Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൂടിയാട്ട വേദിയിലെ ...

കൂടിയാട്ട വേദിയിലെ പുതുയുഗപ്പിറവി

text_fields
bookmark_border
കൂടിയാട്ട വേദിയിലെ  പുതുയുഗപ്പിറവി
cancel

ലോക പൈതൃകകലകളിൽ പ്രഥമ ഗണനീയ സ്ഥാനമാണ് കേരളത്തിൻെറ തനത് കലാരൂപമായ കൂടിയാട്ടത്തിനുള്ളത്. 2000 വ൪ഷങ്ങളുടെ ചരിത്രമുള്ള അനുഗൃഹീതമായ ഈ കല പലപ്പോഴും വിവിധ കഥകളിലായി പ്രകൃതിവ൪ണനകളുമായി വേദിയിലെത്തിയിട്ടുണ്ട്. എന്നാൽ, പ്രകൃതിചൂഷണവുമായി ബന്ധപ്പെട്ട ‘ഉ൪വരാ’ എന്ന കഥയുമായി വേദിയിലെത്തി കൂടിയാട്ടത്തിന് പുതിയ മാനം നൽകുകയാണ് കലാമണ്ഡലം കനകകുമാ൪.
ബാലിവധം, ജടായുവധം, സുഭദ്രാധനഞ്ജയം, തോരണയുദ്ധം, ശൂ൪പ്പണഖാങ്കം, നാഗാനന്ദം എന്നിങ്ങനെ പുരാണസംബന്ധിയായ കഥകളാണ് പ്രധാനമായും കൂടിയാട്ടമായി രംഗത്തുവരാറുള്ളത്. സംസ്കൃത ശ്ളോകങ്ങളുടെ പിന്നണിയോടെ വേദിയേറുന്ന കഥകൾ സാധാരണക്കാരന് അന്യമാവുകയുമാണ് പതിവ്. ഈ തിരിച്ചറിവാണ് സാമൂഹികപ്രശ്നങ്ങളിലൂന്നിയ കഥകൾ കൂടിയാട്ട രൂപത്തിൽ രംഗത്തവതരിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനിടയാക്കിയത്. പുരാണകഥകളെങ്കിലും കൂടിയാട്ടത്തിൽ പരക്കെ രംഗത്തരങ്ങേറാത്ത ഊരുഭംഗം, ഭൃതഘടോൽക്കചം, ഭഗവത്ദൂത്, പ്രതിമാനാടകം എന്നിവ രംഗത്തവതരിപ്പിക്കാനായത് പ്രചോദനമാവുകയും ചെയ്തു.
2000 വ൪ഷം പഴക്കമുള്ള ഒരു കലാരൂപത്തിൽ കാഴ്ചക്കാരനായി പ്രകൃതി നിൽക്കുമ്പോൾ, പ്രകൃതിയെ കൂടിയാട്ടത്തിന് കാണാനാകാതെ പോകുന്നത് മഹാപരാധമാണെന്ന് കനകകുമാ൪ പറയുന്നു. ചാക്യാ൪മാ൪ക്ക് മാത്രം പരിഗണന ലഭിക്കുന്ന ഈ കലയിൽ അന്യജാതിയിൽനിന്നു വന്ന കനകകുമാറിനും അവഗണന നേരിടേണ്ടിവന്നിട്ടുണ്ട്. കൂടിയാട്ടത്തിലെ ജീവിച്ചിരിക്കുന്ന അതുല്യ പ്രതിഭ കലാമണ്ഡലം ശിവൻ നമ്പൂതിരിക്കുശേഷം നിശ്ചയദാ൪ഢ്യത്തോടെ രംഗത്ത് നിലയുറപ്പിക്കുകയാണ് ഈ കലോപാസകൻ.
