ഒരുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി -മന്ത്രി കെ.എം. മാണി
text_fieldsആലപ്പുഴ: സംസ്ഥാനത്തെ ഒരുലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനുള്ള മൈക്രോ ഫിനാൻസ് പദ്ധതിക്ക് ജനുവരി ആദ്യവാരം തുടക്കമാകുമെന്ന് ധനമന്ത്രി കെ.എം. മാണി.ജില്ലയിൽ മൈത്രീ ഭവനവായ്പാ പദ്ധതി പ്രകാരം വായ്പ എടുത്തവരിൽ തിരിച്ചടവിന് ശേഷിയില്ലാതെ കുടിശ്ശിക വരുത്തിയ 4300 പേരുടെ കുടിശ്ശിക എഴുതിത്തള്ളി ആധാരങ്ങൾ തിരികെ നൽകുന്നതിൻെറ ജില്ലാതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.പലിശരഹിതമായി 10,000 സൂക്ഷ്മസംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വീതം വായ്പ നൽകും. ഇതിനായി 2500 കോടി സ൪ക്കാ൪ നീക്കിവെച്ചിട്ടുണ്ട്.തൊഴിൽരഹിതരായ 50,000 യുവാക്കൾക്ക് ആദ്യഘട്ടത്തിൽ ആറാഴ്ചത്തെ സംരംഭകത്വ പരിശീലനം നൽകും. പഞ്ചായത്തുകൾ വഴി ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കും. അഭിരുചിയും കഴിവുമുള്ളവരെയാണ് പരിശീലനത്തിനു തെരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു.
12ാം പഞ്ചവത്സര പദ്ധതി കാലയളവിൽ കേരളത്തിൽ വീടില്ലാത്ത 12 ലക്ഷം ആളുകൾക്ക് വീട് നൽകണമെന്നാണ് സ൪ക്കാ൪ ആഗ്രഹിക്കുന്നത്.ഇതിനായി വിവിധയിടങ്ങളിൽ നൂറേക്ക൪ സ്ഥലത്ത് മൂന്നുനില ഫ്ളാറ്റുകൾ പണിയും.വ്യാവസായിക ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സ്ഥലം ഒഴിവാക്കിയായിരിക്കും ഫ്ളാറ്റുകൾ നി൪മിക്കുക. ഇതിലൂടെ ഭവനരഹിത൪ക്കും ഭൂരഹിത൪ക്കും ഒരുമിച്ച് പാ൪പ്പിടങ്ങൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.
ജി.സുധാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.ഭവനവായ്പ എടുത്തവരുടെ പ്രമാണങ്ങളുടെ വിതരണം പി.ജെ. തോമസ് പനവേലിക്ക് പ്രമാണം തിരികെ നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ, മുൻ എം.എൽ.എ എ.എ. ഷുക്കൂ൪, ഭവന നി൪മാണ ബോ൪ഡ് ടെക്നിക്കൽ അംഗം ആ൪.കെ. രവീന്ദ്രനാഥൻ,നഗരസഭാ കൗൺസില൪ വി.ടി. പ്രഭാത്,കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡൻറ് ജേക്കബ് തോമസ് അരികുപുറം, സോഷ്യലിസ്റ്റ് ജനത -ഡി ജില്ലാ പ്രസിഡൻറ് ഡി. നാരായണൻകുട്ടി, കേരള കോൺഗ്രസ് -ബി ജില്ലാ പ്രസിഡൻറ് ജോണി മുക്കം, ജെ.എസ്.എസ് ജില്ലാ സെക്രട്ടറി ആ൪. പൊന്നപ്പൻ, ജനതാദൾ ജില്ലാ പ്രസിഡൻറ് ജേക്കബ് ഉമ്മൻ, മാത്തുക്കുട്ടി എടയാടി, ഹൗസിങ് ബോ൪ഡ് മുൻ മെംബ൪മാരായ എസ്. ഭാസ്കരപിള്ള,വി.ടി. ജോസഫ് തുടങ്ങിയവ൪ പങ്കെടുത്തു. ഭവനനി൪മാണ ബോ൪ഡ് ചെയ൪മാൻ അറയ്ക്കൽ ബാലകൃഷ്ണപിളള സ്വാഗതവും ചീഫ് എൻജിനീയ൪ ജയിംസ് ജേക്കബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
