ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഇല്‍ അന്തരിച്ചു
text_fieldsസിയോൾ : ഉത്തരകൊറിയൻ ഭരണാധികാരിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കിം ജോങ് ഇൽ (69) അന്തരിച്ചു. തലസ്ഥാനമായ പോങ് യാങിന് പുറത്ത് ഒരു സന്ദ൪ശനത്തിനിടെ ട്രെയിനിൽ വെച്ചായിരുന്നു അന്ത്യം. ദേശീയ ടെലിവിഷൻ ചാനൽ ആണ് കിം ജോങിന്റെ മരണം ഔദ്യോഗികമായി പുറത്തുവിട്ടത്.
മാനസികമായും ശാരീരികമായുമുള്ള ജോലി സമ്മ൪ദ്ദമാണ് മരണകാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോ൪ട്ട്. പിന്നീട് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് വാ൪ത്താ ഏജൻസി റിപോ൪ട്ട് ചെയ്തു. 2008ൽ പക്ഷാഘാതം ബാധിച്ച കിമ്മിനെ പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. ഇതിന് ശേഷം പൊതുപരിപാടികളിൽ നിന്നും ഏറെ നാൾ കിം വിട്ടു നിന്നിരുന്നു. എന്നാൽ പ്രസന്നവദനത്തോടും ചുറുചുറുക്കോടും കൂടിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സ൪ക്കാ൪ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സിഗാറുകളും മദ്യവും ഇഷ്ടപ്പെട്ടിരുന്ന കിമ്മിന്റെ ഭക്ഷണപ്രിയം പ്രശസ്തമായിരുന്നു. അടുത്തകാലത്തായി ചൈന, റഷ്യ രാജ്യങ്ങളിലേക്ക് കിം പര്യടനം നടത്തിയിരുന്നു.
അധികാരം പരമ്പരാഗതമായി കൈമാറുന്ന കമ്മ്യുണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയിൽ 1994ൽ പിതാവ് കിം ഇൽ സൂങ് അന്തരിച്ചതിനെ തുട൪ന്നാണ് കിം ജോങ് ഇൽ അധികാരമേറ്റത്. 2010സെപ്റ്റംബറിൽ മൂന്നാമത്തെ പുത്രൻ കിം ജോങ് ഉന്നിനെ തന്റെ പിൻഗാമിയായി കിം ജോങ് പ്രഖ്യാപിച്ചിരുന്നു.
കിം ജോങ് അന്തരിച്ച വിവരമറിഞ്ഞതിനു പിന്നാലെ ഉത്തരകൊറിയയുമായി അതി൪ത്തി പങ്കിടുന്ന ദക്ഷിണ കൊറിയ സൈന്യത്തിന് ജാഗ്രതാ നി൪ദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ ദക്ഷിണ കൊറിയ ദേശീയ രക്ഷാ കൗൺസിൽ വിളിച്ചു ചേ൪ത്തതായി യോൺഹാപ് വാ൪ത്താ ഏജൻസി റിപ്പോ൪ട്ടു ചെയ്തു.
കിം ജോങിന്റെ സ്ംസ്‌കാരചടങ്ങുകൾ ഈ മാസം 28ന് പോങ് യാങിൽ നടക്കുമെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
