വയനാട് ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ഏപ്രില്‍ ആദ്യവാരത്തില്‍
text_fieldsസുൽത്താൻ ബത്തേരി: വയനാട് ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മീനങ്ങാടിക്കടുത്ത കൃഷ്ണഗിരിയിൽ അഞ്ചുകോടി രൂപ ചെലവഴിച്ച് നി൪മാണം പൂ൪ത്തിയാവുന്ന വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിൻെറ ഉദ്ഘാടനം ഏപ്രിൽ ആദ്യവാരത്തിൽ നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.ആ൪. ബാലകൃഷ്ണൻ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസ൪ മച്ചാൻ എന്നിവ൪ അറിയിച്ചു. ഇതിഹാസതാരം സചിൻ ടെൻഡുൽകറോ രാഹുൽദ്രാവിഡോ ഉദ്ഘാടകനാവും. സ്റ്റേഡിയത്തിൻെറ നിലവാരം പരിശോധിക്കാനെത്തിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഓപറേഷൻ ഡയറക്ട൪ സന്ദീപ് പാട്ടീൽ, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമെന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഉദ്ഘാടന വിവരം പുറത്തുവിട്ടത്.
ദേശീയപാത 212ൽ നിന്ന് 75 മീറ്റ൪ മാറിയാണ് ക്രിക്കറ്റ് കളം ഒരുങ്ങുന്നത്. സ്പിൻ ബൗളേഴ്സിൻെറ പറുദീസയാവുമെന്നാണ് സ്റ്റേഡിയത്തെപ്പറ്റി സന്ദീപ് പാട്ടീൽ അഭിപ്രായപ്പെട്ടത്. അണ്ട൪ 19, അണ്ട൪ 16, വനിതാ ദേശീയതല ടൂ൪ണമെൻറുകളും പരിശീലന പരിപാടികളും നടത്താൻ പര്യാപ്തമായ നിലവാരത്തിലാണ് ഗ്രൗണ്ട് സജ്ജീകരിച്ചിട്ടുള്ളത്. ദേശീയ ക്രിക്കറ്റ് അക്കാദമി ആസ്ഥാനമായ ബംഗളൂരുവിൽനിന്ന് റോഡുമാ൪ഗം നാലുമണിക്കൂ൪കൊണ്ട് ഇവിടെയെത്താം. കരിപ്പൂ൪, കണ്ണൂ൪, മൈസൂ൪ വിമാനത്താവളങ്ങളുടെ നടുവിലാണ് വയനാടിൻെറ സ്ഥാനം. വയനാട്ടിലെ നി൪ദിഷ്ട മിനിവിമാനത്താവളവും സ്റ്റേഡിയത്തിന് അനുകൂലമായി മാറും. ഹിമാചൽ പ്രദേശിലെ ധ൪മശാല സ്റ്റേഡിയം കഴിഞ്ഞാൽ ‘ഹൈ ആൾട്ടിറ്റ്യൂഡ്’ കാലാവസ്ഥയുള്ള, രാജ്യത്തെ ഏക സ്റ്റേഡിയമെന്ന പ്രത്യേകതയും വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിനുണ്ട്.
56 ലക്ഷം രൂപ മുടക്കിയാണ് മൂന്നുവ൪ഷം മുമ്പ ്ഇവിടെ സ്ഥലം വാങ്ങിയത്. മല ഇടിച്ചുനിരപ്പാക്കി പുല്ല് പിടിപ്പിച്ച് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ രണ്ടരക്കോടി രൂപ ചെലവായി. പവലിയൻ, ഇൻറ൪കോ൪ട്ട്, വേലി എന്നിവക്ക് രണ്ടുകോടി രൂപകൂടി മുടക്കണം. മുംബൈയിൽ ഡിസംബ൪ 25ന് നടക്കുന്ന ബി.സി.സി.ഐ യോഗത്തിൽ റിപ്പോ൪ട്ട് എത്തേണ്ട താമസം മാത്രമേ ഫണ്ട് ലഭ്യമാവാൻ വേണ്ടതുള്ളൂവെന്നാണ് പ്രതീക്ഷ. രാജ്യത്തെ ക്രിക്കറ്റ് ഭൂപടത്തിൽ വയനാടിൻെറ പേര് ഇതോടെ എഴുതിച്ചേ൪ക്കപ്പെടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
