ദുരന്തം മാത്രയെ ദുഃഖത്തിലാഴ്ത്തി
text_fieldsപുനലൂ൪: കുടുംബത്തിലെ മൂന്നുപേരുടെ മരണം മാത്ര ഗ്രാമത്തെ തീരാദുഃഖത്തിലാഴ്ത്തി. കൊല്ലം ഫെസ്റ്റ് കാണാൻ സ്വന്തം കാറിൽ രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ട ഇവരുടെ തിരിച്ചുവരവും കാത്തിരുന്നവ൪ വൈകുന്നേരം കേട്ടത് ദുരന്തവാ൪ത്തയാണ്. കരവാളൂ൪ മാത്ര നെടുമല പ്ളാവിളവീട്ടിൽ അ൪ജുനൻപിള്ളയുടെ കുടുംബത്തിലാണ് ദുരന്തമെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെ ദേശീയപാത 744 ൽ അമ്പലത്തുംകാലക്കുസമീപം കാറിൽ ടിപ്പ൪ ഇടിച്ച് അ൪ജുനൻപിള്ളയുടെ ഭാര്യ രാജേശ്വരിഅമ്മ (65), ഇളയമകൻ സുനിൽകുമാ൪ (37), ഭാര്യ ജൂലി (30) എന്നിവരാണ് മരിച്ചത്. സുനിൽകുമാറിൻെറ മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളായ സംഗീത, സാരംഗ്, സഹോദരൻ അനിൽകുമാറിൻെറ മക്കളായ അഭിജിത്ത് (10), അനന്തു (അഞ്ച്) എന്നിവ൪ക്ക് ഗുരുതര പരിക്കേറ്റു.
പത്തുവ൪ഷമായി ദുബൈയിലായിരുന്ന സുനിൽകുമാ൪ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ജനുവരി പത്തിന് ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനിരുന്നതാണ്. കഴിഞ്ഞദിവസം മണിയാറിൽ ബന്ധുവിൻെറ മരണത്തിനെത്തിയ സുനിൽകുമാ൪ കുടുംബാംഗങ്ങളെയെല്ലാവരെയും കണ്ട് പരിചയം പുതുക്കിയാണ് പിരിഞ്ഞത്. രാവിലെ 11 ഓടെയാണ് സ്വന്തം സാൻട്രോ കാറിൽ സുനിലും കുടുംബവും കൊല്ലത്തേക്ക് തിരിച്ചത്. യാത്രതിരിക്കുംമുമ്പ് വീടിനടുത്തുള്ള ജങ്ഷനിലെത്തി പലരുമായും സംസാരിച്ചാണ് പോയത്.
കൊല്ലം ഫെസ്റ്റ് കണ്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം. അപകടം നടന്ന് മിനിറ്റുകൾക്കുള്ളിൽ മാത്രയിൽ വിവരം അറിഞ്ഞു. സന്ധ്യവരെയും അപകടവിവരം വീട്ടിലുണ്ടായിരുന്ന അ൪ജുനൻപിള്ളയെ അറിയിച്ചില്ല. അസാധാരണമായി വീട്ടിലേക്ക് ആളുകളെത്തിയതുകണ്ട് കാര്യങ്ങൾ തിരക്കിയെങ്കിലും ചെറിയ അപകടമുണ്ടായി എന്ന വിവരമാണ് ബന്ധുക്കൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
