മക്കളില്‍നിന്നും സംരക്ഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസ് സ്റ്റേഷനില്‍
text_fieldsകോഴിക്കോട്: മരണം തൊട്ടുപിന്നാലെയുണ്ടെന്ന് പ്രഭാകരൻനായ൪ക്കറിയാം. അത്രമേൽ മാരക രോഗങ്ങൾ ശരീരത്തെ വേട്ടയാടുന്നുണ്ട്. അവസാന ശ്വാസത്തിനുമുമ്പ് അൽപകാലമെങ്കിലും ഭാര്യക്കും മക്കൾക്കും ഒപ്പം കഴിയണമെന്നാണ് ഈ 76കാരൻെറ ആഗ്രഹം. അവസാനം സംരക്ഷണം ആവശ്യപ്പെട്ട് വള൪ത്തിവലുതാക്കിയ മക്കൾക്കെതിരെ ചേവായൂ൪ പൊലീസിൽ പരാതി നൽകേണ്ടിവന്നു ഇദ്ദേഹത്തിന്.
ഇനി അദ്ദേഹം തന്നെ പറയട്ടെ: ഭാര്യ മലപ്പുറം മൊറയൂ൪ ഹൈസ്കൂളിലെ ടീച്ചറായിരുന്നു. ഇതിനടുത്തുള്ള വള്ളുവമ്പ്രം അങ്ങാടിയിലെ ഒൗഷധിയുടെ ഏജൻറായിരുന്നു ഞാൻ. തൊട്ടടുത്തുള്ള ‘അമ്പാടി’ എന്ന വീട്ടിലാണ് ഞങ്ങൾ താമസിച്ചത്. ടീച്ച൪ ജോലിയിൽ നിന്ന് വിരമിച്ചതോടെ നിസാര കാര്യങ്ങൾക്കുപോലും വീട്ടിൽ വഴക്കായി. ചുരുക്കത്തിൽ വീട്ടിൽ ഞാനൊരധികപ്പറ്റായി. കടുത്ത കുറ്റപ്പെടുത്തലും മറ്റും കാരണം ഒടുക്കം വീടിന് വെളിയിലുമായി. മൂന്നുനാല് ദിവസം കടയോട് ചേ൪ന്നുള്ള മുറിയിൽ അന്തിയുറങ്ങിയെങ്കിലും ഹൃദ്രോഗം മൂ൪ച്ഛിച്ചതിനെ തുട൪ന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയും മക്കളും തിരിഞ്ഞുനോക്കാത്തതിനെ തുട൪ന്ന് വാ൪ഡിലെ മറ്റുരോഗികളുടെ കൂട്ടിരിപ്പുകാരാണ് അക്കാലത്ത് ഭക്ഷണവും മറ്റും നൽകിയിരുന്നത്. ഡിസ്ചാ൪ജ് ചെയ്തിട്ടും കൂട്ടിക്കൊണ്ടുപോവാൻ ആരും വരാത്തതിനെ തുട൪ന്ന് അധികൃത൪ ഇടപെട്ട് മൂത്ത മകളെ ആശുപത്രിയിലേക്ക് വിളിപ്പിച്ചു. ദോഹയിൽ ജോലിചെയ്യുന്ന ഭ൪ത്താവിനൊപ്പം മകളെത്തി 10,000 രൂപ നൽകിയെങ്കിലും കൂട്ടിക്കൊണ്ടുപോവാൻ തയാറായില്ല. എപ്പോഴും തന്നെ വിളിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
ഒടുക്കം സഹോദരിയുടെ മകളെത്തി അവരുടെ കുരുവട്ടൂരിലുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇപ്പോൾ അവിടെയാണ് താമസം. ഹൈദരാബാദ് ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന അമേരിക്കൻ കമ്പനിയിൽ സൂപ്പ൪ വൈസറായി ജോലിചെയ്യുന്ന മരുമകനൊപ്പം രണ്ടാമത്തെ മകൾ ഹൈദരാബാദിലാണ്. മൂന്നാമത്തെ മകൻ കുവൈത്തിൽ കമ്പ്യൂട്ട൪ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അഞ്ചുമാസം മുമ്പാണ് ഈ മകൻെറ വിവാഹം കഴിഞ്ഞത്. കല്യാണക്കുറിയിൽ തൻെറ പേര് ഉൾപ്പെടുത്തിയെങ്കിലും വിവാഹക്കാര്യം തന്നെ അറിയിച്ചില്ളെന്ന് അദ്ദേഹം പറയുന്നു.
എന്നാൽ, പ്രഭാകരൻ നായരെ കൂടെ താമസിപ്പിക്കാനാവില്ളെന്ന് ഇപ്പോൾ പാലാരിവട്ടത്തെ സൗത്ത് ജനത റോഡിൽ മകൾക്കൊപ്പം താമസിക്കുന്ന ഭാര്യ പങ്കജാക്ഷി അമ്മ പറഞ്ഞു. മൊറയൂരിൽ താമസിക്കുന്ന കാലത്ത് മകനെ കൊല്ലാൻ വീട്ടിൽ കത്തി സൂക്ഷിച്ചയാളാണ് ഇദ്ദേഹം. വീട്ടിലെ വേലക്കാരി വിവരമറിയിച്ചതിനെതുട൪ന്ന് ഞാൻ കത്തിമാറ്റിവെച്ചു. എന്നാലിയാൾ പുതിയ കത്തിവാങ്ങിവെച്ചു.
ഈ ഭയമാണ് ബന്ധം തകരാനിടയാക്കിയത്. ജോലിക്കൊന്നും പോവാത്തതിനെ തുട൪ന്ന് വിവിധയിടങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് ഭ൪ത്താവിന് ഒൗഷധി ഏജൻസിതുടങ്ങിക്കൊടുത്തുത്. ഇതുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയ 1.25 ലക്ഷത്തിൻെറ കടം ഏറെ പ്രയാസപ്പെട്ടാണ് വീട്ടിയത്. ഇദ്ദേഹത്തിന് പെരുമണ്ണയിൽ ഉണ്ടെന്ന് പറയുന്ന സ്വത്ത് അനുഭവിക്കാനുള്ള അധികാരം സഹോദരിയുടെ മകൾക്കാണ് നൽകിയത്. തനിക്ക് സ്വത്തിൻെറ ആവശ്യമില്ല. അഗതി മന്ദിരത്തിലോ മറ്റോ കഴിഞ്ഞാൽ മക്കളോട് പറഞ്ഞ് മാസത്തിൽ നിശ്ചിത തുക അയച്ചുകൊടുക്കാമെന്ന് അവ൪ കൂട്ടിച്ചേ൪ത്തു. നായരുടെ പരാതിയുമായിബന്ധപ്പെട്ട് ഭാര്യയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും തുട൪ നടപടികൾ വരും ദിവസം കൈക്കൊള്ളുമെന്നും ചേവായൂ൪ എസ്.ഐ എം.ടി. ജേക്കബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
