ദ്വിദിന ജി.സി.സി ഉച്ചകോടിക്ക് റിയാദില്‍ തുടക്കം
text_fieldsറിയാദ്: അറബ് ലോകത്തെ മാറുന്ന രാഷ്ട്രീയ കാലവസ്ഥക്കിടയിൽ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സിയുടെ 32ാമത് ദ്വിദിന ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കം.. അറബ് വസന്തം മേഖലയുടെ രാഷ്ട്രീയ ചിത്രംമാറ്റി വരച്ച പുതിയ സാഹചര്യത്തിൽ ഉച്ചകോടിക്ക് വൻ പ്രാധാന്യമുണ്ട്.
ജി.സി.സി രാജ്യങ്ങളിൽ പൗരന്മാ൪ക്ക് ഏകീകരിച്ച ഐഡൻറി കാ൪ഡ് നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തികളെ സംബന്ധിച്ച സമഗ്ര വിവരങ്ങളടങ്ങിയ സ്മാ൪ട്ട് കാ൪ഡായി ഉപയോഗിക്കാവുന്ന ഐഡി കാ൪ഡാണ് വിഭാവനം ചെയ്തിട്ടുള്ളത്. എല്ലാ ജി.സി.സി രാജ്യങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഐഡി കാ൪ഡ് നടപ്പാവുന്നതോടെ ജി.സി.സി രാജ്യങ്ങളുടെ പൊതുഘടനക്ക് മൂ൪ത്തമായ രൂപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്്. ജി.സി.സി രാജ്യങ്ങളിലെ കസ്റ്റംസ് വിഭാഗങ്ങളുടെ ഏകീകരണത്തിൻെറ അന്തിമ ഘട്ടം സംബന്ധിച്ച ച൪ച്ച ഉച്ചകോടിയുടെ മുഖ്യ അജണ്ടകളിലൊന്നാണ്. വ൪ഷങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ച കസ്റ്റംസ് ഏകീകരണ പ്രക്രിയ പൂ൪ത്തിയാക്കാനുള്ള കാലാവധി 2015 ആണ്.
സൗദിക്ക് പുറമെ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്ത൪, ഒമാൻ എന്നിവയാണ് നിലവിൽ ജി.സി.സിയിലെ അംഗ രാജ്യങ്ങൾ. പുതുതായി ഈജിപ്ത്, മൊറോക്കോ, ജോ൪ദാൻ എന്നീ രാജ്യങ്ങളെ കൂടി ജി.സി.സിയെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ച൪ച്ചകൾ സജീവമാണ്.
വിവിധ മേഖലകളിലെ ഏകോപനം സംബന്ധിച്ച ച൪ച്ചകൾ ഉച്ചകോടിയുടെ അജണ്ടയാണ്. സാമ്പത്തികം, രാഷ്ട്രീയം, സുരക്ഷ, സാമൂഹികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ ക്രിയാത്മക സഹകരണം സംബന്ധിച്ച ച൪ച്ചകൾ ഉച്ചകോടിയിൽ അരങ്ങേറും. ഉച്ചകോടിക്ക് മുന്നോടിയായി ഇന്നലെ ജി.സി.സി രാജ്യങ്ങളിലെ ധന വകുപ്പ് മന്ത്രിമാരുടെ അടിയന്തര യോഗം റിയാദിൽ നടന്നു. ജി.സി.സിക്ക് കീഴിലുള്ള ധന വകുപ്പ് മന്ത്രിതല ഉപസമിതിയുടെ 92ാമത് യോഗമാണ് ചേ൪ന്നത്. ഇന്ന് തുടങ്ങുന്ന ജി.സി.സി ഉച്ചകോടിയുടെ പരിഗണനക്ക് സമ൪പ്പിക്കാനുള്ള വിവിധ സാമ്പത്തിക നി൪ദേശങ്ങളും നിയമങ്ങളും സംബന്ധിച്ച അവസാനവട്ട ച൪ച്ചകൾക്കായാണ് സമിതി ചേ൪ന്നത്. മേഖലയുടെ പൊതുവായ സുരക്ഷ സംബന്ധിച്ച വിഷയങ്ങളും ഉച്ചകോടിയുടെ സജീവ ച൪ച്ചക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അംഗ രാജ്യങ്ങൾക്ക് പൊതുവായ പ്രതിരോധ സേന രൂപവത്കരണം സംബന്ധിച്ച ച൪ച്ചകളുണ്ടാവും..സിറിയ, ഇറാൻ എന്നിവടങ്ങളിലെ സമീപകാല സംഭവ വികാസങ്ങളും ഉച്ചകോടിയിൽ വിഷയീഭവിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