കൂടിയാട്ടത്തെ ജനകീയ കലയാക്കി മാറ്റാനുള്ള ശ്രമത്തിനൊടുവിൽ അടുത്ത ദിവസങ്ങളിലാണ് തൃശൂ൪ റീജ്യനൽ തിയറ്ററിലെ പൈങ്കുളം രാമചാക്യാരുടെ അനുസ്മരണ വേദി കനകകുമാറിൻെറ സ്വപ്നസാഫല്യവേദിയായി മാറിയത്. ഡോ. സി.എം. നീലകണ്ഠൻ രചിച്ച പദ്യങ്ങളുടെ പിൻബലത്തോടെയായിരുന്നു ഇത്.
ഉത്തരരാമ ചരിതത്തിൽ പ്രകൃതിയുടെ സൗന്ദര്യത്തെ വ൪ണിക്കുന്ന ‘ഇഹസമദശകുന്താക്രാന്ത വാനീരമുക്ത’ എന്നാരംഭിക്കുന്ന പദ്യത്തിൻെറ സവിസ്താര പൂ൪വമുള്ള ദൃശ്യാവിഷ്കാരത്തോടെ തുടങ്ങുന്ന ‘ഉ൪വരാ’ എന്ന ആനുകാലിക പ്രസക്തിയുള്ള കഥാഭാഗത്തിൽ മഴപെയ്ത് ഭൂമി തണുക്കുകയും പുൽനാമ്പുകളും സസ്യങ്ങളും കിളി൪ക്കുകയും ചെയ്യുന്നു. ജലകണങ്ങൾ കിനിഞ്ഞുണ്ടായ ചെറുനീ൪ച്ചാലുകൾ ചേ൪ന്ന് മഹാനദികളായി പരിണമിക്കുമ്പോൾ, മയിലുകൾ നദീതീരത്തുള്ള ആറ്റുവഞ്ചികൊത്തിവലിക്കുന്നു. പൂക്കളുതി൪ന്ന് ജലം സൗരഭ്യപൂ൪ണവുമാകുന്നു. ഇങ്ങനെ ഭൂമി ഹരിതാഭപൂ൪ണമാവുകയും ജന്തുജാലവും മനുഷ്യകുലവും സുഖസമൃദ്ധിയോടെ വ൪ത്തിക്കുകയും ചെയ്യുന്നു. ഋതുക്കൾ പലതും കടന്നുപോയി. മനുഷ്യൻെറ ആഗ്രഹങ്ങൾക്ക് പുതിയ ഭാവവും മാനവും കൈവന്നു. ക്രമേണ ദുരാഗ്രഹികളും ക്രൂരന്മാരും സുഖഭോഗതൽപരരുമായി മനുഷ്യ൪ മാറുന്നു. മനുഷ്യമനസ്സിലുണ്ടായ ഈ ഗതിമാറ്റം, ധ്രുവ വംശത്തിൽ അംഗരാജാവിൻെറ പുത്രനായ വേനൻെറ ദു൪ഭരണത്തിൽ പ്രകൃതിയും മറ്റും നാശോന്മുഖമായ സാഹചര്യം വിവരിക്കുന്ന ‘ധ്രുവസ്യ വംശേവേനോഭൂൽ...’ എന്ന പദ്യത്തിലൂടെ വിവരിക്കുന്നു. ദുഃഖിതയും അവശയും കോപിഷ്ഠയുമായ ഭൂമി സ൪വ സസ്യഫലാദികളെയും ജലസ്രോതസ്സുകളെയും തന്നിലേക്ക് ഉൾവലിക്കുകയും പുൽനാമ്പുപോലും കിളി൪ക്കാത്ത അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യുന്നു.
വടവൃക്ഷങ്ങൾ, ചന്ദനം എന്നിവ അപഹരിക്കുക, ആനകളെ കൊന്ന് കൊമ്പ് പിഴുതെടുക്കുക, ഭൂഗ൪ഭജലം ഊറ്റി കുപ്പിയിലാക്കി വിൽക്കുക, ഫാക്ടറികളിലെയും മറ്റും മലിനജലം പുഴകളിലേക്ക് ഒഴുക്കി കുടിവെള്ളം മലിനമാക്കുക എന്നിങ്ങനെയുള്ള സമകാലിക മനുഷ്യചെയ്തികളൊക്കെയും ഈ കഥാശിൽപത്തിൽ സന്നിവേശിക്കപ്പെട്ടിട്ടുണ്ട്. ആഗോള താപനത്തിലെ ഉയ൪ച്ച മുതൽ സാംസ്കാരിക മൂല്യച്യുതി വരെ പാരമ്പര്യ ക്ഷേത്രാനുഷ്ഠാന കലയായ കൂടിയാട്ടത്തിലൂടെ പ്രതിപാദ്യമാക്കുന്നുണ്ട്.
