കസ്റ്റഡി മര്‍ദ്ദനക്കേസ്: തച്ചങ്കരി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു
text_fieldsആലപ്പുഴ: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്ത് മ൪ദിച്ചെന്ന കേസിലെ പ്രതികളായ അഡീഷനൽ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എട്ടുപേരെയും ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു. വാദിയായിരുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂ൪ പുത്തൻവളപ്പിൽ എൻ. പ്രകാശൻ (58) 15 വ൪ഷത്തിലധികമായി നടത്തിവന്ന കേസിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ട് ഉത്തരവായത്. കേസ് മുന്നോട്ടുകൊണ്ടുപോകാൻ താൽപ്പര്യമില്ളെന്നും പ്രതികൾ തന്നെ ഉപദ്രവിച്ചതായി ഓ൪മയില്ളെന്നും കോടതിയിൽ മൊഴി നൽകി പ്രകാശൻ കൂറുമാറിയിരുന്നു. വാദി തന്നെ വ്യത്യസ്ത മൊഴികൾ രേഖപ്പെടുത്തിയ സ്ഥിതിക്കാണ് പ്രതികൾ കുറ്റവിമുക്തരായത്.
പ്രകാശൻെറ മൊഴിമാറ്റത്തിനെതിരെ അഡ്വ. ആ൪. പത്മകുമാ൪ മുഖേന പൊതുപ്രവ൪ത്തകനായ ബോബി കുരുവിള നൽകിയ ഹരജി നിലനിൽക്കുന്നതല്ളെന്നുകണ്ട് കോടതി തള്ളി. ഹൈകോടതിയെ സമീപിക്കുമെന്ന് ബോബി കുരുവിള പറഞ്ഞു.
സത്യം ജയിച്ചെന്നും 15 വ൪ഷമായി ചിലരെ മുന്നിൽനി൪ത്തി ചില൪ നടത്തിയ കേസിൻെറ വിധി അത്തരക്കാ൪ക്കുള്ള മറുപടിയാണെന്നും ടോമിൻ ജെ. തച്ചങ്കരി പ്രതികരിച്ചു. സ൪ക്കാ൪ ഉദ്യോഗസ്ഥരായ തങ്ങളെ കെട്ടിയിട്ട് ആരോപണങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങളും ഇത് മനസ്സിലാക്കണം. സ൪ക്കാ൪ ഉദ്യോഗസ്ഥരായതിനാൽ പ്രതികരിക്കാൻ കഴിയുന്നുമില്ല -അദ്ദേഹം പറഞ്ഞു. ഏറെ ആഹ്ളാദത്തോടെയാണ് തച്ചങ്കരിയും മറ്റുള്ളവരും കോടതിക്ക് പുറത്തേക്ക് വന്നത്.
തച്ചങ്കരിയെ കൂടാതെ മറ്റ് പ്രതികളായ റിട്ട. എസ്.പി ഷെയ്ഖ് അൻവറുദ്ദീൻ, റിട്ട. ഡിവൈ.എസ്.പി പീറ്റ൪ ബാബു, റിട്ട. സി.ഐ ഹരിദാസ്, റിട്ട. എസ്.ഐ ജാഫ൪, റിട്ട. എ.എസ്.ഐമാരായ പൂക്കോയ, കേശവൻകുട്ടി, നിലവിൽ ആലപ്പുഴ സൗത് അഡീഷനൽ എസ്.ഐയായ അബൂബക്ക൪ എന്നിവരും കോടതിയിൽ ഹാജരായിരുന്നു. ’91 ഫെബ്രുവരി 11ന് പ്രകാശൻെറ അയൽവാസിയായ പെൺകുട്ടി സുജയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസിൻെറ തുടക്കം. അന്ന് ആലപ്പുഴ എ.എസ്.പിയായിരുന്നു ടോമിൻ ജെ. തച്ചങ്കരി. സുജയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് പ്രകാശനെ കസ്റ്റഡിയിലെടുക്കുകയും പുന്നപ്ര പൊലീസ് സ്റ്റേഷനിൽ മ൪ദനത്തിന് വിധേയമാക്കുകയും ചെയ്തു. തനിക്കുണ്ടായ പീഡനത്തിൻെറ ദുഃഖഭാരത്താൽ മാതാവും മാതൃസഹോദരിയും മരിച്ചതായി പ്രകാശൻ പറഞ്ഞിരുന്നു. പ്രകാശനെ കോടതി കുറ്റവിമുക്തനാക്കിയതിനെത്തുട൪ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തച്ചങ്കരി ഉൾപ്പെടെ എട്ടുപേ൪ക്കെതിരെ കേസ് ഫയൽ ചെയ്തത്.
മുഖ്യമന്ത്രി വരെ ഇടപെട്ട കേസിൻെറ വിചാരണ നടപടിക്രമങ്ങളും അനന്തമായി നീളുന്നത് ബോധ്യപ്പെട്ട ഹൈകോടതിയാണ് ആറുമാസത്തിനുള്ളിൽ തീ൪പ്പുകൽപ്പിക്കാൻ ആലപ്പുഴ സി.ജെ.എം കോടതിയോട് ആവശ്യപ്പെട്ടത്. അതുപ്രകാരം നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടക്കുമ്പോഴാണ് പ്രകാശൻെറ മനംമാറ്റം മൊഴിമാറ്റത്തിലൂടെ കോടതിക്ക് മുന്നിലെത്തിയത്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതസാഹചര്യവും അസുഖവും മൂലം കേസിൽ ഉൾപ്പെട്ടവരുടെ പങ്ക് എന്താണെന്ന് പറയാൻ ഓ൪മക്കുറവ് മൂലം കഴിയുന്നില്ളെന്നായിരുന്നു പ്രകാശൻെറ പുതിയ മൊഴി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ കേസിൽനിന്ന് മുക്തമാക്കണമെന്നും വാദി തന്നെ അഭ്യ൪ഥിച്ചു. ഇതോടെ കേസിൻെറ അന്ത്യം ഏറക്കുറെ വ്യക്തമായിരുന്നു. തച്ചങ്കരി പ്രതിയായ കേസിൽ ഇത്രയും കാലം നടത്തിവന്ന ശക്തമായ പോരാട്ടം പ്രകാശൻ അവസാനിപ്പിച്ചു എന്ന സൂചനയുമുണ്ടായി. പ്രകാശന് കേസിന് പിൻബലം നൽകിയതായി പറയുന്ന ബോബി കുരുവിളയാണ് മൊഴിമാറ്റത്തിനെതിരെ കോടതിയിൽ ഹരജി നൽകിയത്. പണത്തിൻെറ പിൻബലംകൊണ്ടാണ് പ്രകാശൻ മൊഴിമാറ്റിയതെന്നായിരുന്നു ബോബി കുരുവിളയുടെ ആരോപണം. ഹരജി നിലനിൽക്കുന്നതാണെന്ന് കോടതി കണ്ടെങ്കിലും ഇതു സംബന്ധിച്ച വാദം കേട്ടില്ല. പ്രകാശന് ഓ൪മക്കുറവുണ്ടെന്നു പറഞ്ഞ് മജിസ്ട്രേറ്റ് പി. രാഗിണി തള്ളുകയായിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ ബി. രാമൻ പിള്ള, വിധു ഉണ്ണിത്താൻ, ഗുൽസാ൪, ശിവദാസ് എന്നിവ൪ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
