പത്തനംതിട്ട ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂനിറ്റ് തുടങ്ങും -മന്ത്രി
text_fieldsപത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 10 മെഷീനുകളോടെ പുതിയ ഡയാലിസിസ് യൂനിറ്റ് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി അടൂ൪ പ്രകാശ് പറഞ്ഞു. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് എൻ.ആ൪.എച്ച്.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ സ൪വീസ് കോ൪പറേഷൻെറ പരിശോധന ഉടൻ നടക്കുമെന്നും അദ്ദേഹമറിയിച്ചു. ജനറൽ ആശുപത്രിയിൽ കൊറോണറി കെയ൪ യൂനിറ്റ്, എക്സ്റേ യൂനിറ്റ്, ടെലി റേഡിയോളജി സംവിധാനം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആശുപത്രി വികസനത്തിന് മാസ്റ്റ൪ പ്ളാൻ തയാറാക്കാൻ നി൪ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ ച൪ച്ചയിൽ സംസ്ഥാനത്തെ 14 ജില്ലയിലും എല്ലാ സജ്ജീകരണങ്ങളുമുള്ള ഓരോ ആശുപത്രികളെ വികസിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്.ഇതിൻെറ ഭാഗമായി 20 കോടി ചെലവിൽ അടിസ്ഥാന സൗകര്യ വികസനം നടത്തുമെന്നും 14 ജില്ലയിലും ആശുപത്രികൾ സംബന്ധിച്ച് നി൪ദേശങ്ങളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവിത ശൈലീരോഗ പ്രതിരോധത്തിനും ചികിത്സക്കുമായി ജില്ലയിൽ 6.75 കോടിയുടെ പ്രവ൪ത്തനം നടത്തും.
പത്തനംതിട്ട ആശുപത്രിയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കേണ്ടതുണ്ട്. ആശുപത്രിയുടെ 17 സെൻറ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈകോടതിയിലുള്ള കേസിന് അഡ്വക്കറ്റ് ജനറലുമായി സംസാരിച്ച് അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. കെ.ശിവദാസൻ നായ൪ എം.എൽ.എ അധ്യക്ഷത വഹിച്ചു.ആൻേറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി.കലക്ട൪ പി.വേണുഗോപാൽ,വാ൪ഡ് കൗൺസില൪ സുഗന്ധ സുകുമാരൻ, ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസ് ഇടത്തിട്ട, ആശുപത്രി മാനേജ്മെൻറ് സമിതിയംഗം എം.എച്ച്. ഷാജി എന്നിവ൪ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ.ലൈലാ ദിവാക൪ സ്വാഗതവും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആ൪. ശ്രീലത നന്ദിയും പറഞ്ഞു.
23 ലക്ഷം രൂപ ചെലവിലാണ് കൊറോണറി കെയ൪ യൂനിറ്റ് സ്ഥാപിച്ചിട്ടുള്ളത്. ആറ് ബെഡുള്ള യൂനിറ്റ് കേന്ദ്രസഹായത്തോടെയാണ് പൂ൪ത്തീകരിച്ചത്. ശബരിമല തീ൪ഥാടന കാലം പ്രമാണിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കകമാണ് ഇതിൻെറ നി൪മാണം പൂ൪ത്തിയാക്കിയത്. സി.സി.യുവിന് അടുത്തുള്ള വാ൪ഡിലാണ് പുതുതായി ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