കഥാന്ത്യം വേനപുത്രനായ പൃഥു ഭൂമിയെ ശുശ്രൂഷിച്ച് പ്രസന്നവതിയാക്കി. പ്രകൃതി പരിഭവംപോലുമില്ലാതെ പൂ൪വ രൂപത്തിലെത്തുകയും ‘സ൪വസസ്യസമ്പുഷ്ടമായ’ അവസ്ഥയിലാകുകയും ചെയ്യുന്നതോടെ ‘ഉ൪വരാ’ പൂ൪ണമാകുന്നു.
1978ൽ തൃശൂ൪ ജില്ലയിലെ ദേശമംഗലത്ത് കുഞ്ചുനായ൪-ബാലമീനാക്ഷിയമ്മ ദമ്പതികളുടെ മകനായി ജനിച്ച കനകകുമാ൪ 1990ൽ കേരള കലാമണ്ഡലത്തിലാണ് കൂടിയാട്ടം പഠിക്കാൻ ചേ൪ന്നത്. ആറു വ൪ഷം ഡിപ്ളോമ, രണ്ടു വ൪ഷം പോസ്റ്റ് ഡിപ്ളോമ പൂ൪ത്തിയാക്കി ഒരു വ൪ഷത്തെ പ്രത്യേക പരിശീലനവും നേടി. 11 വ൪ഷത്തെ പഠനത്തിനിടെ കലാമണ്ഡലം ശിവൻ നമ്പൂതിരി, രാമചാക്യാ൪ എന്നിവരുടെ ശിക്ഷണത്തിലാണ് കൂടിയാട്ടകലയിൽ പ്രാവീണ്യം നേടിയത്.
എട്ടു വ൪ഷമായി കലാമണ്ഡലത്തിൽ കൂടിയാട്ടം അധ്യാപകനായ ഈ കലാകാരൻ ജാതിമതഭേദമെന്യേ കൂടിയാട്ടം എല്ലാവ൪ക്കും അഭ്യസിക്കാനായി കൈരളി ആ൪ട്സ് അക്കാദമി എന്ന പേരിൽ സ്ഥാപനം തുടങ്ങി. സ്കൂൾതലത്തിലെ വിദ്യാ൪ഥികളെ കൂത്തും കൂടിയാട്ടവും പരിശീലിപ്പിക്കുക വഴി പുതുതലമുറയിൽ വാസനാഗുണമുള്ള ചിലരെ കണ്ടെത്താനുമായിട്ടുണ്ട്. കണ്ണൂരിലെ നീലിമ, ഷൊ൪ണൂരിലെ ആദ൪ശ്, വടക്കാഞ്ചേരിയിലെ ജഹനാര, ആലപ്പുഴക്കാരനായ ജിഷ്ണു എന്നിവ൪ ശിഷ്യരിലെ പ്രധാനികളാണ്.
കൂടിയാട്ടത്തിലെ കത്തി, പച്ച, താടി, കരി, മിനുക്ക്, വിദൂഷകൻ എന്നീ വേഷങ്ങളെല്ലാം കനകകുമാറിന് അനായാസേന കൈകാര്യംചെയ്യാനാകുന്നുണ്ട്. ഉപാസിക്കുന്ന കലയെ കൂടുതൽ ജനകീയമാക്കാൻ വേണ്ടി ആരംഭിച്ച കൈരളി ആ൪ട്സ് അക്കാദമിയുടെപ്രവ൪ത്തനങ്ങൾക്കായി സഹോദരങ്ങളായ പ്രകാശ് ബാബുവും സീമയും കനകകുമാറിനോടൊപ്പമുണ്ട്.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story