വെള്ളൂരില്‍ സ്കൂള്‍ മാനേജരുടെ വീടിനു ബോംബെറിഞ്ഞു
text_fieldsപയ്യന്നൂ൪: വെള്ളൂരിൽ സ്കൂൾ മാനേജരുടെ വീടിനുനേരെ ബോംബാക്രമണം. ദേശീയപാതക്കു സമീപം പുതിയങ്കാവ് ബസ്സ്റ്റോപ്പിനടുത്ത് താമസിക്കുന്ന കെ. ചിത്രലേഖയുടെ വീടിനാണ് ഞായറാഴ്ച രാത്രി 12ഓടെ ബോംബേറുണ്ടായത്. പിലാത്തറ യു.പി സ്കൂൾ മാനേജരാണ് ചിത്രലേഖ. ബോംബേറിൽ ജനൽഗ്ളാസുകൾ തകരുകയും വീടിനുമുന്നിൽ നി൪ത്തിയിട്ട ടൊയോട്ട കാറിന് കേടുപാടു സംഭവിക്കുകയും ചെയ്തു.വരാന്തയിലെ വൈദ്യുതി വിളക്കുകൾ തക൪ത്ത നിലയിലാണ്. വീടിൻെറ ഗേറ്റ് തുറന്ന് കോമ്പൗണ്ടിൽ കയറിയാണ് ബോംബെറിഞ്ഞത്. ഈ സമയത്ത് ചിത്രലേഖയും വൃദ്ധരായ മാതാപിതാക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഉഗ്ര സ്ഫോടനശബ്ദം കേട്ട് ഇവ൪ ഉണ൪ന്നുവെങ്കിലും ഭയംമൂലം പുറത്തിറങ്ങിയില്ല.
ചിത്രലേഖയുടെ ഉടമസ്ഥതയിലുള്ള പിലാത്തറ യു.പി സ്കൂളിൽ ഡിസംബ൪ 24 മുതൽ 31 വരെ ആ൪.എസ്.എസ് പഠനശിബിരം നടത്താൻ അനുമതി നൽകിയിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്ന് സൂചനയുണ്ട്. സംഭവം നടന്ന് അരമണിക്കൂറിനുശേഷം ചിത്രലേഖയുടെ മൊബൈൽ ഫോണിലേക്ക് ഭീഷണി കോളുണ്ടായതായും പറയുന്നു. സ്റ്റീൽ ബോംബാണ് എറിഞ്ഞതെന്ന് കരുതുന്നു. പയ്യന്നൂ൪ എസ്.ഐ എ.വി.ദിനേശ് കുമാറിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും അന്വേഷണം നടത്തി. പയ്യന്നൂ൪ നഗരസഭാ ചെയ൪പേഴ്സൻ കെ.വി. ലളിത, വൈസ് ചെയ൪മാൻ കെ.കെ. ഗംഗാധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ അഡ്വ. ശശി വട്ടക്കൊവ്വൽ, എം. വാസന്തി, സി.പി.എം നേതാവ് ടി.ഐ. മധുസൂദനൻ, കോൺഗ്രസ് നേതാക്കളായ എ.പി. നാരായണൻ, കെ.കെ. ഫൽഗുനൻ, ബി.ജെ.പി നേതാവ് പി.പി. കരുണാകരൻ മാസ്റ്റ൪ തുടങ്ങിയവ൪ വീട് സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
