സംരക്ഷിക്കാനാളില്ല; ഒറ്റമുറിയില്‍ ഏകയായി നങ്ങീലി
text_fieldsവണ്ടൂ൪: ഭൂമി ഉൾപ്പെടെ ലക്ഷങ്ങളുടെ സ്വത്തുണ്ടായിട്ടും സംരക്ഷിക്കാൻ ആളില്ലാതെ ദുരിതം പേറുകയാണ് തായംകോട് മണ്ണൂ൪ക്കര നങ്ങീലി.
തിരുവാലി പഞ്ചായത്ത് നാലാം വാ൪ഡിലെ തായംകോട്ടെ ഒറ്റമുറി കൂരയിലാണ് 80 വയസ്സ് പിന്നിട്ട വൃദ്ധയുടെ ജീവിതം. പ്രസവത്തെ തുട൪ന്ന് രണ്ട് ആൺകുട്ടികളും മരിച്ചതോടെ ഭ൪ത്താവ് കൈയൊഴിഞ്ഞു. പ്രസവത്തോടനുബന്ധിച്ചുണ്ടായ അസുഖം കാരണം മൂത്രം നിയന്ത്രണമില്ലാതെ പോവുന്ന അവസ്ഥയിലായി.
മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന നങ്ങീലി അവരും മരിച്ചതോടെയാണ് തനിച്ചായത്.
അകന്ന ബന്ധുക്കളും (അമ്മാവൻെറ മക്കൾ) നാട്ടുകാരും മാത്രമാണ് ഇവ൪ക്കുള്ളത്. ഒരു ഏക്ക൪ പറമ്പും ഹെക്ട൪ കണക്കിന് വയലും ഓഹരി വകയിലുണ്ടായിരുന്നതായി വൃദ്ധയും നാട്ടുകാരും പറയുന്നു. ഒഴിഞ്ഞ പറമ്പിന് നടുവിൽ ബന്ധുക്കൾ നി൪മിച്ചു നൽകിയ ഒറ്റമുറി കൂരയിലാണ് ഇപ്പോൾ നങ്ങീലിയുടെ താമസം.
നേരത്തേ പരിസര പ്രദേശങ്ങളിലെല്ലാം പോയി സ്വന്തം കാര്യങ്ങൾ നിറവേറ്റിയിരുന്നെങ്കിലും വ൪ഷങ്ങളായി നടക്കാനാവാത്ത അവസ്ഥയിലാണ്. അസുഖം കാരണം കിടക്കാനും പ്രയാസമായതിനാൽ അധിക സമയവും ഇരിപ്പാണ്. ബന്ധുക്കൾ നൽകുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്വാസം.
മുമ്പ് പരിസരവാസികൾ മാസത്തിലൊരിക്കൽ കുളിപ്പിച്ച് വൃത്തിയാക്കുക പതിവായിരുന്നു. നാട്ടുകാരും കൈയൊഴിഞ്ഞതോടെ കുളിയും ശുചീകരണവുമില്ലാതെ ദയനീയാവസ്ഥയിൽ കഴിയുകയാണ് ഈ വൃദ്ധ മാതാവ്.
നങ്ങീലിയെ തിരുവാലി പഞ്ചായത്തിൽ പുതുതായി നടപ്പാക്കുന്ന പരിരക്ഷ പദ്ധതിയിലുൾപ്പെടുത്താനുള്ള തയാറെടുപ്പിലാണെന്ന് പഞ്ചായത്തംഗം കല്യാണിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
