ദേശീയ ദിനം: ഖത്തറിന് രാജകീയ ആഘോഷം
text_fieldsദോഹ: ദേശക്കൂറിൻെറ ആവേശം ഉയ൪ത്തിപ്പിടിച്ചും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻെറ സ്മരണകൾ അയവിറക്കിയും ഖത്ത൪ ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്നു. 1878ൽ പിതാവിൻെറ പിൻഗാമിയായി അധികാരമേറ്റെടുത്ത് രാജ്യത്തെ പുരോഗതിയിലേക്കും സമ്പൽസമൃദ്ധിയിലേക്കും നയിച്ച ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻഥാനിയുടെ ഓ൪മകൾക്ക് മുന്നിൽ രാജ്യം അഭിവാദ്യമ൪പ്പിക്കുന്ന ഇന്നത്തെ ദിവസം സ്വദേശികൾക്കും വിദേശികൾക്കും ഒന്നുപോലെ ആഘോഷത്തിൻേറതാണ്.
ചരിത്രത്തിൻെറയും സാംസ്കാരത്തിൻെറയും പാരമ്പര്യത്തിൻെറയും പ്രൗഢിയും തനിമയും വിളിച്ചോതുന്ന വൈവിധ്യമാ൪ന്ന പരിപാടികളോടെയാണ് രാജ്യം ഇന്ന് ദേശീയദിനം ആഘോഷിക്കുന്നത്. കോ൪ണിഷ് കടലോരമാണ് ഇന്നത്തെ ആഘോഷപരിപാടികളുടെ പ്രധാന വേദി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ, സാംസ്കാരിക പരിപാടികൾ വ്യത്യസ്ത വേദികളിൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു.
ഈന്തപ്പനകൾ പാനൂസ് വിളക്കുകളുടെ അലങ്കാരവും ദേശീയപതാകകളുടെ തോരണങ്ങളും നിയോൺ വിളക്കുകളുടെ പ്രഭയും അണിഞ്ഞുനിൽക്കുന്ന കോ൪ണിഷ് ദിവസങ്ങളായി ഉൽവസപ്രതീതിയിലാണ്. രാജ്യത്തെ പ്രധാനതെരുവുകളും കെട്ടിടങ്ങളും കൊടിതോരണങ്ങളാലും വ൪ണവിളക്കുകളാലും അലങ്കരിച്ചിട്ടുണ്ട്. 1100 ഈന്തപ്പനകളിലാണ് റാന്തൽവിളക്കുകളും മറ്റ് ബഹുവ൪ണ ലൈറ്റുകളും സംവിധാനിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7.30ന് കോ൪ണിഷിൽ നടക്കുന്ന ദേശീയദിന പരേഡിൽ പട്ടാളക്കാരും വിദ്യാ൪ഥികളുമടക്കം അണിനിരക്കും. മുൻവ൪ഷങ്ങളെ അപേക്ഷിച്ച് പരേഡ് വീക്ഷിക്കാൻ ഇത്തവണ കൂടുതൽ സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി റോഡിൻെറ ഇരു വശങ്ങളിലും ബാരിക്കേഡുകൾ ഉയ൪ത്തിയിട്ടുണ്ട്. റോഡിൻെറ ഇരുവശങ്ങളും പരേഡിനായി ഉപയോഗിക്കും. ഒരു വശം വിദ്യാ൪ഥികളും കുട്ടികളുമടക്കം പരേഡിൽ പങ്കെടുക്കുന്നവ൪ക്കും മറുവശം പരേഡിൽ അണിനിരക്കുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ളതുമായിരിക്കും. അമീ൪ ശൈഖ് ഹമദ്ബിൻ ഖലീഫ ആൽഥാനി, ശൈഖ മൗസ ബിൻത്നാസ൪ എന്നിവരും മറ്റ് ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങളും പരേഡ് വീക്ഷിക്കാനെത്തും. സ്വദേശി കുട്ടികൾ പരമ്പരാഗത വേഷവിതാനങ്ങളോടെയും ചമയങ്ങളോടെയും പരേഡിൽ പങ്കെടുക്കും. കുതിരപ്പട്ടാളം, ഒട്ടകസങ്ങൾ എന്നിവ പരമ്പരാഗത വേഷത്തിലും പോലിസ്, ഇൻേറണൽ സെക്യൂരിറ്റി ഫോഴ്സ്, അമീരി ഗാ൪ഡ് എന്നിവ തങ്ങളുടെ സൈനിക വാഹനങ്ങളിലും ടാങ്കുകളിലുമായിരിക്കും പരേഡിൽ അണിചേരുക. പ്രൈമറി സ്കൂളുകളിലെ 1500 ഖത്തരി വിദ്യാ൪ഥി, വിദ്യാ൪ഥിനികൾ അമീറിന് അഭിവാദ്യമ൪പ്പിച്ച് അണിനിരക്കും.
