അതിര്‍ത്തിയിലെ റോഡ് ഉപരോധം: ഗതാഗതം സ്തംഭിച്ചു
text_fieldsകൊല്ലങ്കോട്: മുല്ലപ്പെരിയാ൪ പ്രശ്നത്തിൻെറ പേരിൽ തമിഴ്നാട്ടിലെ സംഘടനകൾ അതി൪ത്തിയിൽ നടത്തിയ റോഡ് ഉപരോധം മൂലം ഗതാഗതം സ്തംഭിച്ചു. ഗോപാലപുരം, വളന്തായ്മരം, നടുപ്പുണി എന്നിവിടങ്ങളിൽ മണിക്കൂറുകൾ നീണ്ട ഉപരോധത്തിൽ പങ്കെടുത്ത 2400 പേരെ അറസ്റ്റ് ചെയ്ത് നീക്കിയതായി തമിഴ്നാട് പൊലീസ് അറിയിച്ചു.
ഗോപാലപുരത്ത് തമിഴ്നാട് കൊങ്കു ഇളൈഞ്ജ൪ പേരവൈ നേതാവ് തനിയരശ് എം.എൽ.എയാണ് സമരത്തിന് നേതൃത്വം നൽകിയത്. രാവിലെ എട്ടിന് സമരം ആരംഭിച്ചു.
ഈറോഡ് എസ്.പി ഭാസ്കരൻെറ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. അറസ്റ്റ് ചെയ്തവരെ ഗോപാലപുരം എസ്.ആ൪. കല്യാണമണ്ഡപത്തിൽ വൈകുന്നേരം വരെ ഇരുത്തിയാണ് വിട്ടത്. നടുപ്പുണിയിലെ സമരത്തിന് എം.ഡി.എം.കെ നേതാവ് ഗണേശമൂ൪ത്തി എം.പി നേതൃത്വം നൽകി. സേലം എസ്.പി പനീ൪ശെൽവത്തിൻെറ നേതൃത്വത്തിലായിരുന്നു ഇവിടുത്തെ പൊലീസ് വിന്യാസം. പൊള്ളാച്ചി-കൊല്ലങ്കോട്-തൃശൂ൪ പ്രധാന റോഡിലെ വളന്തായ്മരത്തിൽ ഉപരോധത്തിന് തമിഴ് ദേശീയ പൊതു ഉയമൈ കച്ചി നേതാവ് ത്യാഗു നേതൃത്വം നൽകി. മണിക്കൂറുകൾ നീണ്ടു. അതി൪ത്തിയിൽ ആറ് കിലോമീറ്ററിലധികം കാൽനടയാത്രക്ക് ശേഷമാണ് പല൪ക്കും വാഹനങ്ങളിൽ അമിത ചാ൪ജ് നൽകി ലക്ഷ്യസ്ഥാനത്തെത്താൻ കഴിഞ്ഞത്. പൊള്ളാച്ചിയിൽ ഭൂരിഭാഗം കടകളും തുറന്നില്ല. കേരളത്തിൻെറ അതി൪ത്തി പ്രദേശത്ത് സംസ്ഥാന പൊലീസും നിലയുറപ്പിച്ചിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് എം.പി. ദിനേശ്, ഡിവൈ.എസ്.പി പി.ബി. പ്രശോഭ് എന്നിവ൪ നേതൃത്വം നൽകി.
വാളയാ൪: തമിഴ്നാട്ടിലെ ഉപരോധം വാളയാ൪ വഴി വാഹനഗതാഗതം മണിക്കൂറുകൾ സ്തംഭിപ്പിച്ചു. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് തങ്ങളുടെ പരിധിയിൽ കാവൽ നിന്നിരുന്നു. സമരം കണക്കിലെടുത്ത് വാഹനങ്ങൾ പൊലീസ് കടത്തിവിട്ടില്ല.
അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ദേശീയപാതയുടെ അരികിൽ ചരക്കുലോറികൾ നി൪ത്തിയിട്ടിരിക്കുകയാണ്. ചെക്പോസ്റ്റിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ട്. ചന്ദ്രനഗ൪, കൂട്ടുപാത, പുതുശ്ശേരി, ചുള്ളിമട, കഞ്ചിക്കോട് ഭാഗങ്ങളിലാണ് ലോറികൾ നി൪ത്തിയിട്ടത്. രാത്രിയിലും ഗതാഗതക്കുരുക്ക് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
