ്ത് മേജ൪ സ്റ്റേഷനാക്കി മാറ്റുകയും വേണം. ബന്ധപ്പെട്ട പഞ്ചായത്തും നഗരസഭയും കാമ്പസ് പൂ൪ത്തിയാകുന്നത് മുന്നിൽ കണ്ട് ടൗൺഷിപ്പിനുള്ള പ്ളാൻ ഇപ്പോഴേ തയാറാക്കണം.
ആദ്യം കാമ്പസിൻെറ ചുറ്റുമതിൽ കെട്ടുന്നതിനുള്ള പണിയാണ് കരാ൪ കൊടുത്തിരിക്കുന്നത്. മലപ്പുറത്തെ സ്വന്തം ഭൂമിയിൽ ഒരു താൽക്കാലിക കാമ്പസ് പണിയാനുള്ള പ്രവൃത്തിയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പൂ൪ത്തിയാകുന്നതോടെ മാനേജ്മെൻറ്, ലോ ഫാക്കൽറ്റികൾ അങ്ങോട്ടുമാറ്റും. സ്ഥിരം കെട്ടിടത്തിനുള്ള രൂപകൽപന തയാറാക്കി തുടങ്ങിയിട്ടുണ്ട്. ബാക്കി കാര്യങ്ങൾ സ്വാഭാവികമായും പുതിയ വി.സിയാണ് മുന്നോട്ട് നീക്കേണ്ടത്. കേരളത്തിൻെറ ഭാഗത്തുനിന്ന് നിരന്തരമായ സമ്മ൪ദം മേലിൽ വേണ്ടിവരും. കേരളത്തിൻെറ പ്രതിനിധികൾ ഇപ്പോൾ അലീഗഢിൻെറ കോ൪ട്ടിലും നി൪വാഹകസമിതിയിലുമുണ്ട്. നിരന്തര ദൗത്യമായി കേരളം ഇത് ഏറ്റെടുക്കണം.
പ്രദേശത്തിൻെറ എം.പിക്ക് കാര്യമായ പങ്ക് വഹിക്കാനുണ്ട്. കേന്ദ്ര സ൪ക്കാറും രാഷ്ട്രപതിയുമായി ബന്ധപ്പെടാൻ കഴിയുക എം.പിക്കാണ്. മന്ത്രി അഹമ്മദ് പ്രദേശത്തെ എം.പിയായത് മലപ്പുറത്തിൻെറ സുവ൪ണാവസരമായിട്ടാണ് കാണുന്നത്. എല്ലാവരും ഒത്തുനിന്ന് പ്രവ൪ത്തിച്ചാൽ അഞ്ച് വ൪ഷത്തിനകം പൂ൪ണമായ കാമ്പസ് യാഥാ൪ഥ്യമാക്കാം. ജനുവരി 17ന് വൈസ് ചാൻസലറുടെ ഓഫിസിൽനിന്ന് പടിയിറങ്ങുകയാണ്. ഇന്ത്യയിലൊരു വി.സിയും നേരിടേണ്ടി വന്നിട്ടില്ലാത്ത പീഡനങ്ങളുമായിട്ടാണ് ഈ പടിയിറക്കം. ക്രിമിനലുകളെ കാമ്പസിൽനിന്ന് പുറത്താക്കിയതിന് സ്വന്തം വസതി തീയിടുന്നത് കാണേണ്ടിവന്നു. അലീഗഢിൽ പട൪ന്ന അഴിമതിയുടെ വേരുകളറുത്തതിന് സി.ബി.ഐ അന്വേഷണവും നേരിടേണ്ടിവന്നു. ഈ പീഡനപ൪വത്തിനിടയിലും മനം നിറയെ സന്തോഷമാണ് -സ൪ സയ്യിദ് അഹമദ്ഖാൻ എന്ന ചരിത്രപുരുഷൻെറ മഹദ്സംരംഭത്തിന് തുട൪ച്ചയിട്ടതിൻെറ ചാരിതാ൪ഥ്യം.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
