Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightലക്ഷം കോടി...

ലക്ഷം കോടി ഡോളറിന്‍െറ പരാജയം

text_fields
bookmark_border
ലക്ഷം കോടി ഡോളറിന്‍െറ പരാജയം
cancel

‘ഒരു യുദ്ധം തുടങ്ങുന്നതിനേക്കാൾ പ്രയാസകരമാണ് അത് അവസാനിപ്പിക്കുന്നത്’ എന്ന നിരീക്ഷണത്തോടെ പ്രസിഡൻറ് ബറാക് ഒബാമ, ഒമ്പതുവ൪ഷം നീണ്ട അമേരിക്കൻ സൈനികദൗത്യം ഇറാഖിൽ അവസാനിച്ചതായി ബുധനാഴ്ച രാത്രി പ്രഖ്യാപിച്ചു. വ്യാഴാഴ്ച അവശേഷിച്ച യാങ്കിപ്പടയും ഇറാഖ് വിട്ടതിൻെറ സൂചനയായി അമേരിക്കൻ പതാക ബഗ്ദാദിൽ താഴ്ത്തുകയും ചെയ്തു. ഇനി, ഇറാഖിസേനയെ പരിശീലിപ്പിക്കാൻ മാത്രമായി ഏതാനും പട്ടാള ഉദ്യോഗസ്ഥരേ ബഗ്ദാദിൽ തങ്ങൂ എന്നും അമേരിക്ക ലോകത്തെ അറിയിച്ചു.

അങ്ങനെ, വൈറ്റ്ഹൗസിൽ പ്രസിഡൻറായി കാലുകുത്തിയ ഉടനെ ഒബാമ നൽകിയ വാഗ്ദാനങ്ങളിലൊന്ന് അദ്ദേഹം നിറവേറ്റിയതായി അവകാശപ്പെടാം. 2003ൽ അന്നത്തെ പ്രസിഡൻറ് ജോ൪ജ് ഡബ്ള്യു. ബുഷ് ആയിരുന്നല്ളോ ഇറാഖിൽ ഏകാധിപതി സദ്ദാം ഹുസൈൻ കൂട്ടസംഹാരായുധങ്ങൾ സമാഹരിച്ചിരിക്കുന്നുവെന്നും ഭീകരസംഘടനയായ അൽഖാഇദയെ അയാൾ സഹായിക്കുന്നുവെന്നും ആരോപിച്ച് 1,70,000 അമേരിക്കൻ ഭടന്മാരെയും പുറമെ നാറ്റോ അംഗരാജ്യങ്ങളുടെ സൈനികസംഘങ്ങളെയും ഇറാഖിലേക്ക് അയച്ചത്.

അധിനിവേശ സൈന്യം സദ്ദാമിനെയും കൂട്ടാളികളെയും പിടിച്ച് വിചാരണപ്രഹസനം നടത്തി കൊന്നു, പ്രതിഷേധിച്ച ഇറാഖികളിൽ ഒബാമയുടെ കണക്കുപ്രകാരം 60,000 പേരെയും ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോ൪ട്ട് പ്രകാരം ഒരു ലക്ഷം പേരെയും മനുഷ്യാവകാശ സംഘടനകളുടെ കണ്ടെത്തലനുസരിച്ച് ആറുലക്ഷം മുതൽ പത്തുലക്ഷം വരെ പൗരന്മാരെയും ഒമ്പതു വ൪ഷത്തിനുള്ളിൽ കൊന്നുതള്ളി. നാറ്റോ സേനയിൽ അമേരിക്കക്കു മാത്രം 4500 സൈനിക൪ നഷ്ടമായി. ചെലവായ തുകയോ? ഒരു ലക്ഷം കോടി ഡോള൪ എന്നാണ് വൈറ്റ്ഹൗസിൻെറ കണക്ക്.


ഭീമമായ ഈ ജീവഹാനിയും അനേകായിരം കോടികളുടെ നാശനഷ്ടങ്ങളും ക്ഷണിച്ചുവരുത്തിയ, ലക്ഷം കോടി ചെലവിട്ട ഈ സൈനികദൗത്യംകൊണ്ട് ഒടുവിൽ അമേരിക്ക എന്തു നേടി? സദ്ദാം ഹുസൈൻ എന്ന ഏകാധിപതിയിൽനിന്ന് ഇറാഖിനെ മോചിപ്പിച്ച് ആ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിച്ചതോ? ഈ അവകാശവാദം മുഖവിലക്കെടുത്താൽപോലും ചില്ലിക്കാശ് അമേരിക്കയുടെ ഖജനാവിൽനിന്ന് ചെലവിടാതെയും ഒരു ഭടനെപ്പോലും ബലികഴിക്കാതെയും തുനീഷ്യയിലെയും ഈജിപ്തിലെയും ജനങ്ങൾ അവരെ അടക്കിഭരിച്ച സ്വേച്ഛാധിപതികളിൽനിന്ന് മോചനം നേടിയ വ൪ത്തമാനകാല അനുഭവം മുന്നിൽവെച്ചാൽ ശുദ്ധ മണ്ടത്തമല്ളേ അമേരിക്ക കാണിച്ചത്!

ഇറാഖിൽ സമാധാനവും ജനാധിപത്യവും സഥാപിതമായി എന്ന അവകാശവാദമാകട്ടെ തീ൪ത്തും അസംബന്ധമാണുതാനും. ഏകാധിപത്യത്തിലൂടെയാണെങ്കിലും സദ്ദാം ഇറാഖിനെ ഏകീകൃതവും ശക്തവുമാക്കി നിലനി൪ത്തുന്നതിൽ വലിയ അളവോളം വിജയിച്ചിരുന്നു. ഇപ്പോഴോ? ശിയാക്കളും സുന്നികളും കു൪ദുകളും പരസ്പരം പോരടിക്കുന്ന, രക്തപ്പുഴ ഒഴുകുന്ന, അതീവ ദു൪ബല രാജ്യമായി ഇറാഖ് മാറി. അതിലുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശത്രുവായി അമേരിക്ക പ്രഖ്യാപിച്ച ഇറാൻെറ സ്വാധീനം മുമ്പെന്നത്തേക്കാളും ഇറാഖിൽ വ൪ധിച്ചു.

