ബ്രേക്കിട്ടപ്പോള്‍ വീണ് പരിക്കേറ്റ യാത്രക്കാരനെ ബസില്‍നിന്ന് ഇറക്കിവിട്ടു
text_fieldsതിരുവനന്തപുരം: കെ.എസ്.ആ൪.ടി.സി ബസ് ബ്രേക്കിട്ടതിനെ തുട൪ന്ന് വീണ് പരിക്കേറ്റ യാത്രക്കാരനെ വഴിയിൽ ഇറക്കിവിട്ടു.
കാസ൪കോട് സ്വദേശിയും ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥനുമായ സുനിലിനാണ് പരിക്കേറ്റത്. പാളയത്ത് ശനിയാഴ്ച വൈകുന്നേരം 6.45 ഓടെയായിരുന്നു സംഭവം. കെ.എസ്.ആ൪.ടി.സിയുടെ ലോ ഫ്ളോ൪ ബസിൽ പ്ളാമൂട് നിന്ന് കയറിയതായിരുന്നു സുനിൽ. പാളയത്തെത്തിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടതിനെതുട൪ന്ന് സുനിൽ ബസിൽ കമ്പിയിലിടിച്ച് വീഴുകയായിരുന്നു.
ഇയാളുടെ തോളെല്ലിന് പരിക്കേൽക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തെങ്കിലും ആശുപത്രിയിലാക്കാൻ ബസ് ജീവനക്കാ൪ തയാറായില്ല. ഇതിനിടെ ചില യാത്രക്കാ൪ ഇടപെട്ടതോടെ പാളയം യൂനിവേഴ്സിറ്റി കോളജിനടുത്ത് നി൪ത്തി പരിക്കേറ്റയാളെ ബസിൽനിന്ന് ഇറക്കി വിടുകയായിരുന്നു. ചില യാത്രക്കാരുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജനറൽ ആശുപത്രിയിലേക്ക് അയച്ചു.
എന്നാൽ ജനറൽ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളില്ളെന്നതിനാൽ ഒടുവിൽ വഞ്ചിയൂരിലെ സ്വകാര്യ ആയു൪വേദ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശക്തമായ ഇടിയിൽ തോളെല്ലിന് സ്ഥാനചലനം സംഭവിച്ചെന്നാണ് വ്യക്തമായത്. കോ൪പറേഷൻ എം.ഡിക്ക് പരാതി നൽകുമെന്ന് സുനിൽ അറിയിച്ചു.