കരുവാരകുണ്ട് മണ്ഡലം കോണ്‍ഗ്രസില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍
text_fieldsകരുവാരകുണ്ട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ രണ്ട് മാസമായി നിലനിൽക്കുന്ന രൂക്ഷമായ ചേരിപ്പോരിന് താൽക്കാലിക വിരാമം. ജില്ലാ കോൺഗ്രസ് നേതൃത്വവും മന്ത്രി അനിൽകുമാറും മണ്ഡലം കോൺഗ്രസിലെ മൂന്നു വിഭാഗങ്ങളുമായി നടത്തിയ ച൪ച്ചയെ തുട൪ന്നാണ് താൽക്കാലിക വെടിനി൪ത്തൽ. നിലവിലെ മണ്ഡലം പ്രസിഡൻറും കമ്മിറ്റിയും ആറുമാസം കൂടി തുടരട്ടെയെന്നും അതിനുശേഷം തെരഞ്ഞെടുപ്പോ നാമനി൪ദേശമോ വഴി പുതിയ കമ്മിറ്റി രൂപവത്കരിക്കാമെന്നുമാണ് ഡി.സി.സി മുന്നോട്ടുവെച്ച നി൪ദേശം.
മണ്ഡലം പ്രസിഡൻറ് എൻ.കെ. അബ്ദുൽഹമീദ് ഹാജി, ഡി.സി.സി അംഗം പി. ഉണ്ണിമാൻ, ഗ്രാമപഞ്ചായത്ത് പാ൪ലമെൻററി പാ൪ട്ടി ലീഡ൪ എം.പി. വിജയകുമാ൪ എന്നിവരെ മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വരികയും ഡി.സി.സി പ്രസിഡൻറിന് കത്ത് നൽകുകയും ചെയ്തിരുന്നു. സ൪വീസ് സഹകരണ ബാങ്കിലെ പുതിയ നിയമനം, പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലകപ്പെട്ട സി.പി.എമ്മുകാരായ പ്രതികളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്യാടൻ മുഹമ്മദിനെ കണ്ടത്, ഒരു വ൪ഷമായി മണ്ഡലം കമ്മിറ്റി യോഗം വിളിക്കാത്തത് തുടങ്ങിയ പരാതികളാണ് മുതി൪ന്ന നേതാക്കളായ കെ. ഗോപാലകൃഷ്ണൻ, കെ.പി. അലക്സാണ്ട൪, എ.കെ. ഹംസ ഹാജി എന്നിവരുടെ നേതൃത്വത്തിലെ വിഭാഗം ഉന്നയിച്ചത്. ഡി.സി.സി അംഗം പി. ഉണ്ണിമാൻ, മുൻ മണ്ഡലം പ്രസിഡൻറ് കൂടിയായ എം.പി. വിജയകുമാ൪ എന്നിവരുടെ നേതൃത്വത്തിലെ മറ്റൊരു വിഭാഗവും മണ്ഡലം പ്രസിഡൻറിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഇവരുടെ ആവശ്യം ശക്തമായതോടെയാണ് കഴിഞ്ഞ ഞായറാഴ്ച ഡി.സി.സി പ്രസിഡൻറ് ച൪ച്ചക്ക് വിളിച്ചത്. പ്രാദേശിക നേതൃത്വത്തിലെ മൂന്നുപേരെ ഒരുമിച്ചു മാറ്റുന്നത് പാ൪ട്ടിക്ക് ദോഷം ചെയ്യുമെന്നും ആറുമാസം കഴിഞ്ഞാൽ ഇക്കാര്യം ആലോചിക്കാമെന്നും നേതൃത്വം അറിയിച്ചു.
ജില്ലാ നേതൃത്വത്തിൻെറ നി൪ദേശപ്രകാരം ചൊവ്വാഴ്ച മണ്ഡലം കമ്മിറ്റി വിപുലമായ യോഗം ചേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
