വയറ്റില്‍ മുഴയുമായി നടന്ന തെരുവുനായക്ക് കോടതി ഉത്തരവുപ്രകാരം ശസ്ത്രക്രിയ
text_fieldsകൊല്ലം: വയറ്റിൽ മുഴയുമായി സിവിൽ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞ തെരുവു നായക്ക് കോടതി ഉത്തരവ് പ്രകാരം ശസ്ത്രക്രിയ. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് പി.വി.അനീഷ്കുമാറിൻെറ ഉത്തരവ് പ്രകാരമായിരുന്നു ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തിയത്. മൂന്നര മണിക്കൂ൪ നീണ്ട ശസ്ത്രക്രിയയിൽ വയറിൻെറ ഭാഗത്തെ മൂന്ന് കിലോയുള്ള മുഴ നീക്കി. ശരീരത്തിൽ രണ്ട് മുഴകൾ കൂടി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ നീക്കുക സങ്കീ൪ണമായതിനാൽ ശ്രമം ഉപേക്ഷിച്ചു. ബയോപ്സി പരിശോധനക്കായി സാമ്പിൾ മണ്ണുത്തി വെറ്ററിനറി കോളേജിലേക്ക് അയക്കാനും തീരുമാനമായി. ആരോഗ്യസ്ഥിതി മെച്ചപ്പെടും വരെ നായയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സംരക്ഷിക്കും. ശസ്ത്രക്രിയക്ക് ഡോ.ബാലചന്ദ്രൻ, ഡോ.സജയ് കുമാ൪, ഡോ.അനി, ഡോ.ഗീതാ റാണി എന്നിവ൪ നേതൃത്വം നൽകി.
നായക്ക് വേദനരഹിതമായ ശസ്ത്രക്രിയ നടത്തി പൂ൪വസ്ഥിതിയിലാക്കണമെന്ന ആവശ്യവുമായി കൊല്ലം ബാറിലെ അഭിഭാഷകനും സാമൂഹികപ്രവ൪ത്തകനുമായ എം. മുഹമ്മദ് ഹുമയൂൺ നൽകിയ ഹരജിയിൽ കൊല്ലം കലക്ട൪, കോ൪പറേഷൻ സെക്രട്ടറി, എസ്.പി.സി.എ ഓഫിസ് ഇൻചാ൪ജ്, ജില്ലാ വെറ്ററിനറി ഡയറക്ട൪, കൊല്ലം വെസ്റ്റ് പോലീസ് എസ്.ഐ എന്നിവ൪ക്ക് കഴിഞ്ഞ വെള്ളിയാഴ്ച കോടതി നോട്ടീസ് അയച്ചിരുന്നു. കോടതി ഉത്തരവു പ്രകാരം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ജോയൻറ് ഡയറക്ട൪ ഡോ.ബാലചന്ദ്രൻ, എസ്.പി.സി.എ സെക്രട്ടറി ഡോ.പി.ബാഹുലേയൻ, എസ്.പി.സി.എ ഇൻസ്പെക്ട൪ റെജു, ലീഗൽ അഡൈ്വസ൪ അഡ്വ.തേവള്ളി കെ.എസ്.രാജീവ് എന്നിവ൪ തിങ്കളാഴ്ച കോടതിയിൽ ഹാജരായി. കൊല്ലം കോ൪പറേഷൻ സെക്രട്ടറിക്ക് വേണ്ടി അഡ്വ.മിനി പി.ഡാനിയലും കലക്ട൪ക്കും വെസ്റ്റ് എസ്.ഐക്കും വേണ്ടി അസിസ്റ്റൻറ് പബ്ളിക് പ്രോസിക്യൂട്ട൪ എ.ആ൪. ലൈജുവും ഹാജരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
