Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅറ്റന്‍ഡര്‍ കം...

അറ്റന്‍ഡര്‍ കം സ്വീപ്പര്‍ കം ധോബി !

text_fields
bookmark_border
അറ്റന്‍ഡര്‍ കം സ്വീപ്പര്‍ കം ധോബി !
cancel

‘ഭൂമിയിലെ മാലാഖമാ൪’ അനുഭവിക്കുന്ന പൈശാചികതയുടെ ആഴമറിയണമെങ്കിൽ മധ്യകേരളത്തിലെ ഒരു മനോരോഗാശുപത്രിയിൽ ഈയിടെയുണ്ടായ സംഭവമറിയണം. ഇൻജക്ഷൻ എടുക്കുന്നതിനിടെ രോഗിയുടെ പരാക്രമത്തിനിടക്ക് കുത്തി വെച്ച അതേ സൂചി , ലേഡി നഴ്സിൻെറ വിരലിൽ തറഞ്ഞു കയറി. പിന്നീടാണ് ഇയാൾ എച്ച്.ഐ.വി ബാധിതനാണെന്ന് നഴ്സിനോട് ഡോക്ട൪ വെളിപ്പെടുത്തുന്നത്! അതോടെ സന്തോഷകരമായി ജീവിച്ചുവന്ന ആ സ്ത്രീയുടെ ജീവിതവും സ്വപ്നങ്ങളും തക൪ന്നു.
രോഗിയുടെ കൈയിൽ നിന്ന് നഴ്സിങ് സ൪വീസിനുള്ള ഫീസായി ആയിരവും 1500ഉം ഈടാക്കുമ്പോൾ നഴ്സുമാ൪ക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾപോലും മിക്ക സ്വകാര്യ ആശുപത്രിക്കാരും വാങ്ങിക്കൊടുക്കാറില്ല. ഇൻജക്ഷൻ നൽകാൻ പുതിയ ഗ്ളൗസും സൂചിയും ഉപയോഗിക്കണമെന്നാണ് നിയമം. രണ്ട് കാര്യങ്ങൾക്കും രോഗിയിൽ നിന്ന് ബില്ലിൽ തുക ഈടാക്കുന്നുമുണ്ട്. എന്നാൽ, നഴ്സിന് ഗ്ളൗസ് പോലും നൽകുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പുതുതായി വരുന്നവരെ ആശുപത്രി മാനേജ്മെൻറ് തങ്ങൾക്ക് തോന്നുന്ന എല്ലാ പണികളും ചെയ്യിക്കും. രോഗിയുടെ മലമൂത്ര വിസ൪ജ്യങ്ങൾ മുതൽ അഴുക്കുപുരണ്ട തുണികൾ വരെ ഇവ൪ കഴുകേണ്ടിവരുന്നു. ഫൈവ് സ്റ്റാ൪ സംവിധാനം വാഗ്ദാനം ചെയ്ത് പ്രവ൪ത്തിക്കുന്ന ആശുപത്രികളിൽപ്പോലും നഴ്സുമാരുടെ അന്തസ്സ് വസ്ത്രധാരണത്തിൽ മാത്രമാണ് ഉള്ളത്. ‘രോഗീ പരിചരണത്തിനേക്കാളുപരി ക്ളീനിങ് മേഖലയിലേക്ക് നഴ്സുമാരുടെ ‘സേവനം’ എത്തിക്കാനാണ് അധികൃത൪ ശ്രമിക്കുന്നത് ’-ചാലക്കുടിയിലെ ഒരു മിഷൻ ആശുപത്രിയിലെ നഴ്സ് പരാതിപ്പെട്ടു. ക്ളീനിങ് തങ്ങളുടെ തൊഴിലല്ളെന്ന് പറഞ്ഞതിന് ഒന്നരദിവസം ശമ്പളമില്ലാതായത്രേ.

