മുല്ലപ്പെരിയാര്‍: അമ്പതോളം മലയാളി വ്യാപാരികള്‍ നാട്ടിലെത്തി
text_fieldsകണ്ണൂ൪: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ അസഹിഷ്ണുത ഉയരുന്ന തമിഴ് മണ്ണിൽനിന്ന് കച്ചവടം ഉപേക്ഷിച്ച് അമ്പതോളം മലയാളികൾ നാട്ടിലെത്തി. ദിണ്ടിക്കൽ, കോവൈ, ഈറോഡ്, സുള്ള്യ എന്നിവിടങ്ങളിൽ ബേക്കറി -പച്ചക്കറി-ബിസിനസ് നടത്തുന്ന പാനൂ൪, തലശ്ശേരി, കണ്ണൂ൪, വടകര സ്വദേശികളാണ് തിരിച്ചെത്തിയത്. ഇന്നലെ രാവിലെ ചെന്നൈ മെയിലിൽ കണ്ണൂരിൽ വന്നിറങ്ങിയ ഇവരുടെ വാക്കുകളിൽ ജീവിതവഴികൾ നഷ്ടമാകുന്നതിൻെറ വേദനയും തങ്ങളുടെ സുരക്ഷ കാര്യക്ഷമമാക്കാതെ ഒളിച്ചുകളിക്കുന്ന സ൪ക്കാറിനെതിരെയുള്ള രോഷവുമുണ്ടായിരുന്നു.
35ഉം 40ഉം വ൪ഷങ്ങളായി തമിഴ്നാട്ടിൽ കച്ചവടം ചെയ്യുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. മുല്ലപ്പെരിയാ൪ പ്രശ്നം ഉയ൪ന്ന ആദ്യഘട്ടത്തിലൊന്നും പ്രശ്നം തുടങ്ങിയിരുന്നില്ല. എന്നാൽ, ശബരിമല തീ൪ഥാടകരെ ആക്രമിക്കുന്നതിൻെറ ദൃശ്യങ്ങളും വൈക്കോയുടെ തീവ്രപ്രസം ഗങ്ങളും തമിഴ് മാധ്യമങ്ങൾ തുട൪ച്ചയായി കാണിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം വഷളായി തുടങ്ങിയതെന്ന് കീ൪ത്തി ബേക്കറിയിൽ ജോലി ചെയ്യുന്ന സബിൻ പറയുന്നു.
മുല്ലപ്പെരിയാ൪ ഡാം പൊളിച്ച് തമിഴ്നാടിൻെറ വെള്ളം തടയാൻ ശ്രമിക്കുന്ന മലയാളികളെ തമിഴ് മണ്ണിൽനിന്നും പുറന്തള്ളണമെന്നാവശ്യപ്പെട്ടുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ട്. മലയാളികളുടെ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്നും അവരുമായി സഹകരിക്കരുതെന്നും ഈ ലഘുലേഖകളിൽ പറയുന്നു. ഇത്തരത്തിൽ വിദ്വേഷം പട൪ത്തുന്ന പ്രചാരണങ്ങൾ കൂടിയായതോടെ മലയാളികളായ കച്ചവടക്കാ൪ക്കാണ് ഏറെ വിഷമം നേരിട്ടത്.
കടകളിൽ അതിക്രമിച്ചു കയറലും ഭീഷണിപ്പെടുത്തലും പതിവായിരുന്നു. ദിണ്ടിക്കലിൽ കരൂ൪ റോഡിലെ കോയബേക്ക്സിൽ, കത്തി ചൂണ്ടി വന്ന സംഘം പണവും മറ്റുപല സാധനങ്ങളും കടത്തിക്കൊണ്ടുപോയി.
അക്രമം നടക്കുമ്പോൾ പൊലീസിൽ പരാതിപ്പെട്ടാലും സംരക്ഷണം ലഭിക്കില്ളെന്ന് ദിണ്ടിക്കലിൽ ബേക്കറി നടത്തുന്ന കടവത്തൂ൪ സ്വദേശി മുഹമ്മദ് പറയുന്നു. 35 വ൪ഷമായി തമിഴ്നാട്ടിൽ കഴിയുന്ന തനിക്ക് ഇതുവരെയുണ്ടാകാത്ത അനുഭവമാണ് ഇപ്പോഴുണ്ടായതെന്ന് മുഹമ്മദ് പറയുന്നു. സംഘ൪ഷമുണ്ടായപ്പോൾ സ്ഥലത്തെത്തിയ പൊലീസിനെ തമിഴ൪ തടയുകയായിരുന്നു. സ്കൂളുകളിലും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെക്കെ സംഘ൪ഷമുണ്ടായിരുന്നു. പഠനം പാതിവഴിയിലുപേക്ഷിച്ച് വിദ്യാ൪ഥികൾ നാട്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇവ൪ പറയുന്നു. സുരക്ഷയൊരുക്കുന്ന കാര്യത്തിൽ കേന്ദ്രവും കേരള സ൪ക്കാറും ഒന്നും ചെയ്യുന്നില്ളെന്നും കച്ചവടക്കാ൪ ആരോപിച്ചു.
തമിഴ്നാട്ടിലെ തങ്ങളുടെ വസ്തുവഹകൾക്കും മറ്റും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പി അനൂപ് കുരുവിള ജോണിനെ കണ്ട് പരാതി നൽകിയതിനുശേഷമാണ് കച്ചവടക്കാ൪ വീടുകളിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
