സ്ഫോടകവസ്തു കാണാതായ സംഭവം: അന്വേഷണം പ്രത്യേക ടീമിന്
text_fieldsകാഞ്ഞങ്ങാട്: പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ച സ്ഫോടക ശേഖരം കാണാതായ സംഭവത്തിൽ കേസന്വേഷണം പ്രത്യേക ടീമിനെ ഏൽപിച്ചു. നാ൪ക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി. തമ്പാൻെറ നിയന്ത്രണത്തിലുള്ള ആറംഗ ടീമിനെയാണ് ജില്ലാ പൊലീസ് ചീഫ് പി. ശ്രീശുകൻ കേസന്വേഷണത്തിനായി നിയമിച്ചത്. ഡിവൈ.എസ്.പി തമ്പാനെ കൂടാതെ ഹോസ്ദു൪ഗ് സി.ഐ കെ.വി. വേണുഗോപാൽ, അമ്പലത്തറ എസ്.ഐ പി. സുഭാഷ്, ഹെഡ്കോൺസ്റ്റബിൾമാരായ പ്രകാശൻ, വിജയൻ, ഉണ്ണികൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
നവംബ൪ 28നാണ് അമ്പലത്തറ പൊലീസ് പിടികൂടിയ സ്ഫോടക ശേഖരം പറക്കളായിയിലെ സൂക്ഷിപ്പ് കേന്ദ്രമായ മെഗസിനിൽനിന്ന് കാണാതായ വിവരം അറിയുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പിടിച്ചെടുത്ത സ്ഫോടക ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ആയിരത്തിനടുത്ത് ജലാറ്റിൻ സ്റ്റിക്കുകൾ, 2500ഓളം ഡിറ്റനേറ്ററുകൾ, മൂന്ന് ചാക്ക് അമോണിയം നൈട്രേറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. മാലക്കല്ല് പതിനെട്ടാംമൈലിലെ ആലൂക്കൽ എ.എ. ജോണിയുടെ ഉടമസ്ഥതയിലുള്ള പറക്കളായി പോ൪ക്കളം റോഡിലെ സൂക്ഷിപ്പ് കേന്ദ്രത്തിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പുറമ്പോക്ക് ഭൂമി കൈയേറി പണിത കെട്ടിടത്തിലാണ് ഈ സ്ഫോടക ശേഖരം സൂക്ഷിക്കാനേൽപിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഹോസ്ദു൪ഗ് സി.ഐ കെ.വി. വേണുഗോപാലായിരുന്നു ആദ്യം കേസന്വേഷിച്ചത്. എന്നാൽ, കേസന്വേഷണത്തിൽ ഒരു തുമ്പും ഉണ്ടായില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും അന്വേഷണം നടത്തിയിരുന്നു. സ്പെഷൽ ടീം കേസന്വേഷണം ഉടൻ തുടങ്ങുമെന്ന് ഡിവൈ.എസ്.പി പി. തമ്പാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
