അഴിമതിയുടെ കാര്യത്തില്‍ കേന്ദ്രവും കേരളവും തുല്യര്‍ -വി.എസ്
text_fieldsപത്തനംതിട്ട: കേന്ദ്രവും കേരളവും അഴിമതിയുടെ കാര്യത്തിൽ ഒട്ടും മോശക്കാരല്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. പത്തനംതിട്ടയിൽ സി.പി. എം ജില്ലാ സമ്മേളനത്തിൻെറ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഉമ്മൻചാണ്ടി മുതൽ ഭൂരിഭാഗം മന്ത്രിമാരും അഴിമതി വീരന്മാരാണ്. അഴിമതിക്കേസുകൾ വാദിക്കാൻ വക്കീലന്മാ൪ക്ക് കോൺഗ്രസ് ലക്ഷങ്ങളാണ് ചെലവാക്കുന്നത്.
എന്നാൽ, അഴിമതിക്കെതിരെ സമരം നടത്തുന്ന തന്നെപ്പോലെയുള്ളവരെ സഹായിക്കാൻ ഒരു പ്രതിഫലവും വാങ്ങാതെ കേസ്വാദിക്കാൻ വക്കീലന്മാ൪ മുന്നോട്ടു വരുന്നുണ്ടെന്നും വി.എസ് പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്ത് ക൪ഷക ആത്മഹത്യ വ൪ധിച്ചു. ഉമ്മൻചാണ്ടി സ൪ക്കാറിൻെറ അവഗണനക്കെതിരെ കൃഷിക്കാരെ അണിനിരത്തി സമരരംഗത്ത് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിൽ ഏകാധിപത്യ പ്രവണത ഇല്ല. പാ൪ട്ടിക്ക് ചില ചിട്ടവട്ടങ്ങൾ ഉണ്ട്. ബൂ൪ഷ്വാ സ്വഭാവം ഇല്ലാതെ ജനാധിപത്യ രീതിയിലാണ് പ്രവ൪ത്തിക്കുന്നത്. മാധ്യമങ്ങൾ പാ൪ട്ടിയെ ആക്ഷേപിക്കാൻ തുനിയരുത്. ജില്ലാ സമ്മേളനത്തിൽ അഭിപ്രായ വ്യത്യാസം ഇല്ലാതെ ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ പ്രസംഗിച്ചുകൊണ്ടിരിക്കെ കടന്നുവന്ന വി.എസിനെ പ്രവ൪ത്തക൪ ആവേശത്തോടെ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ. അനന്തഗോപൻ അധ്യക്ഷത വഹിച്ചു. ആ൪. ഉണ്ണികൃഷ്ണപിള്ള, രാജു എബ്രഹാം എം.എൽ.എ, പ്രഫ. ടി.കെ.ജി നായ൪, എ. പത്മകുമാ൪ തുടങ്ങിയവ൪ സംസാരിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് പി.ജെ. അജയകുമാ൪ സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി നഗരത്തെ ചെങ്കടലാക്കി നൂറുകണക്കിന് പ്രവ൪ത്തക൪ പങ്കെടുത്ത പ്രകടനവും നടന്നു. പുതിയ സ്വകാര്യബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ, സെൻറ് പീറ്റേഴ്സ് ജങ്ഷൻ വഴി ജില്ലാ സ്റ്റേഡിയത്തിൽ സമാപിച്ചു. പ്രകടനത്തിന് മുന്നിൽ ബാൻഡ്മേളം, തൊട്ടുപിറകിൽ റെഡ് വളൻറിയ൪മാരും പ്രവ൪ത്തകരും അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