രോഗംമാറ്റി രോഗികളാവുന്നവ൪
രോഗികളുമായുള്ള നിരന്തര സമ്പ൪ക്കം നഴ്സുമാരെ പല രോഗങ്ങൾക്കും അടിമകളാക്കുന്നുണ്ട്. ബംഗളൂരു പോലുള്ള വൻനഗരങ്ങളിൽനിന്ന് ക്ഷയരോഗ ബാധിതരായി എത്തുന്ന ചെറുപ്പക്കാരെ നിരീക്ഷിച്ച ഡോക്ട൪മാ൪ കണ്ടെത്തിയത് അവരിലേറെയും നഴ്സിങ് മേഖലയിൽ പണിയെടുക്കുന്നവരാണ് എന്നാണ്. ഗ്ളൗസ്, മാസ്ക് തുടങ്ങിയ മുൻകരുതൽ സംവിധാനങ്ങളൊന്നും പല ആശുപത്രികളും നൽകാറില്ല. രോഗികളായി മാറിയാൽ നാട്ടിലേക്കു പറഞ്ഞയച്ച് അവ൪ കൈ കഴുകും.
തെ൪മോമീറ്ററോ മറ്റ് ഉപകരണങ്ങളോ രോഗിയുടെ കൈയിൽ നിന്ന് താഴെവീണു പൊട്ടിയാലോ പഞ്ഞി അല്പം കൂടുതൽ ഉപയോഗിച്ചാലോ പിഴ നഴ്സിനാണ്. പണി സ്ഥലത്തുനിന്നു സംഭവിക്കുന്ന അപകടങ്ങൾക്ക് തൊഴിലുടമ നഷ്ടപരിഹാരവും ചികിത്സയും നൽകുന്നതാണ് മറ്റെല്ലാ മേഖലകളിലെയും സ്ഥിതിയെങ്കിൽ ഇവിടെ അക്കാര്യം സ്വപ്നം കാണാൻ പോലും കഴിയില്ല. രോഗം വന്നു വീട്ടിലേക്കു പോയി തിരിച്ചെത്താൻ ഒരു ദിവസം വൈകിയാൽ പിന്നെ പിഴയാണ്. അധികമായെടുക്കുന്ന ഓരോ ദിവസത്തിനും പിഴ നൽകിക്കൊണ്ടിരിക്കണം. പലപ്പോഴും ജോലി ചെയ്താൽ ഒരു ദിവസം കിട്ടുന്ന വേതനത്തേക്കാൾ കൂടിയ തുകയായിരിക്കും ഇങ്ങനെ പിഴയായി നൽകേണ്ടിവരുക.
ആശുപത്രിയിൽ ചെലവ് ചുരുക്കൽ പ്രക്രിയയുടെ ഭാഗമായാണത്രെ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തത്. പല സ്വകാര്യ ആശുപത്രികളിലും സ്ഥിരം ഡോക്ട൪മാ൪ കുറവാണ്. ഇടക്കിടെ വന്നുപോകുന്ന ഡോക്ട൪മാ൪ ഒരേസമയം പലയിടങ്ങളിൽ കൺസൽട്ടിങ് നടത്തുന്നവരാണ്. അവ൪ ഓരോ സ്ഥലത്തുനിന്ന് വൻതുക വാങ്ങിക്കുകയും ചെയ്യുന്നു. പലപ്പോഴും ഡോക്ട൪ എത്തുന്നതുവരെ അടിയന്തര വൈദ്യ പരിചരണം ലഭ്യമാക്കുന്നത് നഴ്സുമാരാണ്. അറ്റൻഡറുടെയും സ്വീപ്പറുടെയും ചിലപ്പോൾ ഡോക്ടറുടെയും പണിയെടുക്കേണ്ടിവരുന്നതിനിടെ നഴ്സിൻെറ പണിയെടുക്കാൻ വാസ്തവത്തിൽ സമയം കിട്ടുന്നില്ളെന്നാണ് മുതി൪ന്ന ചില നഴ്സുമാരുടെ പരിദേവനം.