അമീരി വ്യോമസേന ഒരുക്കുന്ന വ്യോമാഭ്യാസപ്രകടനങ്ങൾ ആയിരക്കണക്കിന് കാണികൾക്ക് മുന്നിൽ വിസ്മയത്തിൻെറ പുതിയ ലോകം തുറക്കും. ഇതിനുള്ള പരിശീലനം ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. പരമ്പരാഗത രീതിയിൽ അലങ്കരിച്ച ഇരുപത് ബോട്ടുകൾ കോ൪ണിഷിന്‍്റെ ആകാശത്ത് സൃഷ്ടിക്കുന്ന ലേസ൪ വ൪ണവെളിച്ചമാണ് കാണികളുടെ കണ്ണഞ്ചിപ്പിക്കുന്ന മറ്റൊരു പരിപാടി. വൈകിട്ട് 5.30 മുതൽ 7.30 വരെയും രാത്രി 8.15 മുതൽ 11.15 വരെയും രണ്ട് ഷോകളായാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി എട്ട് മണിക്ക് കോ൪ണിഷിൽ ഒരുക്കിയിട്ടുള്ള കരിമരുന്ന് പ്രകടനം വ൪ണവും വെളിച്ചവും കൊണ്ട് ആകാശത്ത് കാഴ്ചയുടെ മറ്റൊരു പൂരമായി മാറും. ഇതാദ്യമായാണ് വിദ്യാ൪ഥികൾ കരിമരുന്ന് പ്രയോഗം നടത്തുന്നത്. പരിപാടികൾ നടക്കുന്ന കോ൪ണിഷ് റോഡുകൾ ഇന്ന് അടച്ചിടുന്നതിനാൽ രാവിലെ അഞ്ച് മണി മുതൽ അ൪ധരാത്രി വരെ ഈ പരിസരത്തേക്കും തിരിച്ചും ഷട്ടിൽ സ൪വീസിനായി മുവാസലാത്ത് 41 ബസ്സുകൾ ഏ൪പ്പെടുത്തിയിട്ടുണ്ട്.
സൈനിക പരേഡും ദേശീയ റാലിയും അടക്കമുള്ള പരിപാടികൾ വീക്ഷിക്കാനെത്തുന്നവ൪ക്ക് വിപുലമായ ഗാലറിയാണ് ഒരുക്കിയിരിക്കുന്നത്. ബിദ പാ൪ക്ക്മുതൽ ആഭ്യന്തരമന്ത്രാല മന്ദിരം വരെ പതിനാല് സ്ഥലങ്ങളിലായി 14000ഓളം ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വ൪ഷത്തെക്കാൾ രണ്ടായിരം സീറ്റുകൾ കൂടുതലാണ് ഇത്. അമീറിനും വിശിഷ്ടാതിഥികൾക്കുമായി സജ്ജീകരിച്ചിട്ടുള്ള പ്രധാന സ്റ്റേജിന് അരികിൽ വലതുവശത്തായി വികലാംഗ൪ക്കായി 200 കസേരകൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികൾ ദോഹ ചാനൽ തൽസമയം സംപ്രേഷണം ചെയ്യും. തിരക്കൊഴിവാക്കാൻ കാണികൾ നേരത്തെ എത്തിച്ചേരണമെന്നും അത്യാഹിതങ്ങളൊഴിവാക്കാൻ വാഹനമോടിക്കുന്നവരും കാൽനടക്കാരും നിയമങ്ങൾ ക൪ശനമായി പാലിക്കണമെന്നും അധികൃത൪ അഭ്യ൪ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
