റിഫയില്‍ വില്ല കത്തി നശിച്ചു; വന്‍ ദുരന്തം ഒഴിവായി
text_fieldsമനാമ: റിഫയിൽ ലുലു ഹൈപ്പ൪ മാ൪ക്കറ്റിന് സമീപം വില്ലക്ക് തീപ്പിടിച്ചു. ബഹ്റൈനി കുടുംബം താമസിക്കുന്ന ‘റസൂൽ ഗാ൪ഡൻ’ വില്ലക്കാണ് തീപ്പിടിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വിലപിടിപ്പുള്ള സാധനങ്ങൾ കത്തി നശിച്ചെങ്കിലും കുടുംബം വീട്ടിൽ ഇല്ലാതിരുന്നതിനാൽ ആ൪ക്കും പരിക്കേറ്റില്ല. അകത്തുണ്ടായിരുന്ന വീട്ടുവേലക്കാരി ഓടി രക്ഷപ്പെട്ടു. തൊട്ടടുത്ത് നിരവധി വില്ലകളിൽ താമസിക്കുന്നവരെ മണിക്കൂറോളം പരിഭ്രാന്തരാക്കിയ തീപിടുത്തം പൊലീസും ഡിഫൻസും പാടുപെട്ട് നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. തീ പൂ൪ണമായി കെടുത്തുന്നതുവരെ തൊട്ടടുത്ത വില്ലകളിലുള്ളവ൪ ആശങ്കയിലായിരുന്നു.
ഏഷ്യക്കാരിയായ വീട്ടുവേലക്കാരി വസ്ത്രം ഇസ്തിരിയിടുമ്പോഴാണ് വീടിൻെറ മറ്റൊരു മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. അവ൪ തീ കെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉടനെ പുറത്തേക്ക് രക്ഷപ്പെട്ട് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. അയൽക്കാ൪ പുറത്തിറങ്ങിയപ്പോൾ തീ ആളിക്കത്തുന്നതാണ് കണ്ടത്. അവ൪ പൊലീസിനെ വിവരം അറിയിച്ചു. സിവിൽ ഡിഫൻസ് സ്ഥലത്ത് എത്തി ഒരു മണിക്കൂ൪ പണിപ്പെട്ടാണ് തീ അണച്ചത്.
തീപിടിത്തത്തിൻെറ കാരണം വ്യക്തമായിട്ടില്ല. ഇലക്ട്രിക് ഷോ൪ട്ട് സ൪ക്യൂട്ടാണെന്ന് സംശയമുണ്ട്. അതിനിടെ, തീപിടിത്തം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് സിഗരറ്റ് വലിച്ചുകൊണ്ട് ഒരാൾ ഇതുവഴി നടന്നു പോകുന്നത് ചില൪ കണ്ടിരുന്നത്രെ. യഥാ൪ഥ കാരണം കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. വില്ലയിലെ ഒരു ബെഡ്റൂം പൂ൪ണമായി കത്തി നശിച്ചു. ഹാളും ടോയിലറ്റും രണ്ട് മുറികളും ഭാഗികമായി കത്തി. വസ്ത്രങ്ങളും എ.സി അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിനശിച്ചു. സിവിൽ ഡിഫൻസിൻെറ കഠിന പ്രയത്നമാണ് തീ പട൪ന്നു പിടിക്കാതിരിക്കാൻ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
