സി.പി.എം ജില്ലാ സമ്മേളനം ഞായറാഴ്ച തുടങ്ങും
text_fieldsപത്തനംതിട്ട: സി.പി.എം ജില്ലാ സമ്മേളനം ഞായറാഴ്ച മുതൽ 21വരെ പത്തനംതിട്ടയിൽ നടക്കും. ഞായറാഴ്ച വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നും നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിൽനിന്നും എത്തിച്ചേരുന്ന ദീപശിഖ, കൊടി, കൊടിമരം, കപ്പി-കയ൪ ജാഥകൾ സി.വി. ജോസ് സ്മൃതി മണ്ഡപത്തിൽ സംഗമിക്കും. വൈകുന്നേരം അഞ്ചിന് സംയുക്തമായി നഗരം ചുറ്റി പൊതുസമ്മേളന സ്ഥലമായ ജ്യോതിബസു നഗറിൽ (ജില്ലാ സ്റ്റേഡിയം) എത്തിച്ചേരും. തുട൪ന്ന് ജില്ലാ സെക്രട്ടറി കെ.അനന്തഗോപൻ പതാക ഉയ൪ത്തും. തിങ്കളാഴ്ച എം.കെ. പാന്ഥെ നഗറിൽ (സെൻറ് സ്റ്റീഫൻസ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ,പി.കെ. ഗുരുദാസൻ, എം.എ.ബേബി, എം.സി. ജോസഫൈൻ, വൈക്കം വിശ്വൻ, തോമസ് ഐസക്, എ. വിജയരാഘവൻ, ആനത്തലവട്ടം ആനന്ദൻ എന്നിവ൪ പങ്കെടുക്കും.
വൈകുന്നേരം സ്വകാര്യ ബസ്സ്റ്റാൻഡിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ. ഫിലിപ്പോസ് മാ൪ ക്രിസോസ്റ്റം മാ൪ത്തോമാ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. എം.എ. ബേബി അധ്യക്ഷതവഹിക്കും. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന കവിയരങ്ങ് ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോന്നിയൂ൪ ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. ബുധനാഴ്ച വൈകുന്നേരം നാലിന് റെഡ്വളൻറിയ൪ പരേഡും ബഹുജന റാലിയും സ്വകാര്യബസ്സ്റ്റാൻഡിൽനിന്നാരംഭിച്ച് ടൗൺ ചുറ്റി ജില്ലാ സ്റ്റേഡിയത്തിൽ എത്തിച്ചേരും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുട൪ന്ന് കൊച്ചിൻ കലാഭവൻെറ ഗാനമേളയുണ്ടാകും.
സമ്മേളനത്തിൻെറ ഒരുക്കങ്ങൾ ജില്ലയിലെമ്പാടും പൂ൪ത്തിയാകുന്നതായി ജില്ലാ സെക്രട്ടറി അഡ്വ.കെ. അനന്തഗോപൻ, കെ.സി. രാജഗോപാൽ, രാജു എബ്രഹാം എം.എൽ.എ, പ്രഫ. ടി.കെ.ജി.നായ൪, എ. പത്മകുമാ൪, പി.ആ൪. പ്രദീപ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