പ്രധാനമന്ത്രി നൂരി അൽ മാലികി ഉൾപ്പെടെയുള്ളവ൪ ഇറാനെ അവഗണിച്ച് മുന്നോട്ടുനീങ്ങാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ്. അതോടൊപ്പം ആഭ്യന്തരക്കുഴപ്പം അവസാനിക്കുകയോ സമാധാനം പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തിട്ടുമില്ല. കു൪ദിസ്താൻ മേഖല ഭരണഘടന അനുവദിച്ച സ്വയംഭരണാധികാരത്തിൻെറ മറവിൽ സ്വതന്ത്ര രാജ്യത്തെപ്പോലെയാണ് പെരുമാറുന്നത്. ഇറാഖിലെ രണ്ടു കോടി 70 ലക്ഷം ജനങ്ങളിൽ 40 ശതമാനത്തിനും ലോകപ്രസിദ്ധമായ യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളൊഴുകുന്ന നാട്ടിൽ ശുദ്ധജലം ലഭിക്കുന്നില്ളെന്നു പറഞ്ഞാൽ അമേരിക്ക നടപ്പാക്കിക്കൊണ്ടിരുന്ന ‘രാജ്യപുന൪നി൪മാണ പ്രക്രിയ’യുടെ ഫലപ്രാപ്തി ഊഹിക്കാനാവും.

2008 പകുതി ആവുമ്പോഴേക്ക്117 ബില്യൻ ഡോളറിൻെറ പുന൪നി൪മാണ പ്രവ൪ത്തനങ്ങൾ അമേരിക്ക പൂ൪ത്തീകരിച്ചതായാണ് കണക്കും! എണ്ണസമൃദ്ധിയിൽ ലോകത്തിൻെറ മുൻനിരയിലുള്ള ഇറാഖിൻെറ തലസ്ഥാനമായ ബഗ്ദാദിൽപോലും വൈദ്യുതി വിതരണം കൃത്യമോ കാര്യക്ഷമമോ അല്ളെന്നതാണ് മറ്റൊരു യാഥാ൪ഥ്യം. തൊഴിലില്ലായ്മയും പട്ടിണിയുമാവട്ടെ സാ൪വത്രികവും. അഴിമതി സകല റെക്കോഡും ഭേദിച്ച് മുന്നേറുന്നു. ഒരന്യരാജ്യത്തിൻെറ പുന൪നി൪മാണത്തിനുവേണ്ടി അമേരിക്ക എന്തിന് വലിയ ഭാരം പേറണം എന്ന് ചിന്തിക്കുന്ന ഉദ്യോഗസ്ഥപ്രമുഖരാണ് പെൻറഗണിൽ ഇരിക്കുന്നത് എന്നതും അമേരിക്കൻ പദ്ധതികൾ പാളാൻ കാരണമാണ്.


ഇപ്പോൾ അമേരിക്ക സ്വന്തം പടയെ ഇറാഖിൽനിന്ന് പിൻവലിച്ചതും ആ രാജ്യത്തിൻെറ സ്ഥിതി മെച്ചപ്പെട്ടതുകൊണ്ടോ സമാധാനം സ്ഥാപിതമായതുകൊണ്ടോ അല്ളെന്ന് വ്യക്തമാണ്. ആഭ്യന്തരമായി അമേരിക്ക നേരിടുന്ന കടുത്ത വെല്ലുവിളികളായ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും തദ്ഫലമായി പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭവും കണ്ടില്ളെന്ന് നടിക്കാൻ ബറാക് ഒബാമക്കാവില്ല. അടുത്തകാലത്ത് നടന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പിലും അദ്ദേഹത്തിൻെറ ഗ്രാഫ് കുത്തനെ താഴോട്ടാണ്. ഇങ്ങനെപോയാൽ രണ്ടാമൂഴം സ്വപ്നം കാണേണ്ടതില്ല എന്ന മുന്നറിയിപ്പ് അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു.

അതുകൊണ്ടാണ് ഭാരമേറിയ ഇറാഖി ദൗത്യം അവസാനിപ്പിക്കാനും അഫ്ഗാനിസ്താനിൽനിന്ന് കഴിയുംവേഗം തലയൂരാനും ഒബാമ തീരുമാനിക്കേണ്ടിവന്നിരിക്കുന്നത്. പുറമെ, പട൪ന്നുകയറുന്ന അറബ് വസന്തത്തിൻെറ അലയൊലികൾ ഇറാഖിനെ മാത്രം മറികടന്നുപോവും എന്ന് പ്രതീക്ഷിക്കുന്നതും ബുദ്ധിയല്ല. ചുരുക്കത്തിൽ, കഴിഞ്ഞ ദിവസം ബഗ്ദാദിൽ അമേരിക്കയുടെ ദേശീയ പതാക ഒരു ചരിത്രദൗത്യം നിറവേറ്റിയ സംതൃപ്തിയിൽ താഴ്ത്തിയതല്ല, അത് പരാജയബോധത്തിൻെറയും അപമാനഭാരത്തിൻെറയും പ്രതീകാത്മകമായ കൊടി താഴ്ത്തലാണ്. ചരിത്രം പാഠംപഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു, മനുഷ്യൻ ഒരിക്കലും പഠിക്കുന്നില്ളെങ്കിലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story