Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകൂടങ്കുളം: അബദ്ധം...

കൂടങ്കുളം: അബദ്ധം ആവര്‍ത്തിക്കരുത്

text_fields
bookmark_border
കൂടങ്കുളം: അബദ്ധം ആവര്‍ത്തിക്കരുത്
cancel

ജീവസുരക്ഷാ ഭീഷണി ഉയ൪ത്തിപ്പിടിച്ച് നാട്ടുകാ൪ നടത്തിവരുന്ന പ്രക്ഷോഭത്തെ തുട൪ന്ന് ഒക്ടോബറിൽ തടസ്സപ്പെട്ട കൂടങ്കുളം ആണവനിലയത്തിൻെറ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ളെന്ന് കേന്ദ്രസ൪ക്കാ൪ അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. റഷ്യൻ സഹകരണത്തോടെ നി൪മിക്കുന്ന കൂടങ്കുളം ആണവനിലയം പ്രവ൪ത്തനക്ഷമമാക്കാനുള്ള പദ്ധതി പ്രധാനമന്ത്രി മൻമോഹൻസിങ് തന്നെയാണ് പ്രഖ്യാപിച്ചത്. പന്ത്രണ്ടാമത് ഇന്ത്യ-റഷ്യ ഉച്ചകോടിക്ക് മോസ്കോയിലെത്തിയ പ്രധാനമന്ത്രി, റഷ്യൻ പ്രസിഡൻറ് ദിമിത്രി മെദ്വ്യദെവുമായി നടത്തിയ കൂടിയാലോചനക്ക് ഒടുവിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിലയത്തിലെ ആദ്യ റിയാക്ട൪ ഏതാനും ആഴ്ചകൾക്കുള്ളിലും രണ്ടാമത്തേത് ആറു മാസത്തിനകവും പ്രവ൪ത്തനമാരംഭിക്കുമെന്ന് മെദ്വ്യദെവുമൊന്നിച്ചു നടത്തിയ സംയുക്ത വാ൪ത്താസമ്മേളനത്തിൽ മൻമോഹൻ അറിയിച്ചു. ആണവനിലയത്തിനെതിരെ ഇപ്പോൾ നടന്നുവരുന്ന സമരം താൽക്കാലികപ്രതിഭാസം മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേ൪ത്തു. എന്നാൽ, റഷ്യയുടെ പ്രതീക്ഷക്കു വിരുദ്ധമായി, നിലയത്തിനെതിരായ സമരങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നും നാലും റിയാക്ടറുകളുടെ കാര്യത്തിൽ ഉടനടി കരാ൪ ഒപ്പിടേണ്ടതില്ളെന്നാണ് ഇന്ത്യയുടെ തീരുമാനം. ഇതോടെ, വിവാദങ്ങളൊതുക്കാൻ വേണ്ടി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ നടത്തിയ ഒത്തുകളി മാത്രമായിരുന്നു കൂടങ്കുളത്തെ താൽക്കാലിക പിന്മാറ്റമെന്ന് അന്നേ ഉയ൪ന്ന ആരോപണം മൻമോഹൻസിങ് ശരിവെച്ചിരിക്കുകയാണ്. മാത്രമല്ല, നാടിൻെറയും നാട്ടുകാരുടെയും ആധിയും ആശങ്കയുമല്ല, കോ൪പറേറ്റ് കുത്തകകൾ നിയന്ത്രിക്കുന്ന വൻശക്തി രാഷ്ട്രങ്ങളുടെ താൽപര്യങ്ങൾ നിവ൪ത്തിക്കുന്നതിലാണ് സിങ്ങിനു ശുഷ്കാന്തി എന്ന വിമ൪ശത്തിന് അദ്ദേഹം തന്നെ അടിവരയിട്ടിരിക്കുന്നു.
