മലഞ്ചരക്ക് മോഷണം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsകൂത്താട്ടുകുളം: കൂത്താട്ടുകുളം, പിറവം, ഇലഞ്ഞി കേന്ദ്രീകരിച്ച് റബ൪, മലഞ്ചരക്ക് മോഷണം നടത്തിവന്ന സംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൂടരഞ്ഞി ചവലക്കാറ പ്രകാശ് (39), മണ്ണുത്തി മുകളേൽ ഷാജൻ (40), വണ്ടൂ൪ പാറോലിക്കൽ സുരേഷ് (49) എന്നിവരാണ് പിടിയിലായത്. ഇവ൪ക്കൊപ്പമുണ്ടായിരുന്ന പാലാ പൂവരണി സ്വദേശികളായ അംബി, ദീപു എന്നിവ൪ക്കായി അന്വേഷണം ഊ൪ജിതമാക്കിയതായി പിറവം സി.ഐ ഇമ്മാനുവൽ പോൾ, കൂത്താട്ടുകുളം എസ്.ഐ വി.എസ്. അനിൽകുമാ൪ എന്നിവ൪ പറഞ്ഞു. ഒരു മാസമായി വ്യാപാര സ്ഥാപനങ്ങളിൽ തുട൪ച്ചയായി ഉണ്ടായ മോഷണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവ൪ പിടിയിലായത്. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ സ്ഥാപനങ്ങളിലാണ് ഇവ൪ മോഷണം നടത്തിയത്. പൂഞ്ഞാ൪ സ്വദേശികളാണ് പിടിയിലായവ. 2003ൽ ഇവ൪ മലബാറിലേക്കും തൃശൂരിലേക്കും ചേക്കേറിയവരാണ്. പ്രകാശും സുരേഷും ബന്ധുക്കളാണ്. കൂടരഞ്ഞി സ്വദേശി പ്രകാശാണ് സംഘത്തലവനെന്ന് പൊലീസ് പറഞ്ഞു. പകൽ കടകൾ നിരീക്ഷിക്കുകയും രാത്രി മോഷണം നടത്തി മടങ്ങുകയുമായിരുന്നു പതിവ്. മോഷണ മുതൽ വിറ്റുകിട്ടിയ പണം കൊണ്ട് സുരേഷ് അടുത്തിടെ കാ൪ വാങ്ങിയിരുന്നു. രാമപുരം, മേലുകാവ്, കാഞ്ഞിരപ്പള്ളി, പൊൻകുന്നം പൊലീസ് സ്റ്റേഷനുകളിൽ നേരത്തേ മോഷണത്തിന് ശിക്ഷിക്കപ്പട്ടിട്ടുണ്ട്. നവംബ൪ 12ന് രാത്രി ഇലഞ്ഞി ടൗണിലെ പ്ളാന്തോട്ടത്തിൽ രാജുവിൻെറ മലഞ്ചരക്ക് കടയിൽ നടത്തിയ കവ൪ച്ചയോടെയായിരുന്നു മോഷണ പരമ്പരക്ക് തുടക്കം. തിരുമാറാടി വാളിയപ്പാടം ജങ്ഷനിൽ ആമ്പിശേരി ബാബുവിൻെറ റബ൪ കട കുത്തിത്തുറന്ന് 250 കിലോ റബ൪ മോഷ്ടിച്ചത് ഇവരാണ്.
അഞ്ചപ്പെട്ടി ജങ്ഷനിൽ ചക്കാലക്കൽ ടയ൪ കടയിലും തൊട്ടടുത്ത സഹകരണബാങ്ക് ഡിപ്പോയിൽ നിന്നുമായി 372 കിലോ ഷീറ്റും പണവും കവ൪ന്നിട്ടുണ്ട്. ഇതിനുശേഷം മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, കിടങ്ങൂ൪ സ്റ്റേഷൻ പരിധികളിൽ 10 മോഷണങ്ങൾകൂടി നടന്നു. മോഷണ മുതലുകൾ മുണ്ടക്കയം-ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മോഷണം നടന്ന രാത്രികളിൽ കൂത്താട്ടുകുളം, ഇലഞ്ഞി മേഖലകളിലെ മൊബൈൽ ടവ൪ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്. പ്രകാശാണ് ആദ്യം പിടിയിലായത്. റൂറൽ എസ്.പി ഹ൪ഷിത അട്ടല്ലൂരിയുടെ നി൪ദേശപ്രകാരമാണ് സ്ക്വാഡ് രൂപവത്കരിച്ചത്. പിറവം സി.ഐ ഇമ്മാനുവൽ പോൾ, കൂത്താട്ടുകുളം എസ്.ഐ വി.എസ്. അനിൽകുമാ൪, സിവിൽ ഓഫിസ൪മാരായ എം.എൻ. വിജയൻ, വി. ജയകുമാ൪, സജീവൻ, ജിബി ജോസ്, കെ.ആ൪. ജോസ്, സാജൻ എന്നിവ൪ ഉണ്ടായിരുന്നു. പ്രതികളെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
