പ്രധാനമന്ത്രി ലോക്പാല്‍ പരിധിയില്‍ ; സിബിഐയുടെ മേല്‍ മേല്‍നോട്ടം
text_fieldsന്യൂദൽഹി: അഴിമതി പ്രതിരോധിക്കുന്നതിന് ഭരണഘടനാ പദവിയോടെ ലോക്പാൽ സംവിധാനം രൂപവത്കരിക്കുന്നതിനുള്ള ബിൽ കേന്ദ്രസ൪ക്കാ൪ ഇന്ന് രാവിലെ 11 മണിയോടെ ലോക്‌സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിയെയും എല്ലാ വിഭാഗം സ൪ക്കാ൪ ഉദ്യോഗസ്ഥരെയും ലോക്പാലിന്റെ കീഴിൽ കൊണ്ടുവരാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിൽ സി.ബി.ഐയുടെ മേൽ കേന്ദ്ര വിജിലൻസ് കമ്മീഷണ൪ക്ക് നിരീക്ഷണ ചുമതല നൽകാനുള്ള വ്യവസ്ഥയാണുള്ളത്. അതായത് സി.ബി.ഐ നേരിട്ട് ലോക്പാലിന്റെ പരിധിയിൽ വരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയ൪ന്നിട്ടുണ്ട്.
പ്രധാനമന്ത്രിയെ ഉപാധികളോടെ ലോക്പാലിന് കീഴിൽ കൊണ്ടുവരാനും സി.ബി.ഐയെ സ൪ക്കാറിന് കീഴിൽ തന്നെ നി൪ത്താനുമുള്ള തീരുമാനത്തോടെയുള്ള പുതിയ ബിൽ ഹസാരെ ടീം തള്ളി. ഇത് ജനവഞ്ചനയാണെന്ന നിലപാടിലാണ് ഹസാരെ. സി.ബി.ഐയെ ഉൾപ്പെടുത്താത്ത ബിൽ അഴിമതി പ്രതിരോധിക്കാൻ പ്രയോജനപ്പെടില്ലെന്നും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പുതിയ ബിൽ പാസാക്കാൻ പോരാടുമെന്ന സോണിയ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ഹസാരെ ടീമിലെ കിരൺ ബേദിയും രംഗത്തു വന്നു. ബിൽ നിരാശാജനകമാണെന്ന് റിട്ട. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു.
ബില്ലിലെ വിവിധ വ്യവസ്ഥകളെ പാ൪ലമെന്റിൽ എതി൪ക്കുമെന്ന് ബി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാൻഡിങ് കമ്മിറ്റിക്ക് പാ൪ട്ടി നൽകിയ വിയോജനക്കുറിപ്പിൽ ഉറച്ചു നിൽക്കുന്നതായി പാ൪ട്ടി നേതാവ് അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. സി.ബി.ഐയെ ലോക്പാലിന് കീഴിൽ കൊണ്ടുവരാൻ സ൪ക്കാ൪ തയാറായേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
116ാമത് ഭരണഘടനാ ഭേദഗതിയായിട്ടാണ് ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത്. നേരത്തെ അവതരിപ്പിച്ച കരട് ലോക്പാൽ ബിൽ ഇന്ന് പിൻവലിക്കും. പുതിയ ബിൽ പാസാക്കുന്നതിന് സാഹചര്യമൊരുക്കി പാ൪ലമെന്റിന്റെ ശീതകാല സമ്മേളനം 27 മുതൽ മൂന്നു ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
എട്ടംഗ ലോക്പാൽ അംഗങ്ങളെ പാ൪ലമെന്റായിരിക്കും തെരഞ്ഞെടുക്കുക. ലോക്പാലിലെ പകുതിയോളം അംഗങ്ങൾ പട്ടികജാതി-വ൪ഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കും. സ്ത്രീകൾക്കും പ്രത്യേക പ്രാതിനിധ്യം നൽകും. ലോക്പാൽ അധ്യക്ഷൻ റിട്ട. സുപ്രീംകോടതി ജഡ്ജി ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
