തിരുവനന്തപുരം: ‘ഒൗഷധ പൂന്തോട്ടം’ എന്നപേരിൽ സ്ഥലമേറ്റെടുത്ത് തുടങ്ങിയ മാലിന്യ സംസ്കരണ ഫാക്ടറിക്ക് ഒടുവിൽ താഴുവീണു. നഗരസഭക്ക് കീഴിലെ നൂറ് വാ൪ഡുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്കരിക്കാൻ ലക്ഷ്യമിട്ടാണ് നഗരസഭാ പരിധിക്ക് പുറത്തെ വിളപ്പിൽശാല ഗ്രാമപഞ്ചായത്തിലെ സ്ഥലം 2000 ജൂലൈ 24ന് ചവ൪ ഫാക്ടറിയാക്കി മാറ്റിയത്. വി. ശിവൻകുട്ടി എം.എൽ.എ മേയറായിരുന്നപ്പോഴായിരുന്നു ഇത്. ഇ.കെ. നായനാരായിരുന്നു അന്ന് മുഖ്യമന്ത്രി. ഒൗഷധച്ചെടികൾ വള൪ത്തുന്ന പൂന്തോട്ട നി൪മാണത്തിനെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ വ്യക്തിയിൽനിന്ന് 12 ഏക്ക൪ ആദ്യം നഗരസഭ സ്വന്തമാക്കിയത്. ലോറി കടക്കാനുള്ള വഴിയില്ളെന്നറിഞ്ഞ് 45 ഓളം സെൻറ് ഏറ്റെടുത്ത് കൂട്ടിച്ചേ൪ത്തു. പ്രമാണം നടന്നപ്പോഴാണ് ചവ൪ നിക്ഷേപിക്കാനാണെന്ന് നാട്ടുകാ൪ തിരിച്ചറിഞ്ഞത്.
ഇതോടെ നാട്ടുകാ൪ സമരരംഗത്തിറങ്ങുകയായിരുന്നു. പൊലീസും കലക്ടറും ഉൾപ്പെടെയുള്ളവ൪ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുട൪ന്ന് ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളിൽപെടുത്തിയും സമരക്കാരെ ചിതറിച്ചു. നഗരസഭക്ക് നേരിട്ട് ചവ൪ ഫാക്ടറി ആരംഭിക്കാനാകില്ളെന്ന് വന്നതോടെ പോബ്സൺ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറി. മൂന്നുമാസംകൊണ്ട് ഫാക്ടറി കെട്ടിയുണ്ടാക്കി.
ദിവസം 300 ടൺ മാലിന്യം പോബ്സൻ ഗ്രൂപ്പിന് നഗരസഭ എത്തിച്ചുകൊടുക്കണം. ഇത് സംസ്കരിച്ച് വളമാക്കും. ഇത് സ൪ക്കാ൪ കേന്ദ്രങ്ങൾ തന്നെ കമ്പനിയിൽനിന്ന് വാങ്ങി ക൪ഷക൪ക്ക് വിൽക്കണം. ഇതൊക്കെ കേൾക്കുംപോലെ സുഖകരമായിരുന്നില്ളെന്നത് പിന്നീടത്തെ അനുഭവം. ഫാക്ടറിക്ക് 300 ടൺ മാലിന്യമെത്തിച്ചില്ളെങ്കിൽ നിത്യേന 49,999 രൂപ നഗരസഭ പിഴയൊടുക്കണമെന്നാണ് കരാ൪. നഗരസഭക്ക് ഒരു ദിവസം കിട്ടുന്നത് 55 ടൺ മാലിന്യമായിരുന്നു. 300 ടൺ എന്ന ക്വോട്ട തികയ്ക്കാൻ കുടുംബശ്രീ യൂനിറ്റുകൾവഴി വീടുകളിൽനിന്ന് മാലിന്യ ശേഖരണം തുടങ്ങി. മാലിന്യം നൽകാത്ത വീടുകളിലെത്തി ഹെൽത്ത് ഉദ്യോഗസ്ഥ൪ പീഡിപ്പിക്കാൻ തുടങ്ങിയതോടെ വീട്ടുകാ൪ എല്ലാ മാലിന്യവും നിത്യേന പ്രതിനിധികളെ ഏൽപ്പിച്ചുതുടങ്ങി. 250 ടണ്ണോളം മാലിന്യം അങ്ങനെ നഗരസഭ പോബ്സൺ കമ്പനിക്ക് ദിവസവും കൈമാറി. 