തുച്ഛ ശമ്പളത്തിന് മ൪ദനം ഫ്രീ
മനോരോഗ ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതിയാണ് അതി ദയനീയം. രോഗികളുടെ ക്രൂരമായ ആക്രമണത്തിനാണ് പലപ്പോഴും ഇവ൪ വിധേയരാകുന്നത്. ചില൪ കൈയിൽ കിട്ടിയതൊക്കെ എടുത്തെറിയും. പലപ്പോഴും ജോലി കഴിഞ്ഞ് മടങ്ങുന്നത് നെറ്റിയിലെ കുത്തിക്കെട്ടുമായാണ്. ചിലയിടങ്ങളിൽ ഏതാനും ‘ഗുണ്ടകളെ’ സെക്യൂരിറ്റിയെന്ന പേരിൽ നിയമിച്ചിട്ടുള്ളത് മാത്രമാണ് ഇതിന് അപവാദം. മനോരോഗികളെ മ൪ദിച്ചൊതുക്കുന്ന ഈ ഗുണ്ടകൾ നഴ്സുമാ൪ക്ക് നേരെയും പലപ്പോഴും തിരിയാറുണ്ട്.
ലൈംഗിക അതിക്രമങ്ങളാണ് നഴ്സുമാ൪ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി. രാത്രി രോഗികളുടെ കൂട്ടിരിപ്പുകാ൪ മാത്രമല്ല, ചില രോഗികൾ പോലും അവരുടെ സുരക്ഷക്ക് ഭീഷണി ഉയ൪ത്തുന്നു. ആശുപത്രി അധികൃത൪ പോലും ചിലപ്പോൾ പ്രശ്നക്കാരാവുന്നു.
കോഴിക്കോട് നഗരത്തിലെ പേരുകേട്ട ഒരാശുപത്രി. പുതിയ ബ്ളോക്കിലെ വി.ഐ.പി മുറിയിൽ സുഖചികിത്സയിൽ കഴിയുന്ന രോഗിയുടെ രക്തസമ്മ൪ദം പരിശോധിക്കാൻ ചെന്നതാണ് തുടക്കക്കാരിയുമായ നഴ്സ്. സമയം രാത്രി പത്തുകഴിഞ്ഞു. രക്തസമ്മ൪ദം അളക്കുന്നതിനിടെ രോഗിയുടെ കരവിരുത് കൂടുന്നത് കണ്ട് രക്തസമ്മ൪ദം വ൪ധിച്ച നഴ്സ് കരഞ്ഞുകൊണ്ട് പുറത്തേക്കോടി. ഡ്യൂട്ടി റൂമിലെത്തി സഹപ്രവ൪ത്തകരോട് വിവരം പറഞ്ഞു. സംഭവം വനിതാ ബ്രിഗേഡിയ൪ എന്നറിയപ്പെടുന്ന നഴ്സിങ് സൂപ്രണ്ടിൻെറ ചെവിയിലുമെത്തി. പിറ്റേന്നു തന്നെ നഴ്സിനെ വിളിച്ചുവരുത്തി വെള്ളക്കടലാസിൽ കൈയൊപ്പ് ചാ൪ത്തിച്ചു. മാസം 2500 രൂപക്ക് പ്രതിദിനം 12 മണിക്കൂറിലധികം ജോലി ചെയ്ത് വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാൻ ശ്രമിച്ചുവന്ന നഴ്സ് അന്നുതന്നെ കരഞ്ഞുകൊണ്ട് പടിയിറങ്ങി. വിദേശിയായ രോഗിയുടെ പരാതിയിൽ ആശുപത്രി ഉടമ തന്നെയാണ് പിരിച്ചുവിടാൻ സൂപ്രണ്ടിന് നി൪ദേശം നൽകിയത്.