തമിഴ്നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനായി റഷ്യൻസഹകരണത്തോടെ തിരുനെൽവേലിയിലെ കൂടങ്കുളത്ത് 13,615 കോടി രൂപ ചെലവിൽ ആണവനിലയത്തിന് പരിപാടിയിട്ടത് രാജീവ്ഗാന്ധിയുടെ ഭരണകാലത്താണ്. 1988 നവംബ൪ 20ന് അദ്ദേഹം അന്നത്തെ റഷ്യൻ പ്രസിഡൻറായിരുന്ന മിഖായേൽ ഗോ൪ബച്ചേവുമായി ഒപ്പുവെച്ച കരാറിലാണ് ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ടു റിയാക്ടറുകളടങ്ങിയ നിലയം സ്ഥാപിക്കാൻ ധാരണയായത്. ഇത്തരമൊരു പദ്ധതിയെക്കുറിച്ച് പറഞ്ഞുകേട്ട നാൾമുതൽ തന്നെ ശക്തമായ എതി൪പ്പും ഉയ൪ന്നിരുന്നു. ജനസാന്ദ്രവും ഫലസമൃദ്ധവുമായൊരു ഭൂപ്രദേശത്ത് ആണവനിലയം മനുഷ്യജീവനും പരിസ്ഥിതിക്കും ഏൽപിച്ചേക്കാവുന്ന വിനാശമായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടത്. 1986ലെ ചെ൪ണോബിൽ ആണവദുരന്തം അവരുടെ ആധിക്ക് അന്നേ സാധുത നൽകി. പദ്ധതിയുടെ നി൪മാണപ്രവ൪ത്തനങ്ങൾ പൂ൪ത്തിയാക്കി കമീഷൻ ചെയ്യാനുള്ള ഘട്ടമെത്തുമ്പോൾ ഉണ്ടായ ജപ്പാനിലെ ഫുകുഷിമ ദുരന്തം കൂടിയായതോടെ 25 വ൪ഷം നീണ്ട ‘ആണവോ൪ജത്തിനെതിരായ ജനകീയപ്രസ്ഥാനം’ (പീപ്പ്ൾസ് മൂവ്മെൻറ് എഗയ്ൻസ്റ്റ് ന്യൂക്ളിയ൪ എന൪ജി-പി.എം.എ.എൻ.ഇ) സമരാവേശം ജ്വലിപ്പിച്ചു. അതോടെ കൂടങ്കുളം ആണവനിലയം ഉപേക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഒക്ടോബ൪ മുതൽ അനിശ്ചിതകാല നിരാഹാര സമരവും നിയമയുദ്ധവുമായി നിലയത്തിൻെറ പ്രവ൪ത്തനം നി൪ത്തിവെപ്പിക്കാൻ നാട്ടുകാ൪ മുന്നിട്ടിറങ്ങി.
പ്ളാൻറിൻെറ സുരക്ഷാവിശകലന റിപ്പോ൪ട്ടോ, സ്ഥലത്തിൻെറ മൂല്യനി൪ണയ പഠനമോ ഇതുവരെ പുറത്തുവിടാൻ അധികൃത൪ തയാറായിട്ടില്ളെന്നാണ് അവരുടെ പരാതി. പൊതുജനങ്ങളുടെ ആശങ്കകൾക്കോ ആധികൾക്കോ ചെവികൊടുക്കാതെ ഏകപക്ഷീയമായി അവരുടെ മേൽ അടിച്ചേൽപിക്കപ്പെട്ട ഈ പദ്ധതി പരിസ്ഥിതി വിനാശം, റേഡിയോ ആക്ടീവ് മാലിന്യം, ആണവ അപകടം തുടങ്ങിയ അതിമാരകമായ വിപത്തുകൾക്കിടയാക്കുമെന്ന് അവ൪ വിശ്വസിക്കുന്നു. ദുരന്തഭീഷണി മുൻനി൪ത്തി ജ൪മനി പോലുള്ള വൻകിട രാഷ്ട്രങ്ങൾ തങ്ങളുടെ ഊ൪ജവിഭവത്തിൻെറ 23 ശതമാനം പ്രദാനംചെയ്യുന്ന 17 ആണവനിലയങ്ങൾ അടച്ചുപൂട്ടിയത് അവ൪ ചൂണ്ടിക്കാട്ടുന്നു. കൂടങ്കുളത്തുകാരുമായി ച൪ച്ചക്ക് ഒരു കേന്ദ്ര വിദഗ്ധസമിതിയെ നിയോഗിച്ചെങ്കിലും ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന മൂന്നാംവട്ടമടക്കം എല്ലാ ച൪ച്ചകളും പരാജയത്തിലാണ് കലാശിച്ചത്. തങ്ങളുടെ എഴുപത് പേജ് ചോദ്യാവലിക്ക് വ്യക്തമായ ഉത്തരം ലഭിച്ചില്ളെന്നാണ് സമരക്കാരുടെ പക്ഷം. എന്നാൽ, ഏറ്റവും ഉയ൪ന്ന നി൪ണയ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷവും അനാവശ്യമായ പ്രതിഷേധമുയ൪ത്തുകയാണെന്ന് സ൪ക്കാറും ഒൗദ്യോഗികസംവിധാനങ്ങളും മറു ആക്ഷേപം ഉന്നയിക്കുന്നു. ഏതായാലും ഒന്നുറപ്പാണ്. സുരക്ഷക്ക് പ്രധാനമന്ത്രി മുതലുള്ളവ൪ ജാമ്യം നിൽക്കുമ്പോഴും അതിനുപോദ്ബലകമായ വസ്തുതകൾ വെളിപ്പെടുത്താൻ അവ൪ തയാറാവുന്നില്ല. കേന്ദ്രഗവൺമെൻറും ആണവവിദഗ്ധരുമെല്ലാം എല്ലാ ക്ളിയറൻസും നൽകി എന്നവകാശപ്പെട്ട ശേഷവും കൂടുതൽ സുരക്ഷാ തടയണകൾ കൂടങ്കുളത്ത് അത്യന്താപേക്ഷിതമാണെന്ന് ആണവസുരക്ഷാ കാര്യത്തിലെ അവസാനവാക്കായി ഗണിക്കപ്പെടുന്ന ആണവോ൪ജ നിയന്ത്രണബോ൪ഡ് പോലുള്ള സ്ഥാപനങ്ങൾ അഭിപ്രായപ്പെടുന്നുമുണ്ട്. ഫുകുഷിമ തക൪ച്ചയുടെ പാഠങ്ങൾ മുന്നിൽവെച്ചായിരുന്നു ഇന്ത്യൻ ആണവോ൪ജ കോ൪പറേഷൻെറ അവകാശവാദങ്ങളെ വെല്ലുവിളിച്ച് ആണവോ൪ജ നിയന്ത്രണബോ൪ഡ് അധ്യക്ഷൻ ഡോ. എസ്.എസ്. ബജാജിൻെറ അഭിപ്രായപ്രകടനം.
ഇതിനൊന്നും തൃപ്തികരമായ മറുപടി കൊടുക്കാതെയാണ് മോസ്കോയിൽ പ്രധാനമന്ത്രി മൻമോഹൻസിങ് പദ്ധതി ആഴ്ചകൾക്കകം പ്രവ൪ത്തനമാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. 14,000 കോടി ചെലവിട്ടത് പാഴാക്കാനാവില്ളെന്നു പറഞ്ഞ പ്രധാനമന്ത്രി സമരം അതിരുകവിഞ്ഞെന്നും തുറന്നടിച്ചിരിക്കുന്നു. അതിൻെറ ചുവടുപിടിച്ച് സമരക്കാ൪ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് കാര്യ ചുമതലയുള്ള കേന്ദ്രമന്ത്രി വി. നാരായണസ്വാമി തമിഴ്നാട് സ൪ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. പതിനാലായിരം കോടി പാഴായിപ്പോകുന്നതിലെ വിഷമം മനസ്സിലാക്കാം. എന്നാൽ, പതിനായിരക്കണക്കിനാളുകളുടെ ജീവാപായ ഭീഷണി മറുഭാഗത്തുള്ളത് അത്ര നിസ്സാരമാണോ? പ്രാണനിൽ കൊതിയുള്ളവ൪ക്ക് അങ്ങനെയാവില്ല. അതിജീവനത്തിനായുള്ള ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കൂടങ്കുളം അടങ്ങിയിരിക്കില്ളെന്ന് പ്രധാനമന്ത്രിയുടെ മോസ്കോ സന്ദ൪ശനത്തിനും പ്രഖ്യാപനത്തിനുമെതിരെ ഇതിനകം ഉയ൪ന്നുകഴിഞ്ഞ ശക്തമായ പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നു. തീപിടിക്കുന്ന ജനവികാരത്തിൽ എണ്ണയൊഴിക്കാനല്ല, അതിനെ അണയ്ക്കാനുള്ള വഴിയാണ് അധികൃത൪ തേടേണ്ടത്. കാര്യങ്ങൾ കൈവിട്ടുപോയതാണ് മഹാരാഷ്ട്രയിലെ ജയ്താപൂരിലെ ആണവവിരുദ്ധസമരം ചോരയിൽ മുങ്ങാൻ കാരണം. അതുതന്നെ കൂടങ്കുളത്തും ആവ൪ത്തിക്കാതിരിക്കാൻ മൻമോഹൻസിങ് സ൪ക്കാ൪ മനസ്സുവെക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story