300 ടൺ മാലിന്യമെത്തിക്കണമന്ന് ശഠിച്ച കമ്പനിയാകട്ടെ 100 ടൺ മാലിന്യം സംസ്കരിക്കാനുള്ള പ്ളാൻറ് മാത്രമാണ് സ്ഥാപിച്ചിരുന്നത്. ഇതാകട്ടെ എത്തിയിരുന്ന മാലിന്യത്തിൻെറ നാലിലൊന്ന് മാത്രവും. ബാക്കിവന്ന മാലിന്യം സമീപത്തെ വയലിലും മീനംപള്ളി തോട്ടിലും കുന്നുകൂടി. മീനംപള്ളിതോട് ചവ൪കൊണ്ട് മൂടിയതോടെ കരമനയാറിനെ മലിനമാക്കി. നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന ഏഴ് പമ്പിങ് സ്റ്റേഷനുകൾ കരമനയാറ്റിലുള്ളത് മീനംപള്ളി തോട് കരമനയാറിൽ എത്തിച്ചേരുന്നതിന് താഴെയാണ്. ഇതോടെ നഗരവാസികളുൾപ്പെടെയുള്ളവ൪ക്ക് കുടിക്കാൻ കിട്ടുന്നത് ശുദ്ധിയില്ലാത്ത വെള്ളമായി. ഇതിനെതിരെയും പ്രതിഷേമുണ്ടായി. വിളപ്പിൽശാലയിലെ രാഷ്ട്രീയ പാ൪ട്ടിക്കാരെ വിലയ്ക്കെടുത്താണ് പ്രതിഷേധത്തെ നേരിട്ടത്. ഒടുവിൽ ചവ൪ കൂട്ടുന്നതല്ലാതെ സംസ്കരിച്ചുണ്ടാക്കുന്ന ജൈവവളംപോലും വിലയ്ക്കെടുക്കാതെ സ൪ക്കാ൪ ഒഴിഞ്ഞുമാറി.
വളവും മാലിന്യവും വിളപ്പിൽശാലയിൽ മലയായി വള൪ന്നതോടെ ഫാക്ടറി കൈവിടാനുള്ള തീരുമാനത്തിലേക്ക് പോബ്സൺ ഗ്രൂപ്പ് എത്തി. മൂന്നുവ൪ഷം മുമ്പ് ഫാക്ടറി നഗരസഭക്ക് കൈമാറി കമ്പനി തടിതപ്പി. ചവ൪ ഫാക്ടറി ഏറ്റെടുത്ത് പഴയതുപോലെ പ്രവ൪ത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ദു൪ഗന്ധം കാരണം ഗ്രാമത്തിൻെറ പത്ത്കിലോമീറ്റ൪ ചുറ്റളവിൽ ജനജീവിതം ദുസ്സഹമായി. പിന്നീടാണ് നാട്ടുകാ൪ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബു൪ഹാൻ പ്രസിഡൻറും ബനക്സൺ സെക്രട്ടറിയുമായി ജനകീയ സമരസമിതി രൂപവത്കരിച്ച് 2011 ജനുവരി ഒമ്പത് മുതൽ നെടുങ്കുഴിയിൽ സമരപ്പന്തലുകെട്ടി നിരാഹാരം തുടങ്ങി. തുടക്കത്തിൽ സമരക്കാരെ ഒതുക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും നടന്നില്ല. ചവ൪ ലോറികൾ തടഞ്ഞപ്പോൾ ഡ്രൈവ൪മാരെ മ൪ദിച്ചെന്നാരോപിച്ച് കള്ളക്കേസുകളെടുത്തു. സമാധാന മാ൪ഗത്തിലൂടെ ഇവയെല്ലാം നാട്ടുകാ൪ തരണംചെയ്തു. ചവ൪ ഫാക്ടറി പൂട്ടുകയെന്ന നിലപാടിൽ സമരക്കാ൪ ഉറച്ചുനിന്നു. അങ്ങനെ സ൪ക്കാ൪ ച൪ച്ചക്ക് വിളിച്ചു. സ൪ക്കാ൪ ആവശ്യപ്പെട്ട സമയപരിധി ബുധനാഴ്ച അവസാനിച്ചു. അതേദിവസംതന്നെ വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് ചവ൪ ഫാക്ടറി പൂട്ടി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2011 12:05 PM GMT Updated On
date_range 2011-12-22T17:35:56+05:30ഒൗഷധ പൂന്തോട്ടമെന്ന മാലിന്യ പൂന്തോട്ടം
text_fieldsNext Story