മുല്ലപ്പെരിയാര്‍: രക്ഷാ കേന്ദ്രങ്ങളിലെത്താന്‍ പ്രയാസം; സര്‍വേ തുടരുന്നു
text_fieldsകുമളി: മുല്ലപ്പെരിയാ൪ അണക്കെട്ട് തക൪ന്നാൽ വെള്ളത്തിനടിയിലാകുന്ന മേഖലകളിലെ ജനങ്ങൾക്ക് രക്ഷാ പോയൻറുകൾ കണ്ടെത്തുന്നതിന് സ൪വേ പുരോഗമിക്കുന്നു.
ദുരന്ത നിവാരണ അതോറിറ്റിയും ഭൗമ ശാസ്ത്ര പഠന കേന്ദ്രവും സംയുക്തമായാണ് സ൪വേ നടത്തുന്നത്. ജലനിരപ്പ് 136 അടിയിൽ നിൽക്കുമ്പോൾ അണക്കെട്ട് തക൪ന്നാൽ പരമാവധി 40 മീറ്റ൪ ഉയരത്തിൽ വെള്ളം പുറത്ത് വരുമെന്നും മുല്ലപ്പെരിയാറ്റിൽ നിന്ന് ഏറ്റവും അടുത്തുള്ള ജനവാസ മേഖലയായ വള്ളക്കടവിൽ ഇത് ഏഴ് മിനിറ്റിനകം എത്തുമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ.
ഈ സമയത്തിനുള്ളിൽ ജനങ്ങളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റാൻ കഴിയുംവിധമാണ് പദ്ധതി. പ്രാഥമികമായി മുല്ലപ്പെരിയാ൪ അണക്കെട്ട് മുതൽ ഇടുക്കി വരെ 37 കിലോമീറ്റ൪ ഭാഗത്ത് ഉയ൪ന്ന സ്ഥലങ്ങളിൽ സുരക്ഷിത കേന്ദ്രങ്ങൾ സംഘം രേഖപ്പെടുത്തി. ഈ സ്ഥലങ്ങൾ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ സീനിയ൪ സയൻറിസ്റ്റ് ജി. ശങ്കറും ഗവേഷണ ലബോറട്ടറിയുടെ തലവൻ ഡോ.ശേഖ൪ എൽ.കുര്യാക്കോസും കഴിഞ്ഞ ദിവസം സന്ദ൪ശിച്ചു.
ഡാം ബ്രേക്കിങ് അനാലിസിസിന് ശേഷം ആവശ്യമെങ്കിൽ രക്ഷാ പോയൻറുകളിൽ മാറ്റം വരുത്തും. ഈ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ കണക്കെടുപ്പ് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
ജനങ്ങളെ ചെറു ഗ്രൂപ്പുകളായി തിരിച്ച് അടിയന്തര സാഹചര്യമുണ്ടായാൽ ഒരോരുത്തരും എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കും. ഓരോ ഗ്രൂപ്പും ഏത് പോയൻറിലേക്കാണ് രഷപ്പെട്ട് എത്തേണ്ടത്, ഇവിടേക്കുള്ള എളുപ്പ വഴി എന്നിവയെല്ലാം ജനങ്ങളെ അറിയിക്കും.
രക്ഷാ പോയൻറുകൾ രാത്രിയിലും തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ അടയാളങ്ങൾ സ്ഥാപിക്കും.
അതേസമയം സ൪ക്കാ൪ അടയാളപ്പെടുത്തിയ രക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടൽ എളുപ്പമായിരിക്കില്ളെന്നതാണ് ചിത്രം. പെരിയാറിൻെറ ഇരുകരയിലുമായി 34 ഉയ൪ന്ന സ്ഥലങ്ങളിലാണ് സുരക്ഷിത പ്രദേശമായി രേഖപ്പെടുത്തിയിരിക്കുന്നത്. പലതും തേയില തോട്ടങ്ങൾക്ക് നടുവിലും മലഞ്ചെരിവുകളിലുമാണ്. ഇവയിൽ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണ് എളുപ്പം എത്താൻ സാധിക്കുന്നത്.
അണക്കെട്ട് തക൪ന്നാൽ ഏഴ് മിനിറ്റുകൊണ്ട് വെള്ളമെത്തുന്ന വള്ളക്കടവ് അമ്പലപ്പടിയിൽ കുത്തനെയുള്ള കയറ്റം കടന്നുവേണം കുന്നിൻ മുകളിലെ സുരക്ഷിത സ്ഥാനത്ത് എത്താൻ.
വേഗത്തിൽ നടന്നാൽ മൂന്ന് മിനിറ്റ് കൊണ്ട് മുകളിലെത്താം. എന്നാൽ, ജനങ്ങൾ കൂട്ടമായെത്തിയാൽ ഇടുങ്ങിയ വഴിയിലൂടെ മൂന്ന് മിനിറ്റ് കൊണ്ട് എത്രപേ൪ കുന്നിൻ മുകളിൽ എത്തുമെന്ന് കണ്ടറിയണം.
വള്ളക്കടവ് ജങ്ഷനിൽ തന്നെയുള്ള തേയില തോട്ടത്തിനുള്ളിലൂടെ രക്ഷപ്പെടണമെങ്കിൽ എസ്റ്റേറ്റ് അധികൃത൪ കൂടി മനസ്സുവെക്കണമെന്നത് മറ്റൊരു പ്രശ്നം.
പലയിടത്തും വേലിക്കെട്ടുകളുണ്ട്. തേയില തോട്ടത്തിലെ കൽക്കെട്ടുകൾ കടന്ന് മുകളിലെത്തലും എളുപ്പമല്ല. സുരക്ഷിതമെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലേക്ക് വൈകാതെ വഴിവെട്ടുമെന്നാണ് അധികൃത൪ പറയുന്നത്.
വെള്ളം ഉയ൪ന്ന് വരാൻ സാധ്യതയുള്ള 865 അടി ഉയരത്തിലാണ് അമ്പലപ്പടിയിലെ സുരക്ഷിത സ്ഥലം.
മോക്ഡ്രിൽ നടത്തുമെന്നും ജനങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സുരക്ഷിത സ്ഥലങ്ങളിലെത്താനുള്ള പരിശീലനം നൽകുമെന്നുമാണ് അധികൃതരുടെ ഉറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
