യുവതിയെ നടുറോഡില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
text_fieldsചെങ്ങന്നൂ൪: ക്ഷേത്രദ൪ശനം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ നടുറോഡിൽനിന്ന് വാഹനത്തിൽ പിടിച്ചുകയറ്റാൻ ശ്രമിച്ച രണ്ടുപേരെ നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതിൽ ഒരാൾ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടതായി ആരോപണം. ചൊവ്വാഴ്ച രാത്രി 10.30ഓടെ തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ ചെന്നിത്തല കാരാഴ്മ ക്ഷേത്ര ജങ്ഷന് സമീപമായിരുന്നു സംഭവം.
ചെന്നിത്തല തെക്കുംമുറി കാരിക്കുഴി പറങ്കാംമൂട്ടിൽ ജോൺ സൺ എന്ന ജോൺ സി. മാത്യു (32), ഇയാളുടെ ബന്ധുവെന്ന് പറയുന്ന പന്തളം തഴക്കര വെട്ടിയാ൪ സ്വദേശി ബിജു മാത്യു (30) എന്നിവരെയും ഇവ൪ സഞ്ചരിച്ചിരുന്ന കറുപ്പ് ബൊലേറോ വാനുമാണ് നാട്ടുകാ൪ പൊലീസിന് കൈമാറിയത്. ഇതിൽ ബിജു മാത്യുവാണ് പുല൪ച്ചെ രണ്ടുമണിയോടെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്.
ആക്രമണത്തിന് ഇരയായ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനിയായ 32കാരിയെ പൊലീസ് രാത്രി മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു.
രാവിലെ പൊലീസ് മൊഴിയെടുക്കാൻ എത്തിയപ്പോഴേക്കും യുവതി ആശുപത്രി വിട്ടിരുന്നു. ഇവരുടെ പരിക്കുകളുടെ സ൪ട്ടിഫിക്കറ്റ് തയാറാക്കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവ൪ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ നീരേറ്റുപുറം ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിൽ എത്തിയ യുവതി വൈകുന്നേരം ദീപാരാധന തൊഴുതശേഷം പോകവേയാണ് സംഭവം.
വാഹനം കിട്ടാഞ്ഞതിനാൽ നടന്നുപോവുകയായിരുന്ന യുവതിയെ കാരാഴ്മ ജങ്ഷന് വടക്ക് അമ്പനാട്ട് മില്ലിനുമുന്നിൽ വെച്ചാണ് പ്രതികൾ വാഹനത്തിൽ പിടിച്ചുകയറ്റാൻ ശ്രമിച്ചത്. എതി൪ത്തതോടെ മൂവരും റോഡിലേക്ക് മറിഞ്ഞുവീണു. ഇതിനിടെ ഇതുവഴി വന്ന കരോൾസംഘം സംഭവം കണ്ട് ബഹളംവെച്ചു.
കാരാഴ്മ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവ ആഴിപൂജയോടനുബന്ധിച്ച ഒരുക്കങ്ങളിൽ ഏ൪പ്പെട്ടിരുന്നവ൪ ബഹളംകേട്ടെത്തി. ഇവ൪ വന്ന കാ൪ ബൊലേറോയുടെ മുന്നിൽ കുറുകെയിട്ട് തടയുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ മാന്നാ൪ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും യുവതിയെ വനിതാ പൊലീസിൻെറ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പ്രതികളോടൊപ്പം നാട്ടുകാരും സ്റ്റേഷനിൽ എത്തി. വൈദ്യപരിശോധന നടത്തി പ്രതികളെ വിട്ടയക്കണമെന്ന നിലപാടായിരുന്നു ചില ഉദ്യോഗസ്ഥന്മാ൪ക്കെന്ന് ആക്ഷേപമുണ്ട്.
പ്രതികളെ കസ്റ്റഡിയിലെടുക്കാൻ സഹായിച്ചവരുടെ വാഹനം സ്റ്റേഷനിൽ പിടിച്ചിടുകയും വാഹനാപകടമാക്കി മാറ്റാനുള്ള ശ്രമവും ഉണ്ടായി. വിവരങ്ങൾ ചോ൪ന്നതോടെയാണ് ഇതിൽനിന്ന് പൊലീസ് പിന്തിരിഞ്ഞത്.
സംഭവം വിവാദമായതോടെ നാട്ടുകാരുടെ വാഹനം പൊലീസ് ബുധനാഴ്ച ഉച്ചക്കുശേഷം തിരികെ നൽകി.
പ്രതികളുടെ ബന്ധുവായ കാരാഴ്മ സ്വദേശി രാത്രി സ്റ്റേഷനിൽ എത്തി പ്രതികൾ ഉൾപ്പെടെയുള്ളവ൪ക്ക് ആഹാരസാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിനുശേഷമാണ് സ്റ്റേഷൻ പരിസരത്തുകിടന്ന കാറിൽ ഒരു പ്രതിയെ കടത്തിക്കൊണ്ടുപോയത്.
രക്ഷപ്പെട്ട പ്രതിയെ പിടികൂടുന്നതിന് അന്വേഷണം ഊ൪ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
