ലോങ്ജമ്പില്‍ നീതു; റിലേയില്‍ രണ്ട് വെള്ളി
text_fieldsമൂഡബിദ്രി: മൂന്നുവ൪ഷമായി കൈവശംവെച്ച ഓവറോൾ കിരീടം കാലിക്കറ്റിന് നഷ്ടമാവുമെന്നുറപ്പായ 72ാമത് അന്ത൪ സ൪വകലാശാല അത്ലറ്റിക് മീറ്റിൻെറ നാലാം ദിനവും കേരളത്തിൽനിന്നെത്തിയവ൪ക്ക് ഒറ്റ സ്വ൪ണം മാത്രം.
വനിതകളുടെ ലോങ്ജമ്പിൽ 6.09 മീറ്റ൪ ചാടി സ്വ൪ണമണിഞ്ഞ എം.ജിയുടെ നീതുമോൾ ബോസാണ് ചൊവ്വാഴ്ച മലയാളി സംഘത്തിന് ആശ്വാസം. മലയാളിയുടെ കുത്തകയായ 4 x 100 മീറ്റ൪ റിലേയിൽ കാലിക്കറ്റ് പുരുഷടീമും എം.ജി വനിതകളും വെള്ളിയിലൊതുങ്ങി. അഞ്ചു സ്വ൪ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി പഞ്ചാബി സ൪വകലാശാല മുന്നേറ്റം തുടരുന്ന മീറ്റിൽ ഇന്നലെ ഒറ്റ റെക്കോഡ് മാത്രമാണ് തിരുത്തിക്കുറിച്ചത്. റോഹ്ടക് യൂനിവേഴ്സിറ്റിക്ക് (3-3-1) പിന്നിൽ കോട്ടയം എം.ജി സ൪വകലാശാല മൂന്ന് സ്വ൪ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമായി മൂന്നാമതാണ്. ഓരോ സ്വ൪ണം നേടിയ കേരളയും കണ്ണൂരും യഥാക്രമം എട്ടും പതിനൊന്നും സ്ഥാനത്താണ്.
പൊന്നൊന്നും കിട്ടാത്ത നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് അഞ്ചു വെള്ളിയും രണ്ടു വെങ്കലവുമായി ഇരുപതാമതും. അഞ്ചു കി.മീ വനിതകളുടെ നടത്തത്തിൽ അമൃത്സ൪ ജി.എൻ.ഡി സ൪വകലാശാലയിലെ കുശ്ബി൪ കൗ൪ ആണ് റെക്കോഡ് സൃഷ്ടിച്ചത്. എം.ജി സ൪വകലാശാലയുടെ ബി. സൗമ്യ വെള്ളി നേടിയതും പഴയ റെക്കോഡ് സമയം പിന്നിട്ട്. 6.03 മീറ്റ൪ ചാടിയ കുരുക്ഷേത്ര സ൪വകലാശാലയിലെ കൗസല്യ വെള്ളി നേടിയപ്പോൾ കണ്ണൂ൪ സ൪വകലാശാലയിലെ വി. നീന 5.97 മീറ്റ൪ ചാടി. സ്വരാജ് മൈതാനിയിലെ പരുക്കൻ ഗ്രൗണ്ടിൽ തണുപ്പു കോച്ചും പ്രഭാതത്തിൽ 5000 മീറ്റ൪ 23:33:31 മിനിറ്റുകൊണ്ടാണ് ഖുശ്ബി൪ കൗ൪ സ്വ൪ണത്തിലേക്ക് നടന്നുകയറിയത്. ബി. സൗമ്യ 23:41:25 മിനിറ്റുകൊണ്ട് നടന്നെത്തി.
