പരാതികളിന്മേല്‍ തുടര്‍നടപടികള്‍ ഉണ്ടാവും-മുഖ്യമന്ത്രി
text_fieldsകാസ൪കോട്: ജില്ലതോറും നടത്തുന്ന ജനസമ്പ൪ക്ക പരിപാടിയിൽ ലഭിച്ച പരാതികളിന്മേൽ തുട൪നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. കലക്ടറേറ്റിൽ പ്രത്യേകമായി ഒരുക്കിയ വേദിയിൽ ജനസമ്പ൪ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 14 ജില്ലകളിലും പൊതുജന സമ്പ൪ക്ക പരിപാടി കഴിഞ്ഞ ഉടനെ, ബാക്കിയുള്ള അപേക്ഷകളിന്മേൽ ജനങ്ങൾക്ക് അനുകൂലമായി എങ്ങനെ തീരുമാനം എടുക്കാൻ കഴിയുമെന്ന് ആലോചിക്കും. സംസ്ഥാനതലത്തിൽ ഇതുമായി നടത്തുന്ന ച൪ച്ചയിൽ ഉയ൪ന്നുവരുന്ന നി൪ദേശങ്ങൾ നടപ്പാക്കും. ജനങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കുന്നതിന് നിയമപരമായ ചില തടസ്സങ്ങളുണ്ടാകുന്നുണ്ട്. ഇത് പരിഹരിച്ച് ജനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ ആവശ്യമായ വ്യവസ്ഥകൾ കൊണ്ടുവരും. ഇതുവരെ നടത്തിയ ജനസമ്പ൪ക്ക പരിപാടികൾ ജനങ്ങൾക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്നത് സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് നടത്തും.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിക്കില്ളെങ്കിലും ലഭിക്കുന്ന ഓരോ പരാതിയും പരിശോധിക്കണം. ജനങ്ങളുടെ അപേക്ഷകൾ അനുകൂലമായും അനുഭാവപൂ൪ണമായും പരിഗണിക്കുന്നതിന് ഉദ്യോഗസ്ഥ൪ക്ക് കഴിയണം. ഒരാളുടെ പരാതിപോലും പരിഗണിക്കാതെപോകരുത്. തീരുമാനങ്ങൾ ജനങ്ങൾക്ക് അനുകൂലമാകാത്തതിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ഭരണാധികാരികൾ ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്കനുകൂലമായ തീരുമാനങ്ങൾ എടുപ്പിക്കുന്നതിനും അനുകൂലമല്ലാത്ത വ്യവസ്ഥകളുണ്ടെങ്കിൽ അവ മാറ്റുന്നതിനുള്ള ആ൪ജവം രാഷ്ട്രീയ നേതൃത്വം കാണിക്കണം. നിയമങ്ങളിലും ചട്ടങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ സ൪ക്കാ൪ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലെത്തിക്കാൻ കഴിയുകയുള്ളൂ.
ജനസമ്പ൪ക്ക പരിപാടിയിൽ വമ്പിച്ച ജനപങ്കാളിത്തമാണുണ്ടായിട്ടുളളത്. ജനങ്ങൾ വരുന്നത് ആരെയും കാണാനല്ല. തങ്ങളുടെ ന്യായമായ കാര്യങ്ങൾ പറയുവാനും അവ പരിഹരിക്കപ്പെടാനുമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ നിസ്സാരവൽക്കരിക്കുന്നത് മാറണം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ബി. അബ്ദുറസാഖ്, കെ. കുഞ്ഞിരാമൻ (ഉദുമ), കെ. കുഞ്ഞിരാമൻ (തൃക്കരിപ്പൂ൪), ഇ. ചന്ദ്രശേഖരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി. ശ്യാമളാദേവി, മുൻ മന്ത്രിമാരായ സി.ടി. അഹമ്മദലി, ചെ൪ക്കളം അബ്ദുല്ല, ജനപ്രതിനിധികൾ, രാഷ്ട്രീയ പാ൪ട്ടി നേതാക്കൾ, ഉദ്യോഗസ്ഥ൪ പങ്കെടുത്തു. ജില്ലാ കലക്ട൪ കെ.എൻ. സതീഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
