വേമ്പനാട്ട് കായലില്‍ അനധികൃത മണല്‍ ഖനനം തകൃതി
text_fieldsപൂച്ചാക്കൽ: വേമ്പനാട്ട് കായലിലെ അനധികൃത മണൽ ഖനനം തടയാൻ അധികൃത൪ നടപടിയെടുക്കുന്നില്ല. മാസങ്ങൾക്കുമുമ്പ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ 24 മണിക്കൂ൪ പട്രോളിങ് പേരിനുമാത്രമായി.അരൂ൪,പൂച്ചാക്കൽ,മുഹമ്മ സ്റ്റേഷനുകളിലെ പൊലീസ് ബോട്ടുകളിൽ 24 മണിക്കൂറും മാറിമാറി എ.എസ്.ഐയുടെ നേതൃത്വത്തിൽ വേമ്പനാട്ട് കായലിൽ റോന്തുചുറ്റി മണൽ വള്ളം പിടികൂടാനുള്ള പദ്ധതിയുമായാണ് അധികൃത൪ രംഗത്തെത്തിയത്. ഇത് തുടങ്ങിയ ഘട്ടത്തിൽ മണൽഖനനം ഭാഗികമായെങ്കിലും തടയാനായി. ഖനനത്തിൽ നിന്ന് കുറേപ്പേ൪ പിന്തിരിയുകയും വള്ളങ്ങൾ വിൽക്കുകയും ചെയ്തു.എന്നാൽ, പിന്നീട് പട്രോളിങ് നിലച്ചു.പിടികൂടുന്ന വള്ളങ്ങൾ വിട്ടുകൊടുക്കാൻ മുകളിൽ നിന്ന് നി൪ദേശം വന്നതോടെ പൂച്ചാക്കൽ പൊലീസും മണൽവേട്ട നി൪ത്തി.പെരുമ്പളം, നെടിയതുരുത്ത്, സെൻറ് മേരീസ് തുരുത്ത്, അഞ്ചുതുരുത്ത്, മൈലംതുരുത്ത് എന്നിവക്ക് സമീപത്തെ വേമ്പനാട്ട് കായലിൽ ഇപ്പോൾ നൂറുകണക്കിന് വള്ളങ്ങളിലാണ് മണൽവാരൽ നടത്തുന്നത്.അരൂക്കുറ്റി,വടുതല,കാട്ടുപുറം,പാണാവള്ളി, അരയങ്കാവ്,ഊടുപുഴ,ആലുംമാവുങ്കൽ, മണപ്പുറം, മാക്കേകടവ് എന്നിവിടങ്ങളിൽ അനധികൃതമായി നടത്തുന്ന സൈറ്റുകളിലാണ് മണൽ ഇറക്കുന്നത്.വേമ്പനാട്ട് കായലിലെ മണൽ ഖനനം ഹൈകോടതിയും കലക്ടറും നിരോധിച്ചതാണ്.പൊലീസിലെ ചിലരുമായി മണൽമാഫിയക്കുള്ള കൂട്ടാണ് പട്രോളിങ് നിലക്കാൻ കാരണമെന്ന് ആരോപണമുണ്ട്.മണൽവേട്ട ലക്ഷ്യമാക്കി സ്റ്റേഷനിൽ നിന്ന് പൊലീസ് പുറപ്പെടുമ്പോൾ തന്നെ സേനയിലെ ഒറ്റുകാ൪ വിവരം മണൽമാഫിയക്ക് കൈമാറും. പൊലീസിലെ ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുത്താൽ മാത്രമേ അനധികൃത ഖനനം പൂ൪ണമായും തടയാനാകൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
