കുറവന്‍കോണത്ത് ട്രാഫിക് സിഗ്നല്‍ സംവിധാനം പരിഷ്കരിക്കുന്നു
text_fieldsപേരൂ൪ക്കട: കുറവൻകോണത്ത് ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ പ്രവ൪ത്തനവും മീഡിയനും പരിഷ്കരിക്കുന്നു. കുറവൻകോണം ജങ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ പ്രവ൪ത്തനത്തെക്കുറിച്ചും മീഡിയൻ നി൪മാണത്തിലെ അപാകതയെക്കുറിച്ചും ആരോപണങ്ങളും പരാതികളും ഉയ൪ന്നതിൻെറ അടിസ്ഥാനത്തിലാണ് പരിഷ്കരിക്കാൻ സിറ്റി ട്രാഫിക് പൊലീസ് തീരുമാനിച്ചത്.
വാഹനയാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ദുരിതം മനസ്സിലാക്കിയാണ് ട്രാഫിക് സിഗ്നലിൻെറ പ്രവ൪ത്തനം പരിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് സിറ്റി ട്രാഫിക് പൊലീസ് നോ൪ത്ത് സ൪ക്കിൾ ഇൻസ്പെക്ട൪ മുഹമ്മദ് നിയാസ് പറഞ്ഞു.
നിലവിൽ കുറവൻകോണം ജങ്ഷനിൽ സംഗമിക്കുന്ന അഞ്ച് റോഡുകളിൽനിന്നുള്ള വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന് 60 സെക്കൻറ് റിലേയുള്ള സിഗ്നൽ ലൈറ്റ് സംവിധാനമാണുള്ളത്. റോഡുകളുടെ പ്രാധാന്യവും വാഹനത്തിരക്കും കണക്കിലെടുത്ത് ഓരോ റോഡിലും നിന്നുള്ള വാഹനങ്ങൾക്കും ഒരു മിനിറ്റിനുള്ളിൽ നിശ്ചിതസമയത്തിനകം കടന്നുപോകാൻ സിഗ്നൽ നൽകുന്നതാണ് ഇപ്പോഴത്തെ സംവിധാനം.
ഒരു മിനിറ്റ് സിഗ്നൽ സംവിധാനം അഞ്ച് റോഡുകൾക്കായി വീതിച്ചുനൽകിയാലും ഓഫിസ്, സ്കൂൾ സമയത്ത് വൻ ഗതാഗതസ്തംഭനമാണ് കുറവൻകോണത്ത്. കൂടാതെ കാൽനടയാത്രക്കാ൪ക്ക് റോഡ് മുറിച്ചുകടക്കാനുള്ള അപ്രായോഗികതകൾ ഏറെയായിരുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് രണ്ട് മിനിറ്റാക്കി ഉയ൪ത്താൻ അധികൃത൪ തീരുമാനിച്ചത്.
കുറവൻകോണം ജങ്ഷനിൽ ഒത്തുചേരുന്ന അഞ്ച് റോഡുകളുടെ പ്രാധാന്യം കണക്കിലെടുത്ത് രണ്ട് മിനിറ്റ് അഞ്ചായി വീതിച്ച് സിഗ്നൽ നൽകും. ഗതാഗതത്തിരക്ക് കൂടിയ റോഡുകൾക്ക് കൂടുതൽ സമയം സിഗ്നൽ ലഭിക്കും.
ഒപ്പം ജങ്ഷനിലെ മീഡിയൻെറ വീതിയും കുറക്കും. വീതികൂട്ടി നി൪മിച്ച മീഡിയൻ വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നത് കൂടാതെ അപകട സാധ്യതയും ഉണ്ടാക്കുന്നുവെന്ന നിരീക്ഷണത്തിലാണ് പുതിയ പരിഷ്കരണം. ഏതാനും ദിവസങ്ങളായി കുറവൻകോണത്ത് നടത്തിയ നിരീക്ഷണങ്ങളുടെയും പരീക്ഷണത്തിൻെറയും അടിസ്ഥാനത്തിലാണ് പരിഷ്കാരങ്ങളെന്ന് ട്രാഫിക് പൊലീസ് വ്യക്തമാക്കി.