അജിത് സിങ് വ്യോമയാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂദൽഹി: രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്. പ്രവാസികാര്യ മന്ത്രി വയലാ൪ രവി കൈകാര്യം ചെയ്യുന്ന വ്യോമയാന വകുപ്പാണ് അജിത് സിങിന് ലഭിക്കുക.
77 അംഗ മന്ത്രിസഭയിലെ 33ാമത്തെ കാബിനറ്റ് മന്ത്രിയായാണ് അജിത് സിങ് ചുമതലയേൽക്കുന്നത്. മറ്റു വകുപ്പുകളിൽ മാറ്റമില്ല. യു.പി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടയിൽ, പാ൪ലമെന്റ് സമ്മേളനം തീരാൻ കാത്തുനിൽക്കാതെയാണ് മന്ത്രിസഭാ വികസനത്തിന് സ൪ക്കാ൪ ഒരുങ്ങിയത്. പാ൪ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തുന്ന പതിവില്ല. എന്നാൽ, ഇതിന് ഭരണഘടനാപരമായ തടസ്സങ്ങളുമില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിയെ ഏറ്റവും നേരത്തേ പാ൪ലമെന്റിന് പ്രധാനമന്ത്രി പരിചയപ്പെടുത്തണം. റഷ്യ സന്ദ൪ശനം പൂ൪ത്തിയാക്കി പ്രധാനമന്ത്രി മൻമോഹൻസിങ് ശനിയാഴ്ച രാത്രി തിരിച്ചെത്തിയിട്ടുണ്ട്.
അജിത് സിങ് നയിക്കുന്ന ആ൪.എൽ.ഡിക്ക് ലോക്‌സഭയിൽ അഞ്ച് അംഗങ്ങളുണ്ട്. ഇതോടെ സഭയിൽ യു.പി.എയുടെ അംഗബലം 277 ആയി ഉയരും. യു.പി തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആ൪.എൽ.ഡിയും തമ്മിൽ സഖ്യമായിട്ടുണ്ട്. അതനുസരിച്ച് 50 വരെ സീറ്റിൽ ആ൪.എൽ.ഡിയും ബാക്കി സീറ്റിൽ കോൺഗ്രസും മത്സരിക്കും. യു.പി നിയമസഭയിൽ 403 സീറ്റാണുള്ളത്. അജിത് സിങുമായുള്ള കൂട്ട് കാ൪ഷിക മേഖലയായ പശ്ചിമ യു.പിയിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
രണ്ടാം യു.പി.എ അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് പുതിയൊരു പാ൪ട്ടി സഖ്യത്തിൽ ചേരുന്നത്. കഴിഞ്ഞദിവസം നടന്ന യു.പി.എ യോഗത്തിൽ അജിത് സിങ് പങ്കെടുത്തിരുന്നു. 72കാരനായ അജിത് സിങിന് കേന്ദ്രമന്ത്രിപദം നാലാമൂഴമാണ്. ആദ്യം കോൺഗ്രസിനൊപ്പം നിന്ന് നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രി. പിന്നീട് വി.പി. സിങ്ങിന്റെ ഐക്യമുന്നണി സ൪ക്കാറിൽ വ്യവസായ മന്ത്രി. അതിനുശേഷം എൻ.ഡി.എയിൽ ചേ൪ന്ന് വാജ്‌പേയി മന്ത്രിസഭയിൽ. ഇപ്പോൾ വീണ്ടും കോൺഗ്രസിനൊപ്പം ചേ൪ന്ന് മൻമോഹൻ മന്ത്രിസഭയിലേക്ക്. ജാട്ട് ക൪ഷക നേതാവായിരുന്ന മുൻപ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന്റെ മകനാണ് അജിത് സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
