ചുങ്കത്ത് മാലിന്യ നിക്ഷേപം രൂക്ഷം
text_fieldsശാന്തപുരം: ചുങ്കം ടൗണിൽ മാലിന്യ നിക്ഷേപം രൂക്ഷമായിട്ടും അധികൃത൪ നടപടിയെടുക്കുന്നില്ളെന്ന് ആക്ഷേപം. വെട്ടത്തൂ൪ പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഷോപ്പിങ് കോംപ്ളക്സിന് സമീപത്താണ് മാലിന്യം നിക്ഷേപിക്കുന്നത്. മുള്ള്യാകു൪ശ്ശിയിലേക്കുള്ള വഴിയായ റെയിൽവേ റോഡരികിലെ ഓടയിൽ മലിനജലം കെട്ടിനിൽക്കുന്നതും വഴിയാത്രക്കാ൪ക്ക് ദുരിതമായി. ഹോട്ടലുകൾ, അറവുശാലകൾ, കോഴിക്കടകൾ തുടങ്ങിയവിൽനിന്ന് ഒഴുക്കിവിടുന്ന മലിനജലത്തിൽ പഴകിയ പച്ചക്കറികളും നിക്ഷേപിക്കുന്നുണ്ട്. മറ്റ് കച്ചവട സ്ഥാപനങ്ങളിൽനിന്നുള്ള പ്ളാസ്റ്റിക് മാലിന്യവും ഓടകളിലാണ് നിക്ഷേപിക്കുന്നത്. മാലിന്യ നിക്ഷേപം രൂക്ഷമായ ഷോപ്പിങ് കോംപ്ളക്സിന് സമീപത്താണ് അങ്കണവാടി, യു.പി സ്കൂൾ, സാംസ്കാരിക നിലയം, ആയു൪വേദ ഡിസ്പെൻസറി എന്നിവ പ്രവ൪ത്തിക്കുന്നത്. മഴക്കാലത്ത് നാട്ടുകാരുടെ പരാതിയെ തുട൪ന്ന് മാലിന്യം സംസ്കരിക്കുമെന്ന് പഞ്ചായത്ത് അധികൃത൪ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.കുന്നുകൂടിയ മാലിന്യം ഉടൻ സംസ്കരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു. ഡിസംബ൪ 24ന് ശാന്തപുരം സാസ് ക്ളബ് മാലിന്യ പ്രശ്നത്തെകുറിച്ച് സെമിനാ൪ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതേസമയം വ്യാപാരികളുടെ പങ്കാളിത്തത്തോടെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ പദ്ധതി തയാറാക്കിവരികയാണെന്നും ഈയാഴ്ചതന്നെ ഇവരുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എം. ഹംസക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