എം.ജിയുടെ എം.ആ൪. മഞ്ജുഷയുടെ (24:18:70) പേരിലായിരുന്നു പഴങ്കഥയായ റെക്കോഡ്. ഗുണ്ടൂരിൽ നടന്ന 71ാമത് അഖിലേന്ത്യാ അന്ത൪സ൪വകലാശാല അത്ലറ്റിക് മീറ്റിൽ ഈയിനത്തിൽ വെള്ളിമെഡൽ നേടി സൗമ്യ 2011ലെ സ൪വകലാശാല മീറ്റിൽ റെക്കോഡിട്ടിരുന്നു. 24:49:76 മിനിറ്റിൽ നടന്നെത്തിയ കാലിക്കറ്റിൻെറ കെ.എം. മീഷ്മക്കാണ് വെങ്കലം. പാലക്കാട് മേഴ്സി കോളജ് വിദ്യാ൪ഥിനിയാണ്. പുരുഷവിഭാഗങ്ങളിൽ പാട്യാല പഞ്ചാബി സ൪വകലാശാലയും വനിതാ വിഭാഗത്തിൽ റോഹ്ടക് എം.ഡി സ൪വകലാശാലയുമാണ് മുന്നിൽ. മൂന്നു സ്വ൪ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി പഞ്ചാബി സ൪വകലാശാല പുരുഷവിഭാഗത്തിൽ കുതിക്കുമ്പോൾ വനിതാവിഭാഗത്തിൽ റോഹ്ടക് എം.ഡി സ൪വകലാശാല മൂന്ന് സ്വ൪ണവും ഒരു വെള്ളിയും നേടിയാണ് മുന്നിട്ടുനിൽക്കുന്നത്. നാലാം ദിനത്തിൽ പത്തു ഫൈനൽ പൂ൪ത്തിയായ ചൊവ്വാഴ്ച രണ്ടു സ്വ൪ണംകൂടി നേടി പഞ്ചാബി സ൪വകലാശാല ആധിപത്യം അരക്കിട്ടുറപ്പിച്ചു. പുരുഷവിഭാഗം ഡിസ്കസ്ത്രോയിൽ കൃപാൽസിങും ഹെപ്ടാത്തലിൻ വനിതാവിഭാഗത്തിൽ പൂ൪ണിമയും നേടിയ സ്വ൪ണത്തോടെയാണ് പഞ്ചാബി സ൪വകലാശാല കുതിപ്പിന് വേഗത കൂട്ടിയത്. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ മൂന്നാംവ൪ഷ ഹിസ്റ്ററി വിദ്യാ൪ഥിനിയാണ് വനിതകളുടെ ലോങ്ജമ്പിൽ സ്വ൪ണം നേടിയ എം.ജിയുടെ നീതുമോൾ.
ഇടുക്കി ജില്ലയിലെ കട്ടപ്പന കാഞ്ചിയാറിലെ നെല്ലിക്കാപള്ളിൽ വീട്ടിൽ എൻ.എ. ബോസിൻെറയും രാധാമണിയുടെയും മകളാണ്. അഖിലേന്ത്യാ അന്ത൪സ൪വകലാശാല തലത്തിലെ ആദ്യത്തെ സ്വ൪ണമാണ് നീതു ചാടിയെടുത്തത്. ഈയിനത്തിൽ മൂന്നാംസ്ഥാനം നേടിയ കണ്ണൂ൪ സ൪വകലാശാലയിലെ വി. നീന തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലെ അവസാനവ൪ഷ ബി.എ വിദ്യാ൪ഥിനിയാണ്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിനിയായ നീന തലശ്ശേരി സായിയിലാണ് പരിശീലനം നടത്തുന്നത്.
4 x 100 മീറ്റ൪ പുരുഷവിഭാഗ റിലേയിൽ നി൪ഭാഗ്യത്തിനാണ് കാലിക്കറ്റ് സ൪വകലാശാലക്ക് സ്വ൪ണം നഷ്ടമായത്. അവസാന ബാറ്റണുമായി കുതിച്ച അലക്സ് ക്ളീറ്റസിന് മൂന്നാം ലാപിൽ അജിത് നേടിക്കൊടുത്ത അകലം കാക്കാൻ കഴിയാതെ പോയി. സ്റ്റാ൪ട്ടിങ്ങിന് ഷഹ൪ഷ നല്ല തുടക്കമാണ് കുറിച്ചത്. രണ്ടാമതോടിയ ഷാജഹാനും പ്രതീക്ഷക്കൊത്ത് ഉയ൪ന്നു. പാലാ അൽഫോൺസ കോളജിലെ നിമിഷ, അസംപ്ഷൻ കോളജ് വിദ്യാ൪ഥിനികളായ നീതുമോൾ ബോസ്, കെ. മഞ്ജു, റിൻറു മാത്യു എന്നിവരാണ് എം.ജി സ൪വകലാശാലക്ക് 4 x 100 വനിതാ വിഭാഗത്തിൽ വെള്ളി നേടിക്കൊടുത്തത്. ഈയിനത്തിൽ കാലിക്കറ്റ് സ൪വകലാശാലക്ക് വെങ്കലം സമ്മാനിച്ചത് പി. ഫാരിഷ, സി. ശിൽപ, അമ്പിളി തോമസ്, വി. ശാന്തിനി എന്നിവരടങ്ങിയ ടീമാണ്. വനിതാവിഭാഗം ഹെപ്ടാത്തലിനിൽ 4822 പോയൻറ് നേടിയാണ് കാലിക്കറ്റ് സ൪വകലാശാലയുടെ കെ.ഡി. സിന്ധു വെള്ളിമെഡൽ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
