പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പുരോഗതിയില്‍; ആശങ്കയകറ്റാന്‍ നടപടിയില്ല
text_fieldsകണ്ണൂ൪: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി പ്രവ൪ത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ നടപടിയില്ല. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ത്വരിതഗതിയിൽ നടക്കുന്നു. പൈപ്പ്ലൈൻ സ്ഥാപിക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) കണ്ണൂ൪ ജില്ലയിലെ മയ്യിൽ പാടിക്കുന്നിലാണ് ക്യാമ്പ് ഓഫിസ് തുറക്കുന്നത്. ഇതിനുള്ള പ്രവ൪ത്തനങ്ങൾ തുടങ്ങി. കണ്ണൂ൪-മയ്യിൽ റോഡരികിൽ സ്വകാര്യ വ്യക്തിയിൽനിന്ന് വാടകക്കെടുത്ത 20 ഏക്ക൪ ഭൂമിയിലാണ് ഓഫിസും പൈപ്പുകൾ സൂക്ഷിക്കുന്നതിനുള്ള സജ്ജീകരണവും ഒരുക്കുന്നത്. പൈപ്പുകൾ കൂറ്റൻ ട്രക്കുകളിൽ ഇവിടെ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിലെ കൃഷിയിടങ്ങളിലൂടെയും പുരയിടങ്ങളിലൂടെയുമാണ് പൈപ്പ്ലൈൻ കടന്നുപോവുക. വാതക പൈപ്പുകൾ ഭൂമിക്കടിയിൽ അഞ്ച് അടിയോളം താഴ്ചയിൽ കുഴിച്ചിടുകയാണ് ചെയ്യുക. ഇതിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് മാ൪ക്കറ്റ് വിലയുടെ 10 ശതമാനം മാത്രമാണ് ഉടമകൾക്ക് നൽകുന്നത്. പൈപ്പ് സ്ഥാപിച്ചശേഷം ഭൂമി ഉടമക്ക് തന്നെ വിട്ടുകൊടുക്കുമെന്നാണ് ഗെയിൽ അധികൃത൪ പറയുന്നതെങ്കിലും പൈപ്പ് സ്ഥിതി ചെയ്യുന്ന ഇരുഭാഗത്തും 20 മീറ്റ൪ അകലത്തിൽ കൃഷിയോ നി൪മാണ പ്രവ൪ത്തനങ്ങളോ നടത്താൻ പാടില്ളെന്നാണ് വ്യവസ്ഥ.
ഇതു നടപ്പാക്കാൻ അധികൃത൪ അതത് ഗ്രാമപഞ്ചായത്തുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്. പൈപ്പ് ലൈനിൻെറ 20 മീറ്റ൪ പരിധിയിൽ നി൪മാണ പ്രവ൪ത്തനങ്ങൾക്ക് ലൈസൻസ് അനുവദിക്കരുതെന്നാണ് നി൪ദേശം. ഗെയിൽ അധികൃതരുടെ അനുമതിയില്ലാതെ ഭൂമി കൈമാറാനും കഴിയില്ല. ഭൂമിയുടെ ഉടമസ്ഥത ക൪ഷക൪ക്കുതന്നെയാണെന്ന് പറയുമ്പോഴും കമ്പനി അധികൃത൪ക്കുകൂടി ഭൂമിയിൽ നിയന്ത്രണാവകാശം സ്ഥാപിക്കുന്ന രീതിയിലാണ് രേഖകൾ തയാറാക്കുന്നത്.
അഞ്ചോ പത്തോ സെൻറ് ഭൂമി മാത്രം സ്വന്തമായുള്ളവ൪ അതുമുഴുവൻ ഗെയിൽ അധികൃത൪ക്ക് നൽകേണ്ട അവസ്ഥയാണ്. പൈപ്പ്ലൈൻ കടന്നുപോകുന്ന വയലുകളിൽ കൃഷി മുടങ്ങുമെന്ന സ്ഥിതിയാണ്.
പക്ഷേ, ഭൂമി വിട്ടുകൊടുത്തവരിൽ പലരും പ്രശ്നത്തിൻെറ ഗൗരവം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. സാധാരണക്കാരായ സ്ഥലമുടമകളെ കമ്പനി അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും കാര്യങ്ങൾ ശരിയായി ബോധ്യപ്പെടുത്താതെയാണ് അനുമതി നേടിയെടുക്കുന്നതെന്ന ആരോപണമുയ൪ന്നിട്ടുണ്ട്. പൈപ്പ്ലൈൻ കടന്നുപോകുന്ന മംഗലാപുരം കോ൪പറേഷൻ ഉൾപ്പെടെ ദക്ഷിണ ക൪ണാടകയിലെ 13 ഗ്രാമങ്ങളിൽ ക൪ഷക൪ പ്രതിഷേധം അറിയിച്ചതിനെ തുട൪ന്ന് കമ്പനിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗങ്ങളും പരാതി പരിഹരിക്കൽ പ്രവ൪ത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ, കേരളത്തിൽ പലയിടത്തും അതുണ്ടായില്ല. തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗങ്ങൾ വിളിച്ചു ചേ൪ത്തിരുന്നെങ്കിലും ജനങ്ങളുടെ ആശങ്കകൾ ആരും അധികൃതരെ അറിയിച്ചിരുന്നില്ല.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാതക പൈപ്പ്ലൈൻ പദ്ധതി 2013 മാ൪ച്ചോടെ പൂ൪ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചീമേനിയിൽ നി൪മിക്കാനുദ്ദേശിക്കുന്ന താപവൈദ്യുതി നിലയവും പ്രകൃതി വാതക പൈപ്പ്ലൈനിൽ നിന്നുള്ള വാതകമാണ് ഇന്ധനമായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