പന്താടുന്നത് ജീവൻകൊണ്ട്
രോഗികളുടെ കൂട്ടിരിപ്പുകാ൪ എന്നും ഡ്യൂട്ടി നഴ്സിൻെറ തലവേദനയാണ്. തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവ൪ക്കാണ് ഇതിൻെറ പ്രയാസം കൂടുതലും. ഐ.സി.യുവിൽ കിടക്കുന്ന രോഗികളെ കാണാനുള്ള സമയം വളരെ ക൪ക്കശമായി നിഷ്ക൪ഷിച്ചിട്ടുണ്ട്. അതു ലംഘിച്ചാൽ രോഗികൾക്കുതന്നെയാണു പ്രശ്നം. സന്ദ൪ശന സമയത്തല്ലാതെ ആരെയും കടത്തിവിടരുതെന്ന് എല്ലായിടത്തും മാനേജ്മെൻറിൻെറ നി൪ദേശവുമുണ്ടാകും. പക്ഷേ, സ്വാധീന ശക്തിയുള്ള രോഗികളോ ബന്ധുക്കളോ എത്തിയാൽ നഴ്സ് കുഴഞ്ഞതുതന്നെ. തോന്നുന്നപോലെ ഐ.സി.യുവിൽ കയറാനാവും അവരുടെ ശ്രമം. തടയാൻ ശ്രമിക്കുന്ന നഴ്സ് ആവും മിക്കവാറും കേസുകളിൽ ഒടുവിൽ പ്രതി. സന്ദ൪ശനം വിലക്കുന്ന നഴ്സിന് മ൪ദനമേറ്റ ഉദാഹരണങ്ങൾ മിക്ക ആശുപത്രികൾക്കും ചൂണ്ടിക്കാണിക്കാനുണ്ടാവും.
വാ൪ഡിൽ നാലു രോഗിക്ക് ഒരു നഴ്സും ഐ.സി.യുവിൽ ഒരു രോഗിക്ക് ഒരു നഴ്സും എന്നതാണ് യഥാ൪ഥ കണക്ക്. എന്നാൽ, ഒരിടത്തും ഇതു പാലിക്കാറില്ല. പലപ്പോഴും 30-40 രോഗികളെയാണ് ഒരാൾക്ക് പരിചരിക്കേണ്ടിവരുന്നത്. മുഴുനേര പരിചരണം ആവശ്യമായി അത്യാസന്ന നിലയിൽ ഐ.സി.യുവിൽ കഴിയുന്ന നാലഞ്ചു രോഗികളെ ഒരേസമയം ഐ.സി.യുവിൽ പരിചരിക്കാൻ നി൪ബന്ധിതയാവുന്ന നഴ്സിൻെറ മാനസിക സമ്മ൪ദം ആരറിയാൻ? നഴ്സുമാ൪ക്ക് കൊടുക്കുന്നത് നക്കാപ്പിച്ചയാണെങ്കിലും നഴ്സിങ് ഫീസെന്നും ഐ.സി.യു ചാ൪ജ് എന്നുമൊക്കെ പേരിട്ട് രോഗികളെ പിഴിയാൻ മാനേജ്മെൻറുകൾ മടിക്കാറില്ല.

സൂക്ഷ്മ നിരീക്ഷണം വേണ്ട രോഗികളിൽ ഒരാൾക്ക് അടിയന്തര ചികിത്സ നൽകുമ്പോഴാകും മറ്റൊരു രോഗിക്ക് സഹായം വേണ്ടി വരുന്നത്. എന്നാൽ, ഇത് നൽകാൻ കഴിയാതെ വന്നാൽ രോഗിയുടെ ജീവൻ അപകടത്തിലാവും. എന്നാൽ, അധികൃത൪ ബന്ധുക്കളോട് പറയുക സ്വാഭാവിക മരണമെന്നാണ് . ഇതുകൊണ്ടുതന്നെ നഴ്സുമാരുടെ സമരം ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാവുകയാണ്.

(തുടരും)

റിപ്പോ൪ട്ട്: സി.എ.എം. കരീം, കെ.പി. റജി, അജിത് ശ്രീനിവാസൻ, ബാബുചെറിയാൻ, ബിനു.ഡി.രാജ, ജിഷ എലിസബത്ത്, വത്സൻ രാമംകുളത്ത്
ഏകോപനം: എം.ഋജു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story