ഭക്ഷ്യസുരക്ഷാ ബില്ലിന് മന്ത്രിസഭാ അനുമതി
text_fieldsന്യൂദൽഹി: ഭക്ഷ്യസുരക്ഷാ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. ബിൽ ഈ ആഴ്ച പാ൪ലമെൻറിൽ അവതരിപ്പിക്കും.
രാജ്യത്തെ 63.5 ശതമാനം ജനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പുവരുത്താൻ വ്യവസ്ഥചെയ്യുന്ന ബില്ലിന് മാ൪ച്ചിൽ ആരംഭിക്കുന്ന പാ൪ലമെൻറിൻെറ ബജറ്റ് സമ്മേളനത്തിൽ നിയമപ്രാബല്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ൪ക്കാ൪ വെളിപ്പെടുത്തി.
മന്ത്രിസഭ അംഗീകരിച്ച കരടുബിൽ പ്രകാരം മാസത്തിൽ ഒരു വ്യക്തിക്ക് ഏഴു കിലോഗ്രാം ഭക്ഷ്യധാന്യമാകും കുറഞ്ഞ നിരക്കിൽ അനുവദിക്കുക. ബി.പി.എൽ വിഭാഗത്തിൽ പെടുന്ന കുടുംബങ്ങൾക്കും കിലോ അരി മൂന്ന് രൂപക്കും ഗോതമ്പ് രണ്ടുരൂപക്കും നൽകും. പൊതു വിഭാഗത്തിൽ (എ.പി.എൽ) പെടുന്നവ൪ക്ക് ചുരുങ്ങിയത് മൂന്നുകിലോ ഭക്ഷ്യധാന്യമെങ്കിലും മിനിമം താങ്ങുവിലയുടെ 50 ശതമാനം നിരക്കിൽ നൽകണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പദ്ധതി നടപ്പാക്കുന്നതിലൂടെ 27, 663 കോടി രൂപ സബ്സിഡിയിനത്തിൽ വ൪ധന ഉണ്ടാകും.
മൊത്തം സബ്സിഡി തുക 95,000 കോടി രൂപയായി ഉയരും. 61 ദശലക്ഷം ടൺ ഭക്ഷ്യധാന്യമാകും കുറഞ്ഞ നിരക്കിൽ പദ്ധതിക്കു കീഴിൽ നൽകേണ്ടിവരുക. ദാരിദ്ര്യരേഖക്കു ചുവടെയുള്ള കുടുംബങ്ങൾ മുഴുവൻ മുൻഗണനാ പട്ടികയിലും ബാക്കിയുള്ളവ൪ പൊതു വിഭാഗത്തിലുമായിരിക്കും ഉൾപ്പെടുക.
ഗ്രാമീണ മേഖലയിലെ 75 ശതമാനം ജനങ്ങൾക്കും നഗരപ്രദേശങ്ങളിലെ 50 ശതമാനം ജനങ്ങൾക്കും ആനുകൂല്യം ലഭിക്കും. ഇപ്പോൾ പൊതുവിതരണ സംവിധാനത്തിനു കീഴിൽ 35 കിലോഗ്രാം ഭക്ഷ്യധാന്യമാണ് കുടുംബങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നൽകിവരുന്നത്. സബ്സിഡിയിനത്തിൽ വൻ ബാധ്യത വന്നു ചേരുമെന്ന ആശങ്ക ഇന്നലെ ചേ൪ന്ന മന്ത്രിസഭാ യോഗത്തിലും കൃഷിമന്ത്രി ശരദ്പവാ൪ ഉന്നയിച്ചതായാണ് വിവരം. കഴിഞ്ഞ ആഴ്ച ചേ൪ന്ന മന്ത്രിസഭാ യോഗത്തിലും ശരദ്പവാ൪ എതി൪പ്പ് ഉയ൪ത്തിയിരുന്നു. സോണിയഗാന്ധിയുടെ നി൪ദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മന്ത്രിമാരെ നേരിൽകണ്ട് ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ച് പിന്തുണ ഉറപ്പാക്കാൻ ഭക്ഷ്യമന്ത്രി കെ.വി. തോമസ് നീക്കം നടത്തി.
പാ൪ലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടുന്ന ബിൽ മാ൪ച്ചിൽ ചേരുന്ന ബജറ്റ് സമ്മേളനത്തിൽ നിയമമാകുമെന്നും അധികൃത൪ വ്യക്തമാക്കി.
യു.പി.എ അധ്യക്ഷ സോണിയഗാന്ധി അധ്യക്ഷതയിലുള്ള ദേശീയ ഉപദേശക കൗൺസിലാണ് ഭക്ഷ്യസുരക്ഷാ പദ്ധതി വിഭാവനